Wayanad
മീനങ്ങാടിയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍മാര്‍ ഭീതി പരത്തി
മീനങ്ങാടി: മീനങ്ങാടി ടൗണി നടുത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് ടൗണിനടുത്ത അമ്പലപ്പടിയില്‍ മൂന്നു കാട്ടാനകള്‍ എത്തിയത്. ക്ഷീര സംഘം ഓഫീസിനടുത്ത് ദേശീയ പാതയില്‍ നിലയുറപ്പിച്ച കാട്ടുകൊമ്പന്‍മാര്‍ പിന്നീട് റോഡ് മുറിച്ചു കടന്ന് തൊട്ടടുത്ത ശ്മശാനത്തില്‍ കയറി.
ഇവിടെ നിന്നും സമീപത്തെ കാപ്പിത്തോട്ടത്തില്‍ എത്തിയ കാട്ടാനക്കൂട്ടം പകല്‍ മുഴുവന്‍ ഇവിടെ നിലയുറപ്പിച്ചു. നാട്ടില്‍ ആനയിറങ്ങിയതോടെ ആളുകളും തടിച്ചുകൂടി. പൊലീസും വനപാലകരും സ്ഥലത്തൈത്തി ആളുകള്‍ പ്രകോപനമുണ്ടാക്കാതെ നോക്കി. കാപ്പി തോട്ടത്തിന് ചുറ്റും റോഡിലുമായി പൊലീസും വനപാലകരും നിലയുറപ്പിച്ചു. പലസമയത്തും ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം വേണ്ടിവന്നു. വൈകിട്ട് അഞ്ചോടെ ആനകളെ തുരത്താനുള്ള നടപടികള്‍ വനംവകുപ്പ് തുടങ്ങിയെങ്കലും രാത്രി വൈകിയും വിജയിച്ചിട്ടില്ല. രാമഗിരിഭാഗത്തേയ്ക്ക് ഒരുകിലോമീറ്ററോളം ആനകളെ തുരത്തിയെങ്കിലും പിന്നീടിവ ഏഴ് മണിയോടെ തിരിച്ചു വന്നു.
പടക്കം പൊട്ടിച്ചും മറ്റും തുരത്തുന്നതിനിടയില്‍ ഒരാന തിരിഞ്ഞോടുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റുരണ്ടെണ്ണവും ഓടി. ഇതോടെ ആളുകള്‍ ചിതറിയോടി. ആദ്യം തിരിഞ്ഞോടിയ ആന മീനങ്ങാടി പാതിരിപ്പാലം കള്ളുഷാപ്പിന് സമീപതെത്തി ദേശീയ പാത മുറിച്ചു കടക്കാന്‍ ശ്രമിച്ചു. വീണ്ടും പിന്‍തിരിഞ്ഞ് കാപ്പിതോട്ടത്തിലേക്ക് കയറി. പിറകെ മറ്റ് രണ്ടാനകളും കാപ്പിത്തോട്ടത്തിലെത്തി. ആനകളെ തുരത്താനുള്ള ശ്രമം വനം വകുപ്പ് രാത്രിയിലും തുടര്‍ന്നു. കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടില്ല. മീനങ്ങാടി സി ഐ പൗലോസിന്റെ നേതൃത്വത്തില്‍ പോലീസും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയി പി തോമസ്, സൗത്ത് വയനാട് ഡിഎഫ്ഒ പി ധനേഷ്‌കുമാര്‍, നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘവും രാവിലെ മുതല്‍ തന്നെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി ചെതലയം വനത്തിലെ പാമ്പ്ര സെക്ഷനില്‍ നിന്നും നാട്ടിലിറങ്ങിയ ആനകളാണ് വാകേരി, സീസി, രാമഗിരി, മൈലമ്പാടി, മണ്ഡകവയല്‍, ഗ്രീന്‍വാലി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലൂടെ മീനങ്ങാടി അമ്പലപ്പടിയിലെത്തിയത്്. കൃഷിയിടങ്ങളിലൂടെയും എസ്‌റ്റേറ്റുകളിലൂടെയും പത്തിലേറെ കിലോ മീറ്ററുകള്‍ പിന്നിട്ടാണ് അഞ്ചും പത്തും പതിനഞ്ചും വയസ് തോന്നിക്കുന്ന ആനകള്‍ ഇവിടെയെത്തിയത്.