Connect with us

Lokavishesham

അപ്പോള്‍ അമേരിക്ക പിന്മാറുക തന്നെയാണോ?

Published

|

Last Updated

2014 അമേരിക്കക്കും അഫ്ഗാനിസ്ഥാനും ഒരു പോലെ നിര്‍ണായകമാണ്. വിശാലമായ അര്‍ഥത്തില്‍ ഇന്ത്യക്കും ചൈനക്കും ഇറാനും റഷ്യക്കുമൊക്കെ ആ വര്‍ഷം പ്രാധാന്യമേറിയതാണ്. ഒരു ദശകം പിന്നിട്ട അധിനിവേശം അവസാനിപ്പിച്ച,് അഫ്ഗാനില്‍ നിന്ന് അമേരിക്ക പൂര്‍ണമായി പിന്‍വാങ്ങുന്നത് 2014 ഓടെയാണ്. നാറ്റോ രാജ്യങ്ങള്‍ ഓരോന്നായി അവയുടെ സൈന്യത്തെ പിന്‍വലിച്ചു തുടങ്ങിയിരിക്കുന്നു. സുരക്ഷാ ചുമതല നാറ്റോയില്‍ നിന്ന് അഫ്ഗാന്‍ സൈന്യത്തിന് കൈമാറിയതായി പ്രഖ്യാപനം വന്നുകഴിഞ്ഞു. ഏഷ്യയിലെ ഇരിപ്പിടമായി അഫ്ഗാനെ മാറ്റിക്കളയാമെന്ന വ്യാമോഹം ഉപേക്ഷിച്ചാണ് അമേരിക്ക പിന്‍വാങ്ങുന്നത്. ശീതസമര കാലത്ത് അഫ്ഗാനില്‍ സോവിയറ്റ് യൂനിയന്‍ നേടിയെടുത്ത സ്വാധീനം തകര്‍ക്കാന്‍ താലിബാന്‍ അടക്കമുള്ള തദ്ദേശീയ ഗ്രൂപ്പുകള്‍ക്ക് ആയുധവും സമ്പത്തും നല്‍കിയ അമേരിക്ക ഒരു ഘട്ടത്തില്‍ തങ്ങള്‍ വളര്‍ത്തിയവര്‍ക്ക് നേരെ തന്നെ തിരിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുടെ ജാള്യം തീര്‍ക്കാന്‍ അഫ്ഗാനിലേക്ക് എടുത്തുചാടുകയായിരുന്നു അമേരിക്ക. വിജയിക്കുമെന്നുറപ്പുള്ള സൈനിക ദൗത്യമായിരുന്നു അവര്‍ക്കത്. ഒടുവിലിപ്പോള്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ എന്തു നേടിയെന്ന ചോദ്യം അമേരിക്കയെ വേട്ടയാടുന്നുണ്ട്. താലിബാന്‍ നേതാക്കളില്‍ ചിലരെ വകവരുത്തി, ഹാമിദ് കര്‍സായിയുടെ പാവ സര്‍ക്കാറിനെ കുടിയിരുത്താനായി, ഇന്ത്യയടക്കമുള്ള അയല്‍ക്കാര്‍ക്ക് അഫ്ഗാനില്‍ ഇടപെടുന്നതിന് കളമൊരുക്കി എന്നൊക്കെ വേണമെങ്കില്‍ പറയാം. മറുപുറമോ? ഉന്‍മൂലനം ചെയ്യപ്പെടുമെന്ന് പ്രഖ്യാപിച്ച താലിബാന്‍ കൂടുതല്‍ ശക്തി സംഭരിച്ചിരിക്കുന്നു. രാജ്യം ഭരിച്ചിരുന്ന കാലത്തേക്കാള്‍ ജനപിന്തുണ അവര്‍ക്കുണ്ടെന്നതാണ് സത്യം. അഫ്ഗാനിലെ നാറ്റോ സേനയിലെ മുഖ്യ പങ്കുകാരായ കാനഡയുടെ സൈന്യാധിപന്‍ ജനറല്‍ റിക്ക് ഹില്ലിയറുടെ വാക്കുകളില്‍ ഈ സത്യമുണ്ട്. 2005ല്‍ പത്രക്കാര്‍ അദ്ദേഹത്തോട് ചോദിച്ചു: സാര്‍, നിങ്ങള്‍ വകവരുത്തുന്നവരില്‍ നല്ലൊരു ശതമാനം കര്‍ഷകരും സിവിലിയന്‍മാരും ആണല്ലോ? അദ്ദേഹം മറുപടി പറഞ്ഞു: ശരിയാണ് അവര്‍ പകല്‍ കര്‍ഷകരാണ്. രാത്രി താലിബാനും. വല്ലാത്തൊരു പ്രതിസന്ധിയാണ് ഇത്.
