Malappuram
പരപ്പനങ്ങാടി ടോള്‍ തീരുമാനമായില്ല; ശക്തമായ സമരം തുടരുമെന്ന്
ജനകീയ ആക്ഷന്‍ കമ്മിറ്റിപരപ്പനങ്ങാടി: അവുക്കാദര്‍കുട്ടിനഹ റെയില്‍വേ മേല്‍പാലത്തിന് ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട ഇളവുകള്‍ സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതല്‍ ടോള്‍ പിരിവ് തുടരുമെന്ന കലക്ടറുടെ പ്രഖ്യാപനവും പാഴ്‌വാക്കായി.
ടോള്‍ പിരിക്കാന്‍ ആര്‍ ബി ഡി സി അധികൃതര്‍ എത്തിയില്ല. അതിനാല്‍ പിരിവ് തുടരാനായില്ല. കഴിഞ്ഞ ദിവസം കലക്ടറുമായി വിവിധ സംഘടനകള്‍ ചര്‍ച്ച നടത്തുകയും ടോള്‍ സര്‍ക്കാര്‍ പോളിസിയായതിനാല്‍ പാടെ ഒഴിവാക്കാന്‍ നിര്‍വാഹമില്ലെന്ന് കലക്ടര്‍ കെ ബിജു അറിയിച്ചു.
എന്നാല്‍ വിവിധ സംഘടനകള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട മന്ത്രിമാരെയും അറിയിക്കാമെന്നും ചില ഇളവുകള്‍ കൂടി പ്രഖ്യാപിക്കുമെന്നും യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് 11 മണിയോടെ തീരുമാനമറിയിക്കുമെന്ന കലക്ടറുടെ അഭ്യര്‍ഥനയും നടന്നില്ല. റെയില്‍വേ മേല്‍പാലത്തിന് ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനും നടന്നുവരുന്ന സമരം തുടരാനും ജനകീയ ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.
പരപ്പനങ്ങാടി പഞ്ചായത്തുകള്‍ക്ക് ടോള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും തത്പര കക്ഷികളുടെ ഗൂഡനീക്കം കാരണം സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുകയാണ്.
സങ്കുചിത താത്പര്യം നാടിന് വേണ്ടി മാറ്റിവെച്ച് സഹകരിക്കണമെന്നും പോലീസിനെ ഉപയോഗിച്ച് പരപ്പനങ്ങാടിയെ സംഘര്‍ഷ മേഖലയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗാന്ധിയന്‍ രീതിയില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് മുഴുവന്‍ നാട്ടുകാരും അണിനിരക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രൊഫ. ഇ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.