Connect with us

Articles

പനിയുടെ പഴുതില്‍ പ്രൈവറ്റ് പ്രാക്ടീസോ?

Published

|

Last Updated

medical

ഗ്രാഫിക്‌സ്: അനീസ് കെ ടി

ശു ചത്താലും മോരിലെ പുളി പോവില്ല എന്നൊരു ചൊല്ലുണ്ട്. മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍മാരുട സ്വകാര്യ പ്രാക്ടീസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ ചൊല്ലാണ് ഓര്‍മ വരുന്നത്. ഏതാണ്ട് 50 കൊല്ലം മുമ്പ് തന്നെ ഈ വിഷയം സജീവ ചര്‍ച്ചക്കു വന്നിരുന്നു. അന്നു മെഡിക്കല്‍ കോളജില്‍ പ്രൈവറ്റ് പ്രാക്ടീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഞങ്ങളെപ്പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ വലിയ പരിശ്രമങ്ങള്‍ നടന്നിരുന്നു. ചില മെഡിക്കല്‍ അസോസിയേഷനുകളില്‍ നിന്നു എന്നെ പുറത്താക്കാനുള്ള പ്രമേയങ്ങള്‍ വരെ പാസാക്കി. പക്ഷേ, അതിന് വകുപ്പില്ലാത്തതിനാല്‍ അത് നടന്നില്ല. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ ഫീസ് വാങ്ങി വീട്ടിലോ മറ്റു നഴ്‌സിംഗ് ഹോമുകളിലോ പ്രാക്ടീസ് ചെയ്താല്‍ അവര്‍ക്ക് അവരുടെ അറിവ് പുതുക്കാനോ വിദ്യാര്‍ഥികളെ വേണ്ട വിധം പഠിപ്പിക്കാനോ സമയം ലഭിക്കില്ല എന്നതായിരുന്നു ഞങ്ങളുടെ അഭിപ്രായം. അതേസമയം, ഡോക്ടര്‍മാര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനു പരിഹാരമായി അവരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നായിരുന്നു ഞങ്ങള്‍ വാദിച്ചിരുന്നത്.

ഏതായാലും “പണത്തിന്റെ മീതെ പരുന്തും പറക്കാത്ത” കാരണം, ഒരു നാല്‍പ്പത് കൊല്ലക്കാലം സ്വാകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം.
സ്വകാര്യ പ്രാക്ടീസിന്റെ “ഗുണ”ങ്ങള്‍?

