Kerala
തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ സി എ ജി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന ചെലവിന്റെ 14 ശതമാനം മാത്രമാണ് ഉത്പാദന മേഖലയില്‍ ചെലവിട്ടതെന്ന് സി എ ജി റിപ്പോര്‍ട്ട്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇന്നലെ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതിലും പരാജയപ്പെട്ടു. വികസന പദ്ധതികള്‍ക്ക് താഴെത്തട്ടിലുള്ള ജനങ്ങളുടെ പിന്തുണ നേടാനുതകുന്ന കരട് വികസന പദ്ധതി തയ്യാറാക്കുന്നതിലും പരാജയപ്പെട്ടു. ജില്ലാതല പദ്ധതി സംസ്ഥാന പദ്ധതിയുമായി ഏകോപിപ്പിക്കാന്‍ സര്‍ക്കാറിലേക്ക് അയക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റിയില്ല. സംയോജിത ജില്ലാ വികസന പദ്ധതി ഇല്ലാതിരുന്നതിനാല്‍ സംസ്ഥാന പദ്ധതിക്ക് താഴെത്തട്ടിലുള്ള പൊതുജന പിന്തുണ നേടാനായില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ സാധനച്ചെലവ് വഹിക്കാന്‍ സംസ്ഥാനം കാണിച്ച വിമുഖത സ്ഥിരമായ ആസ്തികള്‍ സൃഷ്ടിക്കാതിരിക്കാന്‍ കാരണമായി. ഇതുകാരണം തിരഞ്ഞെടുത്ത പല ജോലികളും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല കാടുവെട്ട്, പുല്ലുചെത്തല്‍ തുടങ്ങിയവ മാത്രമായി തൊഴിലുറപ്പ് പദ്ധതി ഒതുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
തൊഴില്‍ തേടുന്നയാള്‍ ആവശ്യപ്പെടുമ്പോള്‍ തൊഴില്‍ നല്‍കാത്തതിനാല്‍ പദ്ധതിയുടെ ലക്ഷ്യം സഫലമായില്ല. മാത്രമല്ല പദ്ധതിയുടെ ഗുണങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തി ജോലികള്‍ കണ്ടെത്തുന്നതിലും ശിപാര്‍ശ ചെയ്യുന്നതിനും വേണ്ടി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നതിലും ലേബര്‍ ബജറ്റും വാര്‍ഷിക പദ്ധതികളും ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ബ്ലോക്ക്തലത്തിലേക്ക് അയക്കുന്നതിലും കാലതാമസമുണ്ടായി. മുമ്പ് തൊഴില്‍ നല്‍കിയ 14.16 ലക്ഷം കുടുംബങ്ങളില്‍ 1.24 ലക്ഷം കുടുംബങ്ങള്‍ക്ക് (8.76 ശതമാനം) മാത്രമേ ഈ വര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുള്ളു. പദ്ധതിക്കായി മസ്റ്റര്‍ റോളുകള്‍ ശരിയായി സൂക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടില്‍ 11.94 ശതമാനം മാത്രമാണ് ചെലവിട്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ലഭിച്ച 1911.38 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ദാരിദ്ര്യനിര്‍മാര്‍ജന യൂനിറ്റുകള്‍, സുസ്ഥിര നഗരവികസന പദ്ധതി എന്നിവിടങ്ങളില്‍ ചെലവാകാതെ അവശേഷിച്ചു. 2009-10ല്‍ വികസന ഫണ്ടും പരിപാലന ഫണ്ടും ചെലവിട്ടതിലെ കുറവ് കണക്കിലെടുത്ത് തൊട്ടടുത്ത വര്‍ഷം ഈ ഫണ്ടുകളില്‍ നിന്നും 273 കോടി വെട്ടിക്കുറച്ചു. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ശമ്പളമുള്‍പ്പെടെയുള്ള സ്ഥാപനച്ചെലവുകളില്‍ വന്‍ വര്‍ധന ഉണ്ടായി. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിന്റെ പ്രതിമാസ പുരോഗതി ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയോ പ്രതിമാസ കണക്കുകള്‍ സൂക്ഷിക്കുകയോ ചെയ്തില്ലെന്ന് സി എ ജി കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രാഥമിക സാമ്പത്തിക രേഖകള്‍ ന്യൂനതയുള്ളവയായിരുന്നു.
സമ്പൂര്‍ണ ശുചിത്വ പരിപാടിയില്‍ 14 ജില്ലകള്‍ക്കായി മാറ്റിവെക്കപ്പെട്ട 15.90 കോടി രൂപയില്‍ 5.54 കോടി മാത്രമാണ് വിനിയോഗിക്കപ്പെട്ടത്. കൊച്ചി കോര്‍പറേഷന്‍ കൊതുകുനിവാരണത്തിനായി ഉപ്പുവെള്ളം തളിച്ചു എന്ന പേരില്‍ 69.92 ലക്ഷം രൂപ ചെലവിട്ടു എന്നത് വിശ്വസനീയമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.