Articles
ദൗറതുല്‍ ഖുര്‍ആനും ഖത്മുല്‍ ബുഖാരിയും
ജിബ്‌രീല്‍(അ)നെ ജബലുന്നൂറില്‍ അല്ലാഹുവിന്റെ റസൂല്‍(സ) കണ്ട രംഗം ഇമാം ബുഖാരി (റ) സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തുന്നുണ്ട്. ഏകാന്തത ഏറെ ഇഷ്ടപ്പെട്ട നബി(സ) ഹിറാ ഗുഹയെ തിരഞ്ഞെടുത്തു. അവിടെ ദിനരാത്രങ്ങള്‍ ആരാധനയിലായി മുഴുകി. ഒരിക്കല്‍ ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ടു. നബി(സ)യോട് പറഞ്ഞു: “വായിക്കുക” തന്നിലേക്ക് അണച്ചുചേര്‍ത്ത് മൂന്ന് പ്രാവശ്യം “വായിക്കുക” എന്ന് ജിബ്‌രീല്‍(അ) നിര്‍ദേശിച്ചു.
ഹിറാ ഗുഹയില്‍ വെച്ച് അവതരണം നടന്ന സമയം മുതല്‍ വിശ്വാസികളുടെ നാവുകളില്‍ ഖുര്‍ആന്‍ വചനം സദാ തത്തിക്കളിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നിടത്ത് അല്ലാഹുവിന്റെ മാലാഖമാര്‍ സന്നിഹിതരാകും. ദിവസത്തില്‍ പല തവണയായി ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതുണ്ട്.”ഖത്മുല്‍ ഖുര്‍ആന്‍ ഖുര്‍ആനിനോടുള്ള വിശ്വാസിയുടെ ബാധ്യതയാണ്. ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ഓതി തീര്‍ത്താല്‍ പരലോക ജീവിതത്തില്‍ ഖുര്‍ആന്‍ ശിപാര്‍ശകനാവുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. തന്നെയുമല്ല മരണപ്പെട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്യുന്നത് പരലോക ഗുണത്തിന് കാരണമാകും. മര്‍കസിലെ ദൗറത്തുല്‍ ഖുര്‍ആന്‍ ഇത്തരം ഒരു സുകൃത കര്‍മത്തിനു കൂടി വേദിയാണ്. ഖുര്‍ആന്‍ സമ്പൂര്‍ണ പാരായണം കഴിഞ്ഞാല്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസുകള്‍ ലോകത്തുടനീളം സംഘടിപ്പിച്ചു വരുന്നു. ഖുര്‍ആന്‍ മുപ്പത് ജുസുഉകളും പാരായണം ചെയ്താല്‍ പൂര്‍വീകര്‍ പ്രത്യേകം പ്രാര്‍ഥനാ സംഗമം നടത്തിയിരുന്നു..
സത്യവിശ്വാസികളുടെ ഇമാമായ ഖുര്‍ആന്‍ അവസാന നാളിലെ ശിപാര്‍ശകനാണ്. ഈ അനുഗ്രഹം കരസ്ഥമാക്കാന്‍ ഖുര്‍ആന്‍ പാരായണം ദിന ചര്യയാക്കാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. പ്രതി ദിനം പത്ത് മിനുറ്റെങ്കിലും ഖുര്‍ആനുമായി സഹവസിക്കുക. ഇതിന് സാമൂഹികവും ആത്മീയവുമായ ഒരു കൂട്ടായ്മയും മര്‍കസ് ഒരുക്കിയിരിക്കുന്നു.
ദൗറത്തുല്‍ ഖുര്‍ആന്‍ ഖുര്‍ആനെ സ്‌നേഹിക്കുന്ന സത്യവിശ്വാസികള്‍ക്കുള്ള ആത്മീയ മജ്‌ലിസാണ്. ഈ കൂട്ടായ്മയില്‍ അംഗത്വമെടുത്താല്‍ തീര്‍ച്ചയായും ഖുര്‍ആന്‍ ഖത്മ് ചെയ്യാന്‍ സാധിക്കും. വായിക്കുക എന്ന പ്രഥമ സന്ദേശം തന്നെ ഖുര്‍ആന്‍ പഠനത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നു. സത്യവിശ്വാസിയുടെ പ്രഭാതം തുടങ്ങുമ്പോഴും നിദ്രയെ പ്രാപിക്കുമ്പോഴും ഖുര്‍ആന്‍ വചനങ്ങളായിരിക്കണം മനസ്സില്‍ തങ്ങിനില്‍ക്കേണ്ടത്.
ഓരോ വര്‍ഷവും രണ്ട് തവണയെങ്കിലും ഖുര്‍ആന്‍ പൂര്‍ണമായി ഓതിയാല്‍ മാത്രമേ ഖുര്‍ആനോടുള്ള ബാധ്യത പൂര്‍ത്തിയാകൂ എന്ന് ഇമാം അബൂഹനീഫ (റ)യും പറയുന്നു. എന്നാല്‍ ഇമാം അഹമ്മദ് (റ) ന്റെ അഭിപ്രായം കാരണമൊന്നുമില്ലാതെ നാല്‍പത് ദിവസത്തെക്കാള്‍ കൂടുതല്‍ ഖത്മുല്‍ ഖുര്‍ആനിനു വേണ്ടി സമയം ചെലവിടല്‍ കറാഹത്താണ് എന്നാണ് (ഫത്ഹുല്‍ മുഈന്‍ 200)
തിരക്കു പിടിച്ച ജീവിത സാഹചര്യമാണെങ്കിലും ഖുര്‍ആനുമായി സഹവസിക്കാന്‍ നമുക്ക് കഴിയണം. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്നു വരുന്ന മഹത്തായൊരു ഖുര്‍ആന്‍ സദസ്സാണ്”ദൗറത്തുല്‍ ഖുര്‍ആന്‍. സാദാത്തുക്കളുടെയും പണ്ഡിതന്‍മാരുടെയും നേതൃത്വത്തില്‍ ഒരുമിച്ചുകൂടി ഖുര്‍ആന്‍ ഓതി ഖത്മ് ചെയ്യുന്ന പരിപാടിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കാളികളാകാരുണ്ട്.
നാല് മാസത്തിലൊരിക്കലാണ് ദാഇറത്തുല്‍ ഖുര്‍ആന്‍ സംഗമം. ദിവസവും അഞ്ച് പേജെങ്കിലും ഖുര്‍ആനോതുന്ന ഏതൊരാള്‍ക്കും ഇതില്‍ മെമ്പര്‍ഷിപ്പെടുക്കാം. ഈ ഗണനയില്‍ നാല് മാസം കൊണ്ടൊരു ഖത്മ് പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇങ്ങനെ പൂര്‍ത്തീകരിക്കുന്ന ആയിരക്കണക്കിന് ഖത്മുകളുടെയും പ്രസ്തുത പരിപാടിയില്‍ എല്ലാവരും ഒന്നിച്ചിരുന്ന് പൂര്‍ത്തീകരിക്കുന്ന ഖത്മുകളുടെയും പ്രാര്‍ഥന നൂറുകണക്കിന് അനാഥരുടെയും മുതഅല്ലിമുകളുടെയും സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും പ്രയാസങ്ങള്‍ ഇറക്കിവെക്കാനുമുള്ള ആത്മീയ കൂട്ടായ്മയില്‍ ഖുര്‍ആനിനെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അംഗമാകാം.
ഓരോ വര്‍ഷവും മര്‍കസില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരിക്കു പുറമെയാണ് ദൗറത്തുല്‍ ഖുര്‍ആന്‍ സംഘടിപ്പിക്കുന്നത്. പരിശുദ്ധ ഖുര്‍ആനും തിരു ഹദീസും ഒരേ നേതൃത്വത്തിനു കീഴിലും സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലും പഠിക്കാനും മനസ്സിലാക്കാനും ലഭിക്കുന്ന സുവര്‍ണ വേളയാണിത്.
ഖുര്‍ആന്റെ സേവകരാവുക എന്നതോടൊപ്പം തന്നെ തിരു സുന്നത്തിനോടൊപ്പം ജീവിക്കുക എന്ന ലക്ഷ്യമാണ് ദൗറത്തുല്‍ ഖുര്‍ആനും ഖത്മുല്‍ ബുഖാരിയും സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം. ലോക ചരിത്രത്തില്‍ തന്നെ നിസ്തുലമായ ഒരധ്യായമാണിത്. കാന്തപുരം ഉസ്താദിന്റെ സ്വഹീഹുല്‍ ബുഖാരി ഹദീസ് പഠന ക്ലാസ് പണ്ഡിത ലോകത്തു തന്നെ അത്യപൂര്‍വ ക്ലാസാണ്. ജീവിതത്തിന്റെ സിംഹ ഭാഗവും ഇല്‍മിന്റെ പ്രചരണത്തിനും അധ്യാപനത്തിനുമായി വിനിയോഗിക്കുന്ന ഉസ്താദിന്റെ ഈ അനുഗ്രഹീത ഹദീസ് ക്ലാസില്‍ ലോകത്തെ ശ്രേഷ്ഠ പണ്ഡിതന്മാരും സാദാത്തുക്കളും ആരിഫീങ്ങളും സംബന്ധിച്ചിട്ടുണ്ട്.