പശ്തൂണ്‍ ജനവിഭാഗത്തിലാണ് താലിബാന് നല്ല സ്വാധീനം ഉണ്ടായിരുന്നത്. അധിനിവേശവും ആക്രമണവും ഈ സ്വാധീനവും അനുഭാവവും വര്‍ധിപ്പിച്ചിട്ടേയുള്ളൂ. കര്‍സായിയേക്കാള്‍ അവര്‍ താലിബാനെ വിശ്വസിക്കുന്നു. ജനപിന്തുണയുടെ ഈ ആത്മവിശ്വാസം താലിബാന് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ശക്തി പകരുന്നു. അവര്‍ അല്‍ഖാഇദയുമായുള്ള ബന്ധം തുടരുന്നു. അഫ്ഗാന്റെ സുരക്ഷാ സംവിധാനം തകര്‍ത്തെറിയാന്‍ അവര്‍ക്ക് സാധിക്കുന്നു. പാക് താലിബാനുമായുള്ള ബന്ധം അപകടകരമായ നിലയിലേക്കും പ്രതിരോധത്തില്‍ നിന്ന് മാരകമായ ആക്രമണങ്ങളിലേക്കും വളരാന്‍ അവര്‍ക്ക് പ്രാപ്തി നല്‍കുന്നു. പാക്കിസ്ഥാനില്‍ നിന്ന് നാറ്റോക്കുള്ള ഇന്ധന ടാങ്കുകള്‍ തടയാന്‍ പാക് താലിബാന്‍ തയ്യാറാകുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളാകുന്നത് അഫ്ഗാനിലെ താലിബാനാണ്.
ജയിക്കുമെന്നുറപ്പുള്ള യുദ്ധം നഷ്ടങ്ങളുടെ വൃഥാ വ്യായാമമായി മാറുന്നുവെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത് അമേരിക്കന്‍ ജനതയാണ്. അഫ്ഗാന്‍ ദൗത്യത്തിന്റെ പേരില്‍ അമേരിക്കന്‍ ഭരണകൂടം ആഭ്യന്തരമായി വിചാരണ ചെയ്യപ്പെട്ടു. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമ്പോള്‍ അഫ്ഗാനിലെ ആക്രമണ മുന്നണിയില്‍ പണം ഇടിച്ചുതള്ളുന്നതിന്റെ വൈരുധ്യം വലിയ ചര്‍ച്ചയായി. അഫ്ഗാനില്‍ ജനാധിപത്യം പാലിക്കപ്പെടുമെന്നും അവിടുത്തെ ജീവിത നിലവാരം ഉയരുമെന്നും അതുവഴി തീവ്രവാദികളെ ഒറ്റപ്പെടുത്തുന്ന നിലയിലേക്ക് അവിടുത്തെ ജനത വളരുമെന്നുമുള്ള മഹിതാശങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ലോകത്തെ ഏറ്റവും കൂടുതല്‍ ശിശു മരണ നിരക്കുള്ള രാജ്യമായി അഫ്ഗാന്‍ തുടരുകയാണ്. താലിബാന്‍ ഭരണകാലത്തേക്കാള്‍ പരിതാപകരമാണ് കാര്യങ്ങള്‍. അഴിമതിയില്‍ ഏറ്റവും മുന്നിലാണ് രാജ്യമെന്ന് യു എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്നും പുതിയ തലമുറ പാശ്ചാത്യ ഇടപെടലിന്റെ ഗുണം തിരിച്ചറിയുമെന്നും പ്രഖ്യാപിച്ചാണ് ലോകത്താകെയുള്ള അക്കാദമിസ്റ്റുകളുടെ പിന്തുണ അമേരിക്ക നേടിയെടുത്തത്. പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയാണ് ഇവര്‍. താലിബാന്‍ നടത്തുന്ന സമാന്തര സ്‌കൂളുകളിലാണ് കുട്ടികളുള്ളത്.