പ്രൈവറ്റ് പ്രാക്ടീസ് നടപ്പാക്കേണ്ടിതിന് വേണ്ടി നിരവധി കാരണങ്ങള്‍ അതിന്റെ വക്താക്കള്‍ ഉയര്‍ത്തുകയുണ്ടായി. അവയില്‍ മുഖ്യമായത് താഴെ പറയുന്നു. അവയെ ഒന്നൊന്നായി വശകലനം ചെയ്യാം.
വാദം ഒന്ന്: ധാരാളം പരീക്ഷായോഗ്യതകള്‍ ഉള്ള മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരേക്കാള്‍ കുറച്ച് വരുമാനമേ ലഭിക്കുന്നുള്ളൂ.
മറുപടി: ഈ വാദം ഒരു അഞ്ച് കൊല്ലം മുമ്പ് വരെ ശരിയായിരുന്നു. എന്നാല്‍ ഇന്ന് മെഡിക്കല്‍ കോളജിലെ ഡോട്കര്‍മാര്‍ക്ക് ശമ്പളം ഏറ്റവും മുന്തിയ നിരക്കിലുള്ളതാണ്. മാത്രമല്ല, പെന്‍ഷന്‍ കിട്ടുന്ന ജോലിയുമാണ്. ഇതിനെല്ലാം പുറമെ, ഇപ്പോള്‍ 55 വയസ്സ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു സ്വാശ്രയ കോളജില്‍ ചേരാം. പെന്‍ഷനും ശമ്പളവും കൂടി പ്രതിവര്‍ഷം 25 ലക്ഷത്തോളം വാങ്ങാം. പണം എത്ര കിട്ടിയാലും മതി വരില്ല എന്നത് സത്യം തന്നെ. അതുകൊണ്ടാണല്ലോ പൂന്താനം പണ്ട് പാടിയത്: ഒന്നു കിട്ടുകില്‍ പത്ത് വേണമെന്നും പത്ത് കിട്ടുകില്‍ നൂറ് വേണമെന്നും നൂറ് കിട്ടുകില്‍ ആയിരം വേണമെന്നും ആയിരം കിട്ടുകില്‍ ആയതുമാകിലാശ്ചര്യമെന്നതും എന്ന്. പക്ഷേ, മണ്ടി മണ്ടിക്കരേറുന്നു മോഹം ഇന്ന് സമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
വാദം രണ്ട്: പ്രഗത്ഭരായ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ ലഭിക്കാത്ത രോഗികള്‍ക്ക് നല്ല ഡോക്ടര്‍മാരെ കാണമെങ്കില്‍ വീട്ടില്‍ പോയി കണ്ടേ പറ്റൂ.
മറുപടി: ഇന്ന് ഓരോ ജില്ലയിലും (മൂന്ന് ജില്ല ഒഴികെ) രണ്ടോ മൂന്നോ മെഡിക്കല്‍ കോളജുകള്‍ ഉണ്ട്. അതേ പോലെ, മിക്ക നഗരങ്ങളിലും 500ഉം അതിലധികവും കിടക്കകളും സര്‍വ ഉപകരണങ്ങളും സജ്ജീകരണങ്ങളുമുള്ള സ്വകാര്യ ആശുപത്രികളുണ്ട്. കോഴിക്കോട്ട് ഇത്തരം 15 സ്ഥാപനങ്ങളെങ്കിലുമുണ്ട്. (ഉദാഹരണം: ബേബി മെമ്മോറിയല്‍, മിംസ്, നാഷനല്‍, പി വി എസ്, ഇഖ്‌റ, ഫാത്തിമ, മലബാര്‍….). അഞ്ച് ആധുനിക കണ്ണാശുപത്രികളുണ്ട്. പ്രസവ ശുശ്രൂഷക്കും പീഡിയാട്രീക്‌സിനും മറ്റു നിരവധി സ്ഥാപനങ്ങളുമുണ്ട്. മൂവായിരത്തിലധികം ഡോക്ടര്‍മാര്‍ ഉള്ള കോഴിക്കോട് നഗരത്തില്‍ മെഡിക്കല്‍ കോളജിലെ 150 ഡോക്ടര്‍മാര്‍ മാത്രമേ പ്രാഗത്ഭ്യമുള്ളവരുള്ളൂ എന്ന് ആരെങ്കിലും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
വാദം മൂന്ന്: സ്വകാര്യ പ്രാക്ടീസ് ഡോക്ടര്‍മാരുടെ ഒഴിവ് സമയത്ത് നടത്തുന്ന ഒരു ഹോബി മാത്രമാണ്. അത് അവരുടെ മൗലിക അവകാശമാണ്.
മറുപടി: ഇത് പൊള്ളയാണ്. ഇക്കാര്യം അനുവദിച്ചാല്‍, സര്‍ക്കാര്‍ എന്‍ജിനീയര്‍മാര്‍ക്ക് ഒഴിവു സമയങ്ങളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്ലാന്‍ വരക്കാനും വീട് വെക്കാനുമള്ള സമ്മതം നല്‍കേണ്ടിവരും. അതുപോലെ, ജഡ്ജിമാര്‍ക്ക് ഒഴിവുസയമങ്ങളില്‍ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള അനുമതിയും നല്‍കേണ്ടിവരും.
വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി

1979 ലാണ് എന്നാണ് എന്റെ ഓര്‍മ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു വലിയ പ്രക്ഷോഭം ഉണ്ടായി. പ്രൈവറ്റ് പ്രാക്ടീസിന്റെ പേരില്‍ അനധികൃതമായി പണം വാങ്ങിക്കൂട്ടിയിരുന്ന ചില ഡോക്ടര്‍മാരെ നാട്ടുകാര്‍ ആക്രമിക്കുകയും ചിലരെ ചെരുപ്പ് മാല അണിയിക്കുകയും മറ്റും ഉണ്ടായി. അന്നു ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മെഡിക്കല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാറിനെ ഉപദേശിക്കുന്ന ജോലിയുള്ള കണ്‍ട്രോളിംഗ് പ്രിന്‍സിപ്പലും ആയിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രി ഇത്തരം കാര്യങ്ങള്‍ മറ്റു കോളജുകളിലേക്കു വ്യാപിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്നു ചര്‍ച്ച ചെയ്യാന്‍ ഒരു കോണ്‍ഫറന്‍സ് വിളിക്കുകയുണ്ടായി. ആ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നു വന്ന രണ്ട് നിര്‍ദേശങ്ങളായിരുന്നു പ്രൈവറ്റ് പ്രാക്ടീസ് നിരോധവും റെഫറല്‍ സമ്പ്രദായവും. ഈ രണ്ട് സമ്പ്രദായങ്ങള്‍ക്കും അന്നു അംഗീകാരം ലഭിക്കുകയുണ്ടായി. പക്ഷേ ഡോക്ടര്‍മാര്‍ക്കു ഇതിനു വേണ്ട അധിക ശമ്പളം കൊടുക്കാനുള്ള കഴിവില്ലാത്തതു കൊണ്ടും രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവ് കൊണ്ടും സ്വകാര്യ പ്രാക്ടീസ് നിര്‍ത്താനുള്ള നിര്‍ദേശം നടപ്പാക്കാന്‍ സാധിച്ചില്ല. പക്ഷേ റെഫറല്‍ സമ്പ്രദായം 1980ല്‍ തന്നെ കേരളത്തില്‍ നടപ്പാക്കിയെങ്കിലും പ്രവര്‍ത്തന ശേഷിയുടെ അഭാവം മൂലം നിലച്ചു പോയി.
ഏതായാലും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തിയതിനുള്ള ക്രെഡിറ്റ് എല്‍ ഡി എഫ് സര്‍ക്കാറിന് നല്‍കിയേ തീരൂ. പക്ഷേ, അവരുടെ കാലത്ത് തന്നെ മെഡിക്കല്‍ കോളജുകളില്‍ ഇതിനെതിരെ ഒരു പ്രക്ഷോഭം രൂപപ്പെട്ടുകൊണ്ടിരുന്നു. ഇതിനു എല്ലാ വിഭാഗത്തിലും പെട്ട രാഷ്ട്രീയക്കാരുടെ പ്രത്യക്ഷവും പരോക്ഷവുമായ സഹായവും ഉണ്ടായിരുന്നു എന്നതാണ് നേര്. പക്ഷേ, സാധാരണക്കാരായ പൊതുജനം സ്വകാര്യ പ്രാക്ടീസ് നിരോധത്തെ സര്‍വാത്മനാ സ്വാഗതം ചെയ്തു. കേരളത്തിലെ ആരോഗ്യ രംഗം കുറേക്കൂടി നന്നായിത്തീരുകയും കേരള മോഡല്‍ തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയുമെന്ന ആശ ഉദിക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍, ഇപ്പോഴത്തെ മഴക്കാറുകള്‍ക്കൊപ്പം ഈ രംഗത്തും കാറ് ഉരുണ്ടുകൂടുകയും കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങുകയും ചെയ്തു.
മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍മാരുടെ ശമ്പളം നല്ലവണ്ണം ഉയര്‍ത്തുകയും പ്രത്യേക അലവന്‍സുകളും ആനുകൂല്യങ്ങളും നല്‍കുകയും ചെയ്ത ശേഷമാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്. എന്നാല്‍ ഇത് വിസ്മരിച്ച്, മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഉള്ള രോഗികളുമായി സ്വകാര്യ കരാറുകളുണ്ടാക്കി അവര്‍ക്കവിടെ (മറ്റുള്ളവര്‍ക്കു നല്‍കാത്ത) ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്ത് സ്വന്തം കീശ വീപ്പിക്കാനുള്ള അവസരം ഡോക്ടര്‍മാര്‍ക്കു നഷ്ടപ്പെട്ടത് വലിയ ഒരു പൊതുജന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി സമരത്തിനു പുറപ്പെട്ടു ചിലര്‍. സ്വകാര്യ പ്രക്ടീസ് പ്രശ്‌നം കെട്ടടങ്ങിയിരിക്കുമ്പോഴാണ് പനിയെത്തിയത്. പിന്നെ അതിന്റെ പേരില്‍ സ്വകാര്യ പ്രാക്ടീസ് ഔദ്യോഗികമായി പുനഃസ്ഥാപിക്കാനാകുമോ എന്നാണ് ഇവിടെ ചിലര്‍ നോക്കുന്നത്. 60 വര്‍ഷത്തിലധികം ഈ രംഗത്തു പ്രവര്‍ത്തിക്കുകയും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പറ്റി ചിന്തിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തുന്നു. കീശ വീര്‍പ്പിക്കാന്‍ അവസരം കാത്തുകഴിയുന്നവര്‍ പനിയെയും ഒരു അവസരമാക്കുന്നു!!
കേരളത്തിന് എന്തുകൊണ്ട് പനിച്ചു?

ഒരു 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കേരളം വൃത്തിയും വെടിപ്പും ഉള്ള ഒരു നാടായിരുന്നു. പ്രകൃതി ഭംഗിയും ഇടതൂര്‍ന്ന കേര വൃക്ഷങ്ങളുടെ പച്ചയും ഒഴുകുന്ന നദികളും എല്ലാം ചേര്‍ന്ന ഈ സ്ഥലം “ദൈവത്തിന്റെ സ്വന്തം നാടെ”ന്ന വാക്ക് പോലും അന്വര്‍ഥമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോഴുള്ള സാന്ദ്രമധുരമായ ആ കാഴ്ച ലോകത്തിലെ തന്നെ, ഏറ്റവും സുന്ദരമായ ഒരു പ്രകൃതിദൃശ്യമായിരുന്നു.
ഈ സുന്ദരകേരളത്തെ നാം തന്നെ ബോധപൂര്‍വം നശിപ്പിച്ചു. ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു ജനസഞ്ചയം, കോണ്‍ക്രീറ്റ് കാടുകളെക്കൊണ്ട്, പ്ലാസ്റ്റിക് മലകളെക്കൊണ്ട്, മണല്‍ വാരി വറ്റിച്ചുകൊന്ന നദികളെക്കൊണ്ട്, കച്ചവടക്കണ്ണോടെ മണ്ണിട്ടു നികത്തിയ നെല്‍പ്പാടങ്ങളെക്കൊണ്ട് ഇവിടെ നാം നരകം സൃഷ്ടിച്ചു. നഗരങ്ങളിലുണ്ടാകുന്ന മാലിന്യങ്ങളെല്ലാം പാവപ്പെട്ട സാധാരണക്കാര്‍ താമസിക്കുന്ന അയല്‍ ഗ്രാമങ്ങളില്‍ നിക്ഷേപിക്കാമെന്നവര്‍ കണ്ടുപിടിച്ചു. ഇതൊടെയാണ് മഴ പെയ്യുന്നതോടുകൂടി കേരളം പനി ബാധിച്ചു വിറക്കാന്‍ തുടങ്ങിയത്.
പനി നിയന്ത്രിക്കേണ്ടത് പൊതുജന കൂട്ടായ്മ

പനി ബാധിക്കാന്‍ ഉണ്ടായ കാരണങ്ങളെപ്പറ്റിയും അതിനെടുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും പനി വന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഇത്രയും പറയാന്‍ കാരണം, പ്രതിരോധ പ്രക്രിയയില്‍ ഡോക്ടര്‍മാരും ആശുപത്രികളും ചെയ്യേണ്ടതിനേക്കാള്‍ അധികം ശ്രദ്ധ ചെലുത്തേണ്ടത് പൊതുജനങ്ങളും പരിസര സംരക്ഷകരും ആണ് എന്ന് സൂചിപ്പിക്കാനാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതിന് വിപരീതമായി, ഇടവപ്പാതിയില്‍ ഉണ്ടാകുന്ന പനിക്ക്, ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ കിടത്തുകയും പരമാവധി ലബോറട്ടറി ടെസ്റ്റുകളും മറ്റും നടത്തി സങ്കീര്‍ണ ചികിത്സാ മുറകള്‍ അനുഷ്ഠിക്കുകയും ചെയ്യേണ്ട ഒരു മഹാമാരിയാണ് എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഉണ്ടായത്. സാധാരണ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പനി ചികിത്സിക്കാന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ കോളജിലെ സ്‌പെഷ്യലിസ്റ്റുകള്‍ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് പനി ചികിത്സയെന്നുമുള്ള പ്രചാരണത്തിന് മാധ്യമങ്ങളും സഹായിച്ചു. ഇതില്‍ ഭയന്നും പ്രലോഭനങ്ങളില്‍ വശംവദരായുമാണ് സര്‍ക്കാര്‍ ഒരു മാസത്തേക്ക് പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാമെന്ന് സമ്മതിച്ചത്. ഈ പഴുതില്‍ കൂടി ആപ്പ് പ്രയോഗിച്ചാണ് വൈകുന്നേരത്തെ ഒ പി ബഹിഷ്‌കരിക്കുമെന്നും സര്‍ക്കാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രോഗികളെ വീട്ടില്‍ വെച്ചു ചികിത്സിക്കുമെന്നും പറയാനുള്ള ധിക്കാരം കെ ജി എം സി ടി എ പ്രസിഡന്റ് കാണിച്ചത്. പണം വാങ്ങിയിട്ടോ വാങ്ങാതെയോ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. “പെരുവഴിയില്‍ വെച്ചും ഞങ്ങള്‍ രോഗികളെ ചികിത്സിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഏതായാലും ഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും വിവേകം ഉദിച്ചതുകൊണ്ട് കൂടുതല്‍ വഷളാകാതെ കഴിഞ്ഞു. പ്രൈവറ്റ് പ്രാക്ടീസ് നടത്താമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്തു. അങ്ങനെ വളരെ നല്ല നിലയില്‍ പ്രശ്‌നം അവസാനിച്ചു. പക്ഷേ, പ്രശ്‌നം ഇവിടെ അവസാനിച്ചു എന്നു കരുതുക വയ്യ. ഇത് ഇടക്കിടെ പൊന്തിവരുന്ന ഒരു പ്രശ്‌നമാണ്. നമുക്കുള്ള ഒരേയൊരു രക്ഷ കേരളത്തില്‍ ഇന്ന് തന്നെ ഓരോ ജില്ലയിലും രണ്ടും മൂന്നും മെഡിക്കല്‍ കോളജുകള്‍ ഉണ്ട് എന്നതാണ്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന 14 മെഡിക്കല്‍ കോളജുകളും സ്വകാര്യമേഖലയില്‍ വരാന്‍ പോകുന്ന കോളജുകളും എല്ലാം കൂടി ഒരു 60-70 മെഡിക്കല്‍ കോളജുകള്‍ ആകുന്നതോടെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കുള്ള മാര്‍ക്കറ്റ് കുറയുമല്ലോ.

Latest