Articles
അട്ടപ്പാടിയിലെ ശിശുമരണങ്ങളും വി ഐ പി സ്‌ഫോടനവും
കഴിഞ്ഞ ഏപ്രില്‍ മാസം രണ്ടാം തീയതി കേരള രാഷ്ട്രീയത്തിന്റെ കലണ്ടറില്‍ ചുവപ്പ് മഷി പുരണ്ട ദിനമാണ്. അന്നാണ് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം മൂന്ന് ആദിവാസി കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത പ്രമുഖ മലയാള ദിനപത്രം പ്രസിദ്ധീകരിച്ചത്. അന്നു മുതല്‍ ഈ ലേഖനം എഴുതുന്ന ദിവസം വരെ അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളില്‍ അട്ടപ്പാടിയുണ്ട്. ഈ സംഭവം ഏറെക്കുറെ പ്രവചിക്കപ്പെട്ടതായിരുന്നു. അഹാര്‍ഡ്‌സ് ഇല്ലാതാകുന്നതോടെ അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന് 2008ല്‍ തന്നെ അഹാര്‍ഡ്‌സ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കര്‍മസമിതി രൂപവത്കരിച്ചു. വകുപ്പ് തലവന്മാരും വിവിധ മേഖലകളിലെ വിദഗ്ധന്മാരുമായിരുന്നു അതിലെ അംഗങ്ങള്‍. അഹാര്‍ഡ്‌സിന്റെ തുടര്‍ച്ചക്കു വേണ്ടി കര്‍മസമിതി പല ശിപാര്‍കളും സര്‍ക്കാറിന് സമര്‍പ്പിച്ചു. എന്നാല്‍ ചില സന്നദ്ധ സംഘടനകളുടെയും കരാര്‍, രാഷ്ട്രീയ ലോബിയുടെയും താത്പര്യങ്ങള്‍ക്ക് മുമ്പില്‍ ഈ ശിപാര്‍ശകള്‍ ബലികഴിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ചീഫ് സെക്രട്ടറി ജയകുമാര്‍ ഐ എ എസ്സും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വി ഐ പി സ്‌ഫോടനം
അട്ടപ്പാടിയിലേക്ക് വി ഐ പികള്‍ പ്രവഹിച്ചുക്കൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. ജയലക്ഷ്മി, ശിവകുമാര്‍, മുനീര്‍ എന്നീ സംസ്ഥാന മന്ത്രിമാര്‍. കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, ശ്രീമതി ടീച്ചര്‍, വി സി കബീര്‍, ടി കെ ഹംസ, മുല്ലക്കര രത്‌നാകരന്‍, നീലലോഹിതദാസ നാടാര്‍ എന്നി മുന്‍മന്ത്രിമാര്‍, കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, വി എസ് സുനില്‍കുമാര്‍, എന്‍ എം ഷംസുദ്ദീന്‍ എന്നീ എം എല്‍ എമാര്‍, കെ പി ബിജു, രാജേഷ് എന്നീ എം പിമാര്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല, കുമ്മനം രാജശേഖരന്‍ തുടങ്ങിയ വന്‍കിട നേതാക്കന്മാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്മാര്‍……കൂടാതെ ഈ മാസം ജൂണ്‍ ആറിന് ഒരു മഹാ സ്‌ഫോടനം തന്നെ സംഭവിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി കെ ജയലക്ഷ്മി, എം കെ മുനീര്‍, എ പി അനില്‍ കുമാര്‍, കെ സി ജോസഫ് എന്നി സംസ്ഥാന മന്ത്രിമാര്‍, കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നിങ്ങനെ ഒരു മന്ത്രിപ്പട തന്നെ അന്ന്് അട്ടപ്പാടിയിലെത്തി. കൂട്ടത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ വിവിധ സംഘങ്ങളുടെ സാന്നിധ്യവുമുണ്ട്. (ഈ പട്ടിക അപൂര്‍ണമായതില്‍ ഖേദിക്കുന്നു.)
ഇവരുടെയൊന്നും ആത്മാര്‍ഥതയെ സംശയിക്കേണ്ട കാര്യമില്ല. പക്ഷേ സംഭവിച്ചത് അക്ഷരാര്‍ഥത്തില്‍ വി ഐ പി സ്‌ഫോടനമാണ്. രണ്ട് മാസത്തിനുള്ളിലാണ് ഇത്രയേറെ വി ഐ പികള്‍ ഇവിടെ ഒഴുകിയെത്തിയത്. ഒരു പ്രദേശത്തിന് ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വി ഐ പികളെ താങ്ങാന്‍ സാധിക്കില്ല. ഈ യാത്രകള്‍ യഥാര്‍ഥത്തില്‍ നിര്‍ണയിച്ചത് അവരല്ല, മാധ്യമങ്ങളാണ് എന്നതാണ് സത്യം. ചാനലുകളില്‍ നിന്നുള്ള ഒരു വിളി എപ്പോഴും നേതാക്കന്മാരെ അദൃശ്യമായി പിന്തുടരുന്നുണ്ട്. അഭിമുഖങ്ങളില്‍ ഓരോരുത്തര്‍ക്കും അട്ടപ്പാടി അനുഭവങ്ങള്‍ പങ്ക് വെക്കേണ്ടതുണ്ട്. വലിയ താരങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കേന്ദ്ര പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന്‍, കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ സന്ദര്‍ശനവും വൈകാതെ നടക്കും. ഒറ്റ നോട്ടത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവത്തെയാണ് അത് പ്രകടമാക്കുന്നത് എന്ന് പറയാം. എന്നാല്‍ അതിന്റെ ഫലം എന്താണ്? പ്രശ്‌നങ്ങളെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയെന്നതാണ്. വകുപ്പുകള്‍ക്ക് അതിന്റെ ചുമതലകള്‍ നിറവേറ്റാന്‍ സമയം കിട്ടാതെ വരുന്നു. വി ഐ പികളെ സ്വീകരിക്കലും പരിചരിക്കലും ഉദ്യോഗസ്ഥരുടെ നിത്യവൃത്തിയായി തീരുന്നു. പ്രശ്‌നപരിഹാരത്തിന് സക്രിയമാകേണ്ട വിവിധ വകുപ്പുകളുടെ അമൂല്യമായ സമയമാണ് ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്.
സെന്‍സേഷനലിസം
മാധ്യമധര്‍മത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുംവിധം സെന്‍സേഷനലിസത്തിന്റെ പ്രളയകാലത്തിന് കൂടി നാം സാക്ഷ്യം വഹിക്കുകയാണ്. അട്ടപ്പാടിയിലെ എല്ലാ മരണങ്ങളും ഇപ്പോള്‍ പോഷകാഹാരക്കുറവിലാണ് വരവ് വെക്കുന്നത്. പ്രശ്‌നം സമൂഹശ്രദ്ധയില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ ചെറുതായി കാണുന്നില്ല. എന്നാല്‍ പാമ്പ് കടിയേറ്റ് മരിച്ച ഒരു കുട്ടിയും മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ച രണ്ട് കുട്ടികളും ഇതേ പട്ടികയില്‍ തന്നെ വാര്‍ത്തയായി. മറ്റു ചില കാരണങ്ങളാല്‍, അഞ്ചാം മാസത്തില്‍ ഗര്‍ഭഛിദ്രം സംഭവിച്ച ഒരു ആദിവാസി യുവതിയെ സംബന്ധിച്ച കാര്യം പോലും പത്രവാര്‍ത്തയായത് പോഷകാഹാരക്കുറവ് മൂലം ഉണ്ടായ ശിശുമരണം എന്ന നിലയിലാണ്. പോഷകാഹാര പ്രശ്‌നം ആദിവാസികള്‍ക്കിടയില്‍ രൂക്ഷമല്ലെന്നല്ല, അതിനെ അളവറ്റ് പര്‍വതീകരിക്കുമ്പോള്‍ പരിഹാരങ്ങള്‍ യുക്തിരഹിതവും ഭാവനാരഹിതവുമായിതീരുന്നു. അട്ടപ്പാടി കേരളത്തിന്റെ സുഡാനോ എത്യോപ്പിയയോ അല്ല. മാത്രമല്ല, പ്രശ്‌നത്തിന് രാഷ്ട്രീയമാനം കൂടി കൈവരുന്നതോടെ എങ്ങനെയെങ്കിലും തടിയൂരാനുള്ള കുറുക്കുവഴികളെപ്പറ്റിയാണ് സര്‍ക്കാര്‍ ചിന്തിക്കുക. രോഗകാരണം വിശകലനം ചെയ്യുന്നതിനോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനോ പ്രാധാന്യം ലഭിക്കാതാകും. ഊന്നല്‍ താത്കാലിക ശമനമാര്‍ഗങ്ങളില്‍ മാത്രമാകും. പരിഹാരങ്ങള്‍ ഇരുമ്പ്ഗുളികകളിലൊതുങ്ങും. 95 ശതനാനം ഇരുമ്പ് അടങ്ങിയ റാഗി കൃഷിയെ സംബന്ധിച്ച ചര്‍ച്ചകള്‍ വഴിയില്‍ നിന്നുപോകും.
ലക്ഷണ ചികില്‍സ
സര്‍ക്കാര്‍ കൈക്കൊണ്ട പ്രധാന നടപടികളില്‍ ചിലത് പരിശോധിച്ച് നോക്കുക. അട്ടപ്പാടിക്കു വേണ്ടി ആരോഗ്യ വകുപ്പില്‍ 75 തസ്തികകള്‍ ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചു കഴിഞ്ഞു. അട്ടപ്പാടിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേകഅലവന്‍സായി പ്രതിമാസം 20, 000 രൂപ അധികം നല്‍കാന്‍ തീരുമാനിച്ചു. മറ്റെല്ലാ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനവും അധികം നല്‍കും. (അവയെല്ലാം അര്‍ഹിക്കുന്നത് തന്നെ) ഏപ്രില്‍ മാസം 28ന് തിരുവനന്തപുരത്ത് അട്ടപ്പാടി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 23 നടപടികളെ സംബന്ധിച്ച് സൂചിപ്പിക്കുന്നുണ്ട്. അതില്‍ 14 നടപടികളും ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യവികസനവും ഇടപെടലുകളുമായി ബന്ധപ്പെട്ടതാണ്. അഞ്ച് നടപടികള്‍ റേഷനിംഗുമായി ബന്ധപ്പെട്ടതും. ഇവയില്‍ എടുത്ത് പറയാവുന്ന ഒരേ ഒരു നടപടി റാഗി(മുത്താറി)യുടെ വിതരണമാണ്. തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് ശേഷിച്ച നാല് തീരുമാനങ്ങളില്‍ പ്രസക്തം. വനാവകാശ നിയമം, ആദിവാസി ഭൂവികസനം, കുത്തക,ഭോഗ്യം എന്നിവ വഴി അന്യാധീനമായി കിടക്കുന്ന ആദിവാസി ഭൂമികള്‍ തിരിച്ചു പിടിക്കല്‍, ആദിവാസികളുടെ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കല്‍, ആദിവാസികള്‍ക്ക് താങ്ങും തണലുമായി നിന്ന അഹാര്‍ഡ്‌സിന്റെ തുടര്‍ച്ച തുടങ്ങിയ ദീര്‍ഘകാല നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ മൗനത്തിലാണ്..
ആരോഗ്യ പ്രശ്‌നമോ
സാമൂഹിക പ്രശ്‌നമോ?
ഈ വര്‍ഷം അതായത് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 28 കുട്ടികളാണ് ഇവിടെ മരിച്ചത്. യൂനിസെഫിന്റെ പഠനമനുസരിച്ച് അതില്‍ 18 കുട്ടികളുടെ മരണം പോഷകാഹാരക്കുറവ് മൂലമാണ്. ഈ സംഖ്യ തന്നെ മലയാളികളുടെ ഉറക്കം കെടുത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം ഐ സി ഡി എസ്സിന്റെ കണക്കനുസരിച്ച് പോഷകാഹാരക്കുറവ് മൂലം മരിച്ച കുട്ടികള്‍ 15 ആണ്. 2010-11 ല്‍ 18 ഉം 2009-10ല്‍ 22ഉം 2008-09ല്‍ 19ഉം കുട്ടികള്‍ മരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഈ ആണ്ടിലേതെന്ന് മേല്‍ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
പോഷകാഹാര ദാരിദ്ര്യവും ശൈശവ മരണങ്ങളും ഇത്രമേല്‍ വര്‍ധിക്കാനിടയായ സാഹചര്യം എന്താണ്? അട്ടപ്പാടി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ഏപ്രില്‍ മാസം അഞ്ചാം തീയതി ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യമായും ആരോഗ്യ വകുപ്പിന്റേയും സാമൂഹികക്ഷേമവകുപ്പിന്റേയും വീഴ്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിലയിരുത്തിയാല്‍ 2012 വരെ അവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും സമ്മതിക്കേണ്ടി വരും. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ ഈ വകുപ്പുകളുടെ ഔദ്യോഗിക സംവിധാനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചതായി കാണുന്നില്ല.
വര്‍ഷങ്ങളായി അട്ടപ്പാടിയില്‍ ഉണ്ടായിരുന്നത് മൂന്ന് പി എച്ച് സികള്‍, ഒരു സി എച്ച് സി, നൂറ് കിടക്കകളുള്ള കോട്ടത്തറ ആദിവാസി ആശുപത്രി എന്നീ ആരോഗ്യ കേന്ദ്രങ്ങളാണ്. കൂടാതെ 28 സബ് സെന്ററുകളും മൂന്ന് മൊബൈല്‍ ആശുപത്രികളുമുണ്ട്. ഇവയിലെല്ലാമായി 20 ഡോക്ടര്‍മാരുടെ തസ്തികയുമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഒരു കാലത്തും നിറയാറില്ല. 14 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 28 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറന്മാര്‍, 28 പബഌക് ഹെല്‍ത്ത് നെഴ്‌സുമാര്‍ എന്നീ ജീവനക്കാരും ഇതിന്റെ ഭാഗമായുണ്ട്. ഇവ കൂടാതെ സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിലായി 172 അങ്കണവാടികളുണ്ട്. കൂടാതെ, ഐ ടി ഡി പിയുടെ കീഴില്‍ 135 എസ് ടി പ്രൊമോട്ടര്‍മാരും ജോലി ചെയ്യുന്നുണ്ട്. ഇത്രയും വിപുലമായ സംവിധാനം ഉണ്ടായിട്ടും ഈ പ്രതിസന്ധികള്‍ യഥാസമയം കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല. അതിനര്‍ഥം വര്‍ഷങ്ങളായി അത്തരം ജാഗ്രത ഈ വകുപ്പുകള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. (ഡോക്ടര്‍ പ്രഭുദാസിന്റെ സജീവ സാന്നിധ്യം വിസ്മരിക്കുന്നില്ല.) അതായത് ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു വരുന്നതിന് അനുസരിച്ചാണ് ആരോഗ്യ നിലവാരവും മെച്ചപ്പെട്ട് വന്നിരുന്നത്. ആദിവാസി ജനസംഖ്യ വര്‍ധനവ് പരിശോധിച്ചാല്‍ ഈ കാര്യം കുറച്ചുകൂടി വ്യക്തമാകും. 1991ല്‍ ആദിവാസി ജനസംഖ്യ ഏകദേശം 24,000ത്തോളമായിരുന്നു. 2001ല്‍ അത് 27,000ത്തോളമായി. 2011ല്‍ അത് ഏകദേശം 30.000 ആയിത്തീര്‍ന്നു. അതായത് പ്രതിവര്‍ഷം ഏകദേശം 300 ഓളം കുട്ടികള്‍ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. 300 ഗര്‍ഭിണികളുടെ (മരിച്ചവരെ ഒഴിവാക്കിയിരിക്കുന്നു.) കാര്യം നോക്കാന്‍ ഇപ്പോഴുള്ള സംവിധാനത്തിന് സാധിക്കില്ല എന്ന് പറയാനാകുമോ? എന്നാല്‍ അവ ഫലപ്രദമായി പ്രവര്‍ത്തിച്ചോ ഇല്ലയോ എന്ന ചോദ്യം തത്കാലം മാറ്റിവെക്കുക. അപ്പോള്‍ വേറെ ചില സത്യങ്ങള്‍ തെളിഞ്ഞു കാണാം. അതായത് ആദിവാസികള്‍ക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ പറ്റുന്ന നിലയില്‍ ഒരു സുപ്രധാന വികസന ഘടകം പ്രവര്‍ത്തനക്ഷമമായിരുന്നു എന്നതാണ്. 2000 മുതല്‍ 2012 വരെ അട്ടപ്പാടിയില്‍ സജീവസാന്നിധ്യമായിരുന്ന അഹാര്‍ഡ്‌സായിരുന്നു അത്. അഹാര്‍ഡ്‌സിന്റെ ജനകീയ സമിതികളിലെ ഭാരവാഹികളില്‍ 60 ശതമാനത്തിലേറേയും സ്ത്രീകളായിരുന്നു. അതുപോലെ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും ഭൂരിപക്ഷം സ്ത്രീകളായിരുന്നു. സ്ത്രീകള്‍ക്ക് കിട്ടുന്ന വരുമാനം നേരിട്ട് വീട്ടിലെത്തിയിരുന്നു. അത് അവരുടെ ജീവിതനിലവാരത്തെ ഗുണപരമായി മെച്ചപ്പെടുത്തുകയും ചെയ്തു. മദ്യപാനം മൂലം പുരുഷസമ്പാദ്യങ്ങള്‍ അധികവും വീട്ടിലെത്താറില്ല. ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളുമായി ചേര്‍ന്ന് ജനകീയ സമിതികള്‍ നടത്തിയ വ്യാപകമായ റെയ്ഡുകളും ബോധവത്കരണങ്ങളും അക്കാലത്ത് ചില നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. അന്നും വ്യാജ വാറ്റ് തടയാന്‍ അതുകൊണ്ട് സാധിച്ചിട്ടില്ല, പക്ഷേ കുറക്കാന്‍ സാധിച്ചിരുന്നു.
ഊരുകളില്‍ ഉണ്ടായ തൊഴിലവസരങ്ങളേക്കാള്‍ പ്രധാനമായിരുന്നു ഊരുവികസനസമിതിയുടെയും സംയുക്തവനപരിപാലനസമിതിയുടെയും അഹാര്‍ഡ്‌സിന്റെയും മേല്‍നോട്ടം. എല്ലാവിധ സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെടാന്‍ സാധിച്ചിരുന്നു. ജനകീയ സമിതികളുടെ കൈവശം ലക്ഷക്കണക്കിന് രൂപ ലാഭവിഹിതമായി ഉണ്ടായിരുന്നതുകൊണ്ട് പണത്തിനും പഞ്ഞമുണ്ടായിരുന്നില്ല. ഈ യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ. ഇങ്ങനെ വരുമാനവര്‍ധനവും ജനകീയസംവിധാനത്തിന്റെ ശക്തിയുംകൊണ്ട് ഊര്തലത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു.
(അവസാനിക്കുന്നില്ല)