സൈനികമായ പരാജയം തന്നെയാണ് ഏറ്റവും രൂക്ഷം. അഫ്ഗാനില്‍ നിന്നുള്ള ശവപ്പെട്ടികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. പൗരത്വത്തെ അക്രമാസക്തമായി സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ ഭരണാധികാരികളുടെ ഉറക്കത്തിലേക്ക് ആ ശവപ്പെട്ടികള്‍ ദുഃസ്വപ്‌നമായി നിറഞ്ഞുകൊണ്ടിരുന്നു. ബരാക് ഒബാമയുടെ ഒന്നാമൂഴത്തില്‍ തന്നെ പിന്‍മാറ്റത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ് തുടങ്ങിയിരുന്നു. എങ്ങനെ പിന്‍മാറും? പേരിനെങ്കിലും ചില വ്യവസ്ഥകള്‍ രൂപപ്പെടുത്തണമല്ലോ. തങ്ങള്‍ വന്നതിനേക്കാള്‍ രൂക്ഷമായ നിലയില്‍ ഉപേക്ഷിച്ചു പോകുന്നത് “ഉത്തരവാദിത്വമുള്ള ആഗോള ശക്തി”ക്ക് ചേര്‍ന്നതാണോ? ഒരിക്കലുമല്ല. ഒന്നുകില്‍ താലിബാനെ അടിച്ചമര്‍ത്തിയെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ അവര്‍ ആയുധമുപേക്ഷിച്ചുവെന്ന് പ്രഖ്യാപിക്കണം. ഇത്രയും വര്‍ഷം നാറ്റോ സഖ്യം കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്തത് ഇനിയുള്ള വര്‍ഷങ്ങളില്‍ സാധ്യമല്ലെന്നുറപ്പാണ്. കാരണം, 2001ല്‍ നിന്ന് കാര്യങ്ങള്‍ അപ്പടി മാറിയിരിക്കുന്നു. ഒരു പോംവഴിയേ ഉള്ളൂ. താലിബാനുമായി സംസാരിക്കുക തന്നെ.
ഇന്ന് അഫ്ഗാനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് ലോകം കാതോര്‍ക്കുന്നത് അവിടെ ചര്‍ച്ചാ മേശകള്‍ ഉണര്‍ന്നിരിക്കുന്നുവെന്നത് കൊണ്ടാണ്. ദോഹയില്‍ താലിബാന്‍ ഓഫീസ് തുറന്നിരിക്കുന്നു. വിദേശത്ത് തുറക്കുന്ന ആദ്യത്തെ കാര്യാലയമാണ് അത്. അവിടെ ചര്‍ച്ചക്കായി ദൂതനെ അയക്കാമെന്ന് ആദ്യം സമ്മതിച്ചത് അമേരിക്കയാണ്. വൈറ്റ് ഹൗസിന്റെ പ്രഖ്യാപനം വന്നതോടെ ഹാമിദ് കര്‍സായി കെറുവിച്ചു. ചര്‍ച്ചയോട് സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. അതിന് അദ്ദേഹം ചൂണ്ടിക്കാണിച്ച കാരണങ്ങളില്‍ ഒന്ന് തികച്ചും ന്യായമായിരുന്നു. ദോഹയിലെ താലിബാന്‍ കാര്യാലയത്തിന് നല്‍കിയ പേരായിരുന്നു പ്രശ്‌നം. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരുന്നു പേര്. അഫ്