Kannur
കാഞ്ഞിരക്കൊല്ലി ടൂറിസം വികസനത്തിന് സമഗ്ര പാക്കേജ്: മന്ത്രി എ പി അനില്‍കുമാര്‍
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലിയില്‍ ടൂറിസത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുളള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ടൂറിസം മന്ത്രി എ പി. അനില്‍കുമാര്‍ പറഞ്ഞു.
കാഞ്ഞിരക്കൊല്ലി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം വകുപ്പിന്റെ പുതിയ 50 പദ്ധതികളില്‍ ഉള്‍പ്പെടുന്നതോടെ കാഞ്ഞിരക്കൊല്ലിയും കേരള ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുമെന്നും ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നടപ്പാത നിര്‍മ്മാണം, ടൂറിസ്റ്റുകള്‍ക്ക് സുരക്ഷാ സംവിധാനം, പാര്‍ക്കിങ്ങ് ഏരിയ എന്നിവയടക്കം 60 രക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൈതല്‍മലയെയും കാഞ്ഞിരക്കൊല്ലിയെയും ബന്ധിപ്പിക്കുന്ന യാത്രാസൗകര്യം കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഈ പ്രദേശത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മലയോര ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുമെന്നും, കാഞ്ഞിരക്കൊല്ലി വികസനത്തിനോടൊപ്പം പൈതല്‍മലയുടെ സമഗ്ര വികസനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ കണക്കിലെടുത്ത് പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മേമി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ സി പി ജോസഫ്, ബെന്നി തോമസ്, ജില്ലാ പഞ്ചായത്തംഗം കെ വി ഫിലോമിന, മറ്റു തദ്ദേശ സ്ഥാപന പ്രതിനിധികളായ കെ സതീശന്‍, സ്മിത ഞവരക്കാട്ട്, ഡി ടി പി സി മെമ്പര്‍ കെ പി ഗംഗാധരന്‍, ഫാ. ലൂയി മരിയ ദാസ്, ബേബി തോലാനി, പി പി അബ്ദുള്‍ ഖാദര്‍, ടെന്‍സണ്‍ ജോര്‍ജ്, വി പി സെബാസ്റ്റ്യന്‍, പി എം ജോണ്‍ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍ പ്രസംഗിച്ചു.