Kozhikode
ശുദ്ധജല സമൃദ്ധമായ വികസന സങ്കല്‍പ്പത്തിന് ജല സാക്ഷരത അനിവാര്യം: ഡോ. രാജേന്ദ്രസിംഗ്

കൊയിലാണ്ടി: ശുദ്ധജല സമൃദ്ധമായ വികസന സങ്കല്‍പ്പത്തിന് സമ്പൂര്‍ണ ജല സാക്ഷരത അനിവാര്യമാണെന്നും നദീജല സംരക്ഷണ നയം രൂപവത്കരിക്കണമെന്നും മാഗ്‌സെസെ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്രസിംഗ് അഭിപ്രായപ്പെട്ടു. “ജലസഭ” ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധനത്തിനപ്പുറം മൂല്യാധിഷ്ഠിത വികസനമാണ് ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. എസ് വിജയന്‍, പി വിശ്വന്‍, കന്മന ശ്രീധരന്‍, വിജയരാഘവന്‍ ചേലിയ, രതീഷ് കാളിയാടന്‍, ശശി കോട്ടില്‍, കെ ശാന്ത, പി പി ഭാസ്‌കരന്‍ പ്രസംഗിച്ചു.
വടകര: സംസ്ഥാനത്തിന്റെ പരിസ്ഥിതിയേയും നദികളേയും സംരക്ഷിച്ചുകൊണ്ടും നാട്ടറിവുകള്‍ ഉപയോഗിച്ചുമുള്ള ജലസംരക്ഷണമാണ് കേരളത്തിന് ആവശ്യമെന്ന് മഗ്‌സെസെ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്രസിംഗ് അഭിപ്രായപ്പെട്ടു. മഹാത്മാ ദേശ സേവാ ട്രസ്റ്റ്, മടപ്പള്ളി കോളജ് നാച്വറല്‍ ക്ലബ്, വടകര ബി ഇ എം ഹൈസ്‌കൂള്‍ എക്കോക്ലബ്, പ്രകൃതി സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ജലസാക്ഷരതാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പാലിന്റെ വില കൊടുത്താല്‍ കേരളത്തില്‍ വെള്ളം ലഭിക്കുമെങ്കില്‍ നാളെ നെല്ലിന്റെ വില കൊടുത്താല്‍ പോലും വെള്ളം ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. എ മോഹന്‍കുമാര്‍, വിജയരാഘവന്‍ ചേലിയ, കെ പി ഉണ്ണി, ഗോപാലന്‍മാസ്റ്റര്‍, പി ബാലന്‍, പ്രൊഫ. പി വി അബ്ദുനൂര്‍, ഡോ. കെ പി ഹരി, എന്‍ കെ അജിത്കുമാര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ സി എച്ച് സുഭാഷ് സ്വാഗതവും കെ ഗീത നന്ദിയും പറഞ്ഞു.