Connect with us

Kerala

പുനരധിവാസ പാക്കേജ് ഒരു മാസത്തിനകം

Published

|

Last Updated

തിരുവനന്തപുരം;ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്ന പുനരധിവാസ പാക്കേജിന് ഒരു മാസത്തിനകം അന്തിമ രൂപമാകുമെന്ന് പ്രവാസികാര്യ മന്ത്രി കെ സി ജോസഫ്. കുവൈത്ത് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി സഊദി മാതൃകയില്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും. ഗള്‍ഫ് മേഖലയില്‍ നിന്ന് മലയാളികളെ കൂട്ടത്തോടെ നാടുകടത്തിയിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രശ്‌നത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്വീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമാണ്. സഊദി അറേബ്യയിലെ പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സഊദിയിലെ സാഹചര്യമല്ല കുവൈത്തിലേത്. അവിടെ നിയമാനുസൃതമായ രേഖകള്‍ കൈവശമുള്ളവരെയും റെയ്ഡ് ചെയ്തു പിടിക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, ഇ അഹമ്മദ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുവൈത്ത് സന്ദര്‍ശിക്കാന്‍ മന്ത്രി കെ സി ജോസഫ് തീരുമാനിച്ചിരുന്നെങ്കിലും ഒരു മന്ത്രിതല ഇടപെടല്‍ കുവൈത്ത് സ്വാഗതം ചെയ്യുന്നില്ലെന്നു കണ്ടതിനാലാണ് മന്ത്രി അവിടെ പോകാതിരുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
കുവൈത്തില്‍ നിയമാനുസൃത വിസ കൈവശമുള്ളവരെപ്പോലും നാട്ടിലേക്കു തിരിച്ചയക്കുകയാണെന്ന് കെ സി ജോസഫ് പറഞ്ഞു. സഊദിയില്‍ ജൂലൈ മൂന്നിന് മടങ്ങിവരവ് തുടങ്ങുന്നതോടെ പ്രശ്‌നം ആരംഭിക്കും. മടക്കി അയക്കുന്നവരെ സാധാരണ ടിക്കറ്റ് നിരക്കില്‍ നാട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സഊദിയില്‍ നിന്നു മടങ്ങിവരാന്‍ 6000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. കുവൈത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനകം വന്നവരെ കേരള ഹൗസില്‍ താമസിപ്പിച്ചു. നാട്ടിലേക്ക് വരാനുള്ള ടിക്കറ്റും പോക്കറ്റ് മണിയായി 2000 രൂപ വീതവും നല്‍കുന്നുണ്ട്. കുവൈത്തില്‍ നിന്നു തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ എംബസിക്ക് നല്‍കാമെന്ന് ഇന്ത്യന്‍ അംബാസഡറുടെ ചുമതല വഹിക്കുന്ന വിധു നായര്‍ ഉറപ്പ് നല്‍കിയതായി അവിടെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചു.

മടങ്ങി വരവ് തുടരുന്നു
ന്യൂഡല്‍ഹി: കുവൈത്ത് സ്വദേശിവത്കരണത്തിന്റെ ഭാഗമായി പിടിയിലായ നാല് മലയാളികള്‍ കൂടി തിരിച്ചെത്തി. മതിയായ രേഖകള്‍ ഉള്ളവരെയാണ് ഇത്തവണയും നാട് കടത്തിയിരിക്കുന്നത്. പാലക്കാട് സ്വദേശി ബഷീര്‍, തിരുവനന്തപുരത്ത് നിന്നുള്ള ഹംസ, കൊല്ലം സ്വദേശി അരവിന്ദ്, മംഗലാപുരം സ്വദേശി താഹ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്.
18-ാം നമ്പര്‍ വിസയില്‍ ജോലി ചെയ്യുന്നവരെ തിരിച്ചയക്കുന്നില്ലെന്ന് ഇന്ത്യന്‍ എംബസി അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നലെ തിരിച്ചു വന്നവരില്‍ ഇത്തരത്തിലുള്ളവരുമുള്‍പ്പെടും. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെത്തുന്ന നാലാമത്തെ സംഘമാണിത്. റെയ്ഡില്‍ പിടികൂടിയ ഇവരെ 15 ദിവസത്തോളം ജയിലിലടച്ചതിന് ശേഷം കൈരേഖ എടുത്താണ് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest