Kerala
ശൈശവ വിവാഹം: നിയമം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും
തിരുവനന്തപുരം: ശൈശവ വിവാഹം കര്‍ശനമായി തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും. ശൈശവ വിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചായിരിക്കും പുതിയ സര്‍ക്കുലുര്‍ പുറത്തിറക്കുക. അതേസമയം മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു.
18 വയസ്സിന് മുമ്പ് വിവാഹിതരായ മുസ്ലിം പെണ്‍കുട്ടികളുടെ ജീവിത സുരക്ഷിതത്വവും വിവാഹ ബന്ധത്തിന് നിയമപരിരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയത്. ഇത് ശൈശവ വിവാഹനിരോധന നിയമത്തിന് എതിരല്ല. ശൈശവ വിവാഹനിരോധന നിയമം നിലനില്‍ക്കുന്നുണ്ട്. ശൈശവ വിവാഹം നടത്തുന്ന രക്ഷിതാക്കളെ അറസ്റ്റ് ചെയ്ത് നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍. ഇതോടെ ഇതുസംബന്ധിച്ച വിവാദത്തിന് അടിസ്ഥാനമില്ലാതാകുമെന്നും മന്ത്രി വ്യക്തമാക്കി.