Connect with us

Kerala

അഞ്ച് പുതിയ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി; 7,686 എന്‍ജിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ എന്‍ജിനീയറിംഗ് കോളജുകളില്‍ 2012-13 അധ്യായന വര്‍ഷം 15 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. സംസ്ഥാനത്താകെ സര്‍ക്കാര്‍, എയ്ഡഡ്, സഹകരണ, സ്വാശ്രയ മേഖലകളില്‍ എന്‍ജിനീയറിംഗ് പഠനത്തിന് 52,976 സീറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ 7,686 സീറ്റുകളും വിദ്യാര്‍ഥികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ അഞ്ച് പുതിയ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് ഈ വര്‍ഷം അനുമതി നല്‍കി.

നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ 3,198, എയ്ഡഡ് മേഖലയില്‍ 1,557, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയില്‍ 7,139, സ്വകാര്യമേഖലയില്‍ 41,082 എന്നിങ്ങനെയാണ് സംസ്ഥാനത്തെ എന്‍ജിനീയറിംഗ് സീറ്റുകളുടെ എണ്ണം. ഇവയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയില്‍ 421 ഉം സ്വകാര്യമേഖലയില്‍ 7,262ഉം സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
സംസ്ഥാനത്തെ മിക്ക എന്‍ജിനീയറിംഗ് കോളജുകളും നിലവാരമില്ലാത്തതാണെന്ന ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം നിലനില്‍ക്കെയാണിത്. നിലവില്‍ നിലവാരത്തകര്‍ച്ച നേരിടുന്ന എന്‍ജിനീയറിംഗ് കോളജുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്തുന്നതിനും ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിക്കാതെ പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിച്ചത് വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.
കോടതിയുടെ വിമര്‍ശത്തെ തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനുപുറമെ എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള പരീക്ഷയില്‍ ഗണിതശാസ്ത്രത്തിന് വേണ്ട അടിസ്ഥാന യോഗ്യതാ മാര്‍ക്ക് 50 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി കുറച്ചത് കോളജുകളുടെ നിലവാരത്തകര്‍ച്ച വര്‍ധിപ്പിക്കുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസമേഖലയെ പിന്നോട്ടടിപ്പിക്കുന്നതിനും കാരണമാകും. എന്നാല്‍ ഗണിതശാസ്ത്രത്തിന്റെ മാര്‍ക്ക് ശതമാനം കുറച്ചതിന് പകരം ഊര്‍ജതന്ത്രത്തിനും രസതന്ത്രത്തിനും മാര്‍ക്ക് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യായീകരണം.
ഹൈക്കോടതിയുടെ വിമര്‍ശത്തെ തുടര്‍ന്ന് പ്രത്യേക സമിതി നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തെ 23 കോളജുകളുടെ നിലവാരം തീരെ മോശമാണെന്നും ഇവിടുത്തെ വിജയശതമാനം 30 ശതമാനത്തില്‍ താഴെയാണെന്നും കണ്ടെത്തിയിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ രണ്ടും കുസാറ്റിന് കീഴിലെ പത്തും എം ജി സര്‍വകലാശാലക്ക് കീഴിലെ അഞ്ചും കേരളാ സര്‍വകലാശാലക്ക് കീഴിലെ ആറും കോളജുകളാണ് ഈ ലിസ്റ്റില്‍പ്പെടുന്നത്.
വേദവ്യാസ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാരാട്പറമ്പ് മലപ്പുറം- 219, മുസ്‌ലിംഅസോസിയേഷന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് വെഞ്ഞാറമൂട് തിരുവനന്തപുരം- 176,
സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജി വെള്ളനാട് തിരുവനന്തപുരം- 169, ഇസ്‌ലാമിക് ലേണിംഗ് മിഷന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് പെരുമ്പാവൂര്‍ എറണാകുളം- 159, ജയ്ഭാരത് കോളജ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗ് ടെക്‌നോളജി പെരുമ്പാവൂര്‍ എറണാകുളം- 152, മൗണ്ട് സിയോണ്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് പത്തനംതിട്ട-152, നിര്‍മല കോളജ് ഓഫ് എന്‍ജിനീയറിംഗ് കുന്നപ്പള്ളി ചാലക്കുടി- 144, ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ടെക്‌നോളജി നെല്ലിക്കുഴി കോതമംഗലം -140, യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഫോര്‍ വുമണ്‍ കൊട്ടാരക്കര കൊല്ലം- 137, ഷാഹുല്‍ഹമീദ് മെമ്മോറിയല്‍ എന്‍ജിനീയറിംഗ് കോളജ് കടയ്ക്കല്‍ കൊല്ലം -134 എന്നിവയിലാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

Latest