Connect with us

National

ശ്രീശാന്തിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. തിങ്കളാഴ്ച വാദം തുടരും. വാതുവെപ്പുകാരുമായി ശ്രിശാന്തിന് അടുത്ത ബന്ധമുണ്ടെന്നും അധോലോക നായകര്‍ ഉള്‍പ്പെട്ട ഒത്തുകളി സംഘത്തിന്റെ ഭാഗമാണ് ശ്രീശാന്തെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ വാദിച്ചു. ശ്രീശാന്തിനെതിരെ മക്കോക ചുമത്താന്‍ ആവശ്യമായ തെളിവുണ്ടെന്നു പോലീസ് അറിയിച്ചു.

ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. മക്കോക്ക നിയമപ്രകാരം കുറ്റം ചുമത്തിയയാളെ 90 ദിവസം വരെ ജാമ്യമില്ലാതെ കസ്റ്റഡില്‍ വയ്ക്കാന്‍ വകുപ്പുണ്ടെന്നും ആവശ്യമെങ്കില്‍ ഇത് 180 ദിവസം വരെ നീട്ടാമെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ ശ്രീശാന്തിന്റെ അഭിഭാഷകന്‍ പോലീസിന്റെ വാദങ്ങള്‍ തള്ളി. ശ്രീശാന്തിനെതിരെ മകോക്ക ചുമത്താനാകില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. ഡല്‍ഹിയിലോ മഹാരാഷ്ട്രയിലോ നടന്ന കുറ്റകൃത്യങ്ങളില്‍ മാത്രമാണ് മക്കോക്കയനുസരിച്ച് കേസെടുക്കുന്നത്. ശ്രീശാന്ത് ഒത്തുകളിച്ചതായി ആരോപിക്കുന്ന കളി മൊഹാലിയിലാണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധോലോക സംഘവുമായി ശ്രീശാന്തിനു യാതൊരു ബന്ധവുമില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് ശ്രീശാന്തിനെ പോലുള്ള താരത്തെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വാദിച്ചു.

 

---- facebook comment plugin here -----

Latest