Connect with us

Articles

മത്സ്യബന്ധനത്തിന്റെ ചിറകരിഞ്ഞ് സീപ്ലെയിന്‍ പറക്കുമ്പോള്‍

Published

|

Last Updated

രാസ മലിനീകരണം, ജൈവ മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, കായല്‍തീര കൈയേറ്റം, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ തള്ളല്‍, ഹൗസ് ബോട്ടുകള്‍ വിസര്‍ജിക്കുന്ന കക്കൂസ് മാലിന്യം തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ കേരളത്തിലെ കായലുകള്‍ മരണശയ്യയിലാണ്. കായല്‍ അടിത്തട്ടില്‍ പ്ലാസ്റ്റിക് ഊറിയടിഞ്ഞിരിക്കുന്നു. അടിത്തട്ടിലെ ജലജീവികളുടെ പ്രജനനം നിലച്ച മട്ടാണ്. കായലുകളില്‍ രൂക്ഷമായ മലിനീകരണം മൂലം നിരോക്‌സീകരണ (ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയല്‍)അവസ്ഥയിലായിരിക്കുന്നു. കായല്‍ തീരങ്ങളില്‍ പണിതുയര്‍ത്തിയ വാട്ടര്‍ ഫ്രണ്ടേജ് ബഹുനില കെട്ടിടങ്ങള്‍ക്ക് പൈലടിച്ചപ്പോള്‍ പുറത്തുവന്ന ചളി മുഴുവന്‍ കായലില്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ കായലുകളുടെ ആഴം ഗണ്യമായി കുറഞ്ഞിരിക്കയാണ്. ശരാശരി മൂന്നര മീറ്റര്‍ ആഴമുണ്ടായിരുന്ന കായല്‍ പല സ്ഥലങ്ങളിലും ഒരു മീറ്ററിന് താഴെ മാത്രമായി ചുരുങ്ങി. 1912ല്‍ 315 ചതുരശ്ര കിലോ മീറ്റര്‍ ഉപരിതല വിസ്തീര്‍ണമുണ്ടായിരുന്ന വേമ്പനാട്ടു കായല്‍ 2003ല്‍ 115 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. വേമ്പനാട്ടുകായലിന്റെ ഭാഗമായ കൊച്ചി കായലില്‍ 1986ല്‍ പ്രതിവര്‍ഷം 1500 മുതല്‍ 2000 വരെ ടണ്‍ ചെമ്മീനും കൊഞ്ചും 25,000 ടണ്‍ മത്സ്യവും 10,000 ടണ്‍ കക്കയും ആയിരക്കണിന് ടണ്‍ ഞണ്ടും ലഭിച്ചിരുന്നതാണ്. ഇന്ന് ഇതെല്ലാം വെറും ഓര്‍മകളായി മാറിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് കൂനിമേല്‍ കുരു എന്ന തരത്തില്‍ പുന്നമടക്കായല്‍, വേമ്പനാട്ട് കായല്‍, അഷ്ടമുടിക്കായല്‍ എന്നിവയെ ബന്ധിപ്പിച്ച് സീപ്ലെയിന്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതിനായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ ടി ഐ എല്‍) പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ ലിമിറ്റഡിനെ കൊണ്ട് ഡി പി ആര്‍ തയ്യാറാക്കി. വിജയസാധ്യത വിലയിരുത്തി വിജയമായിരിക്കുമെന്ന് കണക്കാക്കിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ 50 ലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരുന്ന ഏതൊരു പദ്ധതിക്കും പരിസ്ഥിതി ആഘാതപഠനവും പബ്ലിക് ഹിയറിംഗും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ ഐ എ നിയമ പ്രകാരം അനിവാര്യമാണെന്നിരിക്കെ കേരള സര്‍ക്കാര്‍ അതിന് തുനിഞ്ഞില്ല. പവന്‍ ഹാന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വിനോദ സഞ്ചാരത്തെക്കുറിച്ചും ജല വിമാനത്തെക്കുറിച്ചും സ്ഥാവര ജംഗമ വസ്തുക്കളെ കുറിച്ചും പ്രതിപാദിച്ചതല്ലാതെ, കായല്‍ ആവാസ വ്യവസ്ഥയെക്കുറിച്ചോ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെക്കുറിച്ചോ ജീവിതമാര്‍ഗത്തെക്കുറിച്ചോ കായലുമായി അവരുടെ ബന്ധത്തെക്കുറിച്ചോ തീരദേശ സംരക്ഷണ നിയമത്തെക്കുറിച്ചോ ദേശാടന പക്ഷികള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ പദ്ധതി വന്നാല്‍ കായല്‍ ജൈവമേഖലക്കും നിലവിലെ നിയമങ്ങള്‍ക്കും സംഭവിച്ചേക്കാവുന്ന വിഘ്‌നങ്ങളെക്കുറിച്ചോ ഒന്നും പഠിക്കുകയോ പ്രതിപാദിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഡി പി ആര്‍, സീ പ്ലെയിന്‍ കമ്പനിക്ക് വേണ്ടിയുള്ളത് മാത്രമായി മാറി.

SEAPLANE10 കോടിയിലേറെ രൂപ കേരള സര്‍ക്കാര്‍ ജലവിമാന രംഗത്ത് മുതല്‍ മുടക്കുന്നുണ്ട്. കെ ടി ഐ എല്‍ ആയിരിക്കും നോഡല്‍ ഏജന്‍സി. ആറ് ഓപ്പറേറ്റേഴ്‌സ് ഇതിനകം ജലവിമാനം പറത്താന്‍ അനുവാദത്തിനായി സര്‍ക്കാറിനെ സമീപിച്ചുകഴിഞ്ഞു. കൈരളി ജലവിമാനക്കമ്പനി ആദ്യമായി ഉദ്ഘാടന സര്‍വീസ് നടത്തിക്കഴിഞ്ഞു. കെ ടി ഐ എല്‍ അഞ്ച് ജലവിമാനത്താവളങ്ങള്‍ വിവിധ കാലയളവിലായി നിര്‍മിക്കും. എന്നിരുന്നാലും കരയിലെ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമായിരിക്കും ഇന്ധനം നിറക്കാന്‍ സംവിധാനമുണ്ടാകുക. യാതൊരു തരത്തിലുള്ള ജലം, വായു മലിനീകരണവും ജലവിമാനം ഉണ്ടാക്കുകയില്ലെന്നാണ് കെ ടി ഐ എല്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ശ്രീലങ്കയിലെ നെഗംബോ തടാകത്തിലെ ജലവിമാന സര്‍വീസിനെതിരെ നടത്തിവരുന്ന സമരം താത്കാലികമായി വിജയിച്ചിരിക്കയാണ്. അവിടുത്തെ ജലവിമാന പദ്ധതി 10,000 കുടുംബങ്ങളെയും 3500 മത്സ്യത്തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്നതായി സമര നേതാക്കള്‍ പറയുന്നു. 35 ഗ്രാമങ്ങളിലെ ജനങ്ങളും പദ്ധതിയെ ശക്തമായി എതിര്‍ത്തു. 2015നു മുമ്പ് 25 ലക്ഷം പേര്‍ക്ക് സുഖവാസ സൗകര്യങ്ങളാണ് സീപ്ലൈയിന്‍ പദ്ധതി വഴി ശ്രീലങ്കന്‍ ഏവിയേഷന്‍ മന്ത്രാലയം വിഭാവനം ചെയ്യുന്നത്. ഇത് തീരദേശവാസികളുടെ “കഞ്ഞികുടി മുട്ടിക്കു”മെന്നാണ് സമരക്കാരുടെ വാദം. ശ്രീലങ്ക വിനോദനസഞ്ചാരത്തിനായി കോടികളുടെ മുതല്‍മുടക്കാണ് നടത്തിവരുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. പാവപ്പെട്ടവര്‍ കൊടിയ ദാരിദ്ര്യത്തിലേക്കും വേശ്യാവൃത്തിയിലേക്കും നീങ്ങുന്നു. കേരളത്തിലെ സീപ്ലൈയിന്‍ പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് അവശ്യം വേണ്ട തയ്യാറെടുപ്പുകളോ പഠനങ്ങളോ പരിസ്ഥിതി ക്ലിയറന്‍സുകളോ ഒന്നും നടത്തിയിട്ടില്ല. പരിസ്ഥിതി ആഘാത പഠനവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരവും ജനങ്ങളുടെ ബോധവത്കരണവും ഒന്നും നടന്നിട്ടില്ല. ഒരു കൂട്ടം ആളുകള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിത സാഹചര്യങ്ങളും നഷ്ടപ്പെടുത്തി പണം കൊയ്യാനുള്ള സൗകര്യം തീര്‍ക്കുകയാണ് ജലവിമാന പദ്ധിതി വഴി നടപ്പാകുക. കിലോമീറ്ററുകളോളം വിസ്തീര്‍ണത്തില്‍ ജലസ്രോതസ്സുകളുടെ ചുറ്റുപാടും മത്സ്യബന്ധനം കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. കായലുകളില്‍ രാവിലെ മുതല്‍ രാത്രി വരെയുള്ള സമയങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരദേശ മേഖലകളിലും ദ്വീപ് മേഖലകളിലും മത്സ്യത്തൊഴിലാളികള്‍ക്കും പ്രാദേശിക സമൂഹത്തിനും പ്രാമുഖ്യമുണ്ടെന്ന തരത്തിലുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ നിലവിലുണ്ട്. 2011ലെ വിജ്ഞാപനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശത്ത് ജീവസന്ധാരണത്തിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്ന നിബന്ധന നിലനില്‍ക്കുമ്പോഴാണ്. നിയമലംഘനങ്ങളിലൂടെ ജലവിമാന സര്‍വീസ് തുടങ്ങിവെച്ചിരിക്കുന്നത്. തീരദേശ മേഖലയില്‍ താമസിക്കുന്ന (കായല്‍, കടല്‍ തീരങ്ങള്‍) മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു പ്രാദേശിക സമൂഹങ്ങള്‍ക്കും സുരക്ഷിതമായ ജീവിത മാര്‍ഗം ഉറപ്പാക്കുക, തീരദേശം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക, ശാസ്ത്രീയവും സുസ്ഥിരവുമായ വികസനം മാത്രമേ തീരദേശങ്ങളില്‍ നടത്താന്‍ പാടുള്ളൂ എന്നീ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2011ന്റെ ലക്ഷ്യങ്ങളാണ് സീ പ്ലൈയിന്‍ പദ്ധതി വഴി അട്ടിമറിക്കപ്പെടുന്നത്.
ജലവിമാനം പറത്തല്‍ മത്സ്യങ്ങളുടെ കൂട്ടപലായനത്തിനും ജലജീവികളുടെ പ്രജനന തടസ്സത്തിനും ജല ജീവികളുടെ വളര്‍ച്ചാ വ്യതിയാനങ്ങള്‍ക്കും ഇടയാക്കും. മാത്രമല്ല, ചെമ്മീന്‍, കക്കകള്‍, ഞണ്ടുകള്‍ എന്നിവയുടെ ലഭ്യത കുറക്കുന്നതിനും കാരണമാകും. ദേശാടന പക്ഷികളുടെ വരവ് നിലക്കും. പക്ഷികളുടെ നാശത്തിന് നിമിത്തമാകും. എന്നാല്‍ ഇവയെക്കുറിച്ചൊന്നും ഒരു പഠനവും ആധികാരികമായി നടന്നിട്ടില്ല.
പരിസ്ഥിതി ആഘാത പഠനം നടത്തി അതിന്റെ വെളിച്ചത്തില്‍ നടത്തേണ്ട പരിഹാര നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളാണ് അടയാന്‍ പോകുന്നത്.

പണക്കാരന് വേണ്ടി വിനോദസഞ്ചാരം കളിക്കാന്‍ കോടികള്‍ മുതല്‍മുടക്കി പച്ചപ്പരവതാനി വിരിക്കുന്ന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങള്‍ക്ക് മുള്ള് നിറഞ്ഞ വഴികളാണ് ഒരുക്കുന്നത്. ജലവിമാനവും ജലഡ്രോമുകളും അനുബന്ധ സൗകര്യങ്ങളും ഏതാനും പേര്‍ക്ക് വേണ്ടിയാണെങ്കിലും ജീവസന്ധാരണത്തിന് അവസരം നഷ്ടപ്പെടുന്നത് അനേകായിരങ്ങള്‍ക്കാണ്. സമ്പന്നനെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയം നീതീകരിക്കാന്‍ പറ്റാത്തതാണ്. സീപ്ലെയിന്‍ ഉയരുമ്പോഴും താഴുമ്പോഴും കിലോമീറ്ററുകള്‍ ചുറ്റളവില്‍ ജലത്തിന് ക്രമാതീതമായ മര്‍ദം ഏല്‍ക്കേണ്ടതായി വരും. ഇത് വഴി രൂപപ്പെടുന്ന ഓളങ്ങളുടെ തരംഗങ്ങള്‍ മത്സ്യ പ്രജനനത്തെ തകിടം മറിക്കുകയും പുന്നമടക്കായലിലെയും അഷ്ടമുടിക്കായലിലെയും മത്സ്യങ്ങള്‍ കടലിലേക്കോ മറ്റു പ്രദേശങ്ങളിലേക്കോ നീങ്ങുകയും ചെയ്യും. ഇത് ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ പ്രതിദിന വരുമാനത്തെയാണ് പ്രതികൂലമായി ബാധിക്കുക. കായല്‍ ആവാസ വ്യവസ്ഥയിലെ പ്രത്യേക പ്രാദേശിക പ്രശ്‌നം ജലജീവികളുടെ ചലനങ്ങളെയും പ്രജനനത്തെയും ഇര പിടിക്കലിനെയും സഞ്ചാരപഥത്തെയും മറ്റും ദോഷകരമായി ബാധിക്കും എന്ന് ഉറപ്പാണ്. ജലവിമാനത്തിന്റെ സഞ്ചാരപഥവും ശബ്ദവും മറ്റും ദേശാടനപ്പക്ഷികളുടെ സഞ്ചാരപഥത്തെ മാറ്റി മറിക്കും.

bidrsആയിരക്കണക്കിന് കിലോ മീറ്റര്‍ ദൂരം താണ്ടി കേരളത്തിലെ കായല്‍ തീരത്തെത്തുന്ന കണ്ടല്‍ കാടുകളിലെ ദേശാടന പക്ഷികളുടെ കൂടുണ്ടാക്കലിനെയും ഇര പിടിത്തത്തെയും സൈ്വര ജീവിതത്തെയും ഭക്ഷ്യ ലഭ്യതയെയും വിമാന സര്‍വീസ് പ്രതികൂലമായി ബാധിക്കും. സള്‍ഫറസ്, ഫോസ്ഫറസ്, കാല്‍സ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ തുടങ്ങിയ ദ്രവ്യങ്ങളുടെ സ്വാഭാവിക ചംക്രമണം നടത്തുന്നത് കൂടുതലായും പക്ഷികളാണ്. പക്ഷികള്‍ കൂട്ടത്തോടെ കായല്‍ ആവാസ വ്യവസ്ഥയില്‍ നിന്ന് പിന്മാറുമ്പോള്‍ ഇത് ദ്രവ്യ ചംക്രമണത്തെ സാരമായി ബാധിക്കും. പ്ലവക സസ്യങ്ങള്‍ക്കും പ്ലവക ജന്തുക്കള്‍ക്കും ജലവിമാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ചാല്‍ മാത്രമേ മത്സ്യസമ്പത്തിന് ഇത് മൂലമുണ്ടാകുന്ന ശരിയായ ക്ഷതം കണ്ടുപടിക്കാനാകൂ. ഇതിനകം തന്നെ മലിനീകരണം മൂലം കായല്‍ ആവാസ വ്യവസ്ഥയില്‍ മൃതസ്ഥലങ്ങല്‍ രൂപപ്പെട്ടതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഓക്‌സിജന്റെ അഭാവത്താല്‍ രൂപം കൊള്ളുന്ന പ്രദേശങ്ങളാണ് നിരോക്‌സീകരണ പ്രദേശങ്ങള്‍. ഈ സ്ഥലങ്ങളില്‍ ജലജീവികള്‍ക്ക് കഴിഞ്ഞുകൂടുക അസാധ്യമാണ്. കാലക്രമേണ ഇവിടങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥലങ്ങളാകും. ഈ സാഹചര്യത്തിലാണ് ജലജീവികളെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തി കൂടുതല്‍ ജലവിമാനങ്ങളുടെയും ജലഡ്രോമുളുടെയും പ്രവൃത്തനം തുടങ്ങാന്‍ പോകുന്നത്.

തീരദേശങ്ങളുടെ തനത് സ്വഭാവത്തിന് ഭംഗം വരുത്തിയാണ് ജലവിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കായല്‍ തീരം ഇടിയുന്നതിനും ആമകള്‍, ഞണ്ടുകള്‍, കക്കകള്‍, ചെമ്മീനുകള്‍ എന്നിവയുടെ ആവാസ വ്യവസ്ഥകള്‍ക്ക് ഭീഷണിയായി തീരുന്നതിനും ഇടയാക്കും. ഇത് ജനവിരുദ്ധ നയമാണ്. തീരദേശ നിയന്ത്രണ നിയമങ്ങള്‍ക്ക് പുറമെ ജലവിമാന പദ്ധതിയുടെ പേരിലുള്ള മറ്റ് നിയന്ത്രണങ്ങളും കൂടി നടപ്പായാല്‍ മത്സ്യത്തൊഴാലാളികളുടെയും കായലോര പ്രാദേശിക സമൂഹത്തിന്റെയും തൊഴില്‍ നഷ്ടപ്പെടുന്നതിന് പുറമെ വലിയ ദുരന്തത്തിലുമാകും. ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തീരദേശ പരിസ്ഥിതി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യാന്‍ വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം നോക്കുകുത്തിയാകും. തീരദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് പ്രാദേശിക സമൂഹത്തിനും സുരക്ഷിത ജീവിത മാര്‍ഗം ഉറപ്പാക്കുമെന്ന 2011ലെ വിജ്ഞാപനത്തിലെ നിബന്ധനകളും നിലപാടുകളും വെറും പാഴ്‌വാക്കായി മാറിയിരിക്കയാണ്. പരമ്പരാഗത മത്സ്യബന്ധനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന ജലവിമാനം നാടിന് ആപത്കരമാണ്.

jcheenikkal@gmail.com

 

Latest