പരിശുദ്ധ ഖുര്‍ആനിനുശേഷം ഇസ്‌ലാമിക ലോകം പ്രാമാണികവും പരിശുദ്ധവുമായി കണക്കാക്കുന്ന തിരുവചനങ്ങളുടെ ആധികാരിക സമാഹാര ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. മധ്യേഷ്യന്‍ റിപ്പബ്ലിക്കായ ഉസ്ബക്കിസ്ഥാനിലെ ബുഖാറയില്‍ ജനിച്ച ഇമാം ബുഖാരി(റ)യാണ് സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ്. ഹിജ്‌റ 194 ശവ്വാല്‍ 13ന് വെള്ളിയാഴ്ചയാണ് ഇമാം ബുഖാരിയുടെ ജനനം. മാതാവും പിതാവും തികഞ്ഞ മതഭക്തരും ആത്മീയ ജീവിതം തിരഞ്ഞെടുത്തവരുമായിരുന്നു.
നിരന്തരം യാത്രചെയ്താണ് “ഇമാം പഠനം നടത്തിയത് പതിനാറു വര്‍ഷം കൊണ്ടാണ് സ്വഹീഹുല്‍ ബുഖാരി ഇമാം എഴുതി തീര്‍ത്തത്. ഹദീസ് നിവേദകരുടെ ജീവിത ചരിത്ര രചന നടത്തിയ ശേഷം ഹദീസ് നിവേദകരെ സവിസ്തരം നിരൂപണം ചെയ്യുന്ന വിജ്ഞാന ശാഖയായ അല്‍ ജര്‍ഹു വത്തഅ്ദീ ലില്‍ ഏറെ കാലം പഠനവും ഗവേഷണവും നടത്തിയാണ് അല്‍ ജാമിഉസ്വഹീഹ് എഴുതിയത്. ഇസ്‌ലാമിക സമൂഹത്തിന്റെ ആധികാരിക ഹദീസ് വിജ്ഞാന ഗ്രന്ഥമായ ഇതിനെ പണ്ഡിത ലോകം ആദരവോടെയാണ് ഇന്നും സമീപിക്കുന്നത്. മൂന്ന് തവണ മാറ്റിയെഴുതിയാണ് സ്വഹീഹുല്‍ ബുഖാരിയുടെ രചനയെ ഇമാം പരിശുദ്ധവും ശ്രേഷ്ടസമ്പുഷ്ടവുമാക്കിയത്.
പണ്ഡിത ലോകം ഈ വിശുദ്ധ ഹദീസ് ഗ്രന്ധത്തിന് നിസ്തുലമായ പ്രാധാന്യമാണ് കല്‍പിക്കുന്നത്.. പരിശുദ്ധിയും ആധികാരികതയും സമ്മേളിച്ച തിരുസുന്നത്തിന്റെ പൊരുളും മൊഴിയുമാണിത്. ഇത് ഓതിത്തീര്‍ക്കുമ്പോള്‍ ലോകം പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. ഖത്മുല്‍ ബുഖാരി മജ്‌ലിസുകള്‍ തയാറാക്കുന്നു.
ഇമാം ബുഖാരി(റ) യുടെ സ്വഹീഹുല്‍ ബുഖാരി എന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ അവസാന ഭാഗം പൂര്‍ത്തിയാക്കുന്ന വേദിയാണ് ഖത്മുല്‍ ബുഖാരി. എല്ലാ വര്‍ഷവും ഈ വേദി മര്‍കസ് സംഘടിപ്പിക്കാറുണ്ട്. പതിനായിരങ്ങള്‍ സംഗമിക്കുന്ന ഈ മജ്‌ലിസില്‍ പണ്ഡിതന്മാര്‍, സാദാത്തുക്കള്‍, ആരിഫീങ്ങള്‍, ഹാഫിളുകള്‍ സംബന്ധിക്കുന്നു. ജൂണ്‍ 19-20 തിയ്യതികളിലാണ് ദൗറത്തുല്‍ ഖുര്‍ആനിനും ഖത്മുല്‍ ബുഖാരി- സഖാഫി സംഗമവും മര്‍കസില്‍ നടക്കുന്നത്.