Connect with us

Business

സമ്മര്‍ദത്തിനിടയിലും റബ്ബര്‍ വെട്ട് തുടങ്ങി; കേരോത്പന്നങ്ങളുടെ വില വര്‍ധിച്ചു

Published

|

Last Updated

കൊച്ചി: അന്താരാഷ്ട്ര റബ്ബര്‍ വിപണിയിലെ പിരിമുറുക്കത്തിനിടയില്‍ കേരളത്തില്‍ ടാപ്പിംഗിന്റെ ആരവം. കുരുമുളകിനു ഡിമാന്‍ഡ് മെച്ചെപ്പെട്ടിട്ടും വില ഉയരുന്നില്ല. നാളികേരോത്പന്നങ്ങളുടെ വില മെച്ചപ്പെട്ടു. സ്വര്‍ണ വില ഉയര്‍ന്നു.
ഏഷ്യന്‍ റബ്ബര്‍ വിപണികള്‍ സമ്മര്‍ദത്തില്‍ അമര്‍ന്നു നില്‍ക്കവേ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ വെട്ട് പുനരാരംഭിച്ചു. മഴയുടെ ആഗമനമാണ് തോട്ടങ്ങളെ ടാപ്പിംഗിനു സജ്ജമാക്കിയത്. ഈ മാസം പകുതി കഴിയുന്നതോടെ പുതിയ റബ്ബര്‍ ഷീറ്റ് വില്‍പ്പനക്ക് സജ്ജമാകും.
ഈ ചരക്ക് വിപണിയില്‍ ഇറങ്ങുന്നതിനു മുമ്പായി തങ്ങളുടെ സ്‌റ്റോക്ക് വിപണിയില്‍ ഇറക്കാന്‍ സ്‌റ്റോക്കിസ്റ്റുകള്‍ തിടുക്കം കാണിക്കുന്നുണ്ട്. വിപണിയിലേക്കുള്ള ചരക്ക് വരവ് ഉയര്‍ന്നതോടെ ടയര്‍ വ്യവസായികള്‍ റബ്ബര്‍ വില താഴ്ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ഈ അവസരത്തില്‍ വിദേശ വിപണികളില്‍ റബ്ബര്‍ വില താഴ്ന്നിറങ്ങിയത് വ്യവസായികളുടെ നീക്കം അനായാസമാക്കി. ടോക്കോം വിപണിയില്‍ റബ്ബര്‍ വില താഴ്ന്നതിന്റെ മറപറ്റി സീക്കോം, ഷാംഗ്ഹായ് വിപണികളിലും റബ്ബര്‍ വില കുറഞ്ഞു. പിന്നിട്ട വാരം കൊച്ചിയില്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് ഷീറ്റിന്റെ വില 17,100 രൂപയില്‍ നിന്ന് 16,900 രൂപയിലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 16,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യന്‍ കുരുമുളകിനു ജൂണിലും കയറ്റുമതി അന്വേഷണങ്ങള്‍ നിലവിലുണ്ട്. ഏകദേശം 1500 ടണ്ണിനുള്ള വ്യാപാരം ഉറപ്പിച്ചതായാണ് കയറ്റുമതി മേഖലയില്‍ നിന്ന് ലഭിക്കുന്ന വിവരം. മഴ ശക്തമാകും മുന്‍പ് കുരുമുളക് ശേഖരിക്കാന്‍ ആഭ്യന്തര വ്യാപാരികളും എത്തി. ഇതര ഉത്പാദക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നിരക്ക് മത്സരക്ഷമമാണ്.
അതുകൊണ്ടു തന്നെ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ കയറ്റുമതിക്കാര്‍ താത്പര്യം കാണിക്കുന്നില്ല. ഇന്ത്യ ടണ്ണിന് 6450 ഡോളറിനാണ് ചരക്ക് ഇറക്കുന്നത്. ഇന്തോനേഷ്യയും ബ്രസീലും മറ്റും ചരക്കു നല്‍കുന്നത് 6200 ഡോളറിനും അതില്‍ താഴെയുമാണ്. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റലിന് 33700 രൂപയിലും ഗാര്‍ബിള്‍ഡ് 35200 ലുമാണ് വില്‍പ്പന. ഓയില്‍ മില്ലുകാര്‍ മണ്‍സൂണ്‍കാല ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി കൊപ്ര സംഭരിച്ചത് നാളികേരോല്‍പ്പന്ന വിപണിക്ക് കരുത്ത് പകര്‍ന്നു. മഴ ശക്തമായാല്‍ കൊപ്രയുടെ ഗുണനിലവാരം ഇടിയും. അതിനു മുന്‍പ് ചരക്ക് സ്വന്തമാക്കാനുള്ള വ്യവസായികളുടെ നീക്കമാണ് വിപണിയുടെ കരുത്തു കൂട്ടിയത്. 4265 രൂപയില്‍ വിപണനം ആരംഭിച്ച കൊപ്ര 4350 ലേക്ക് കയറി. വെളിച്ചെണ്ണ ക്വിന്റലിന് 200 രൂപ ഉയര്‍ന്ന് 6200 ലാണ്.
സ്വര്‍ണ വില ഉയര്‍ന്നു. 20,080 രൂപയില്‍ മാറ്റമില്ലാതെ നിലകൊണ്ട പവന്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ 20,400 ലേക്ക് ചുവടുവെച്ച ശേഷം 20200 ല്‍ വില്‍പ്പന അവസാനിപ്പിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം 1400 ഡോളറിനു മുകളില്‍ ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. വാരാന്ത്യം ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിനു 1386 ഡോളറിലാണ്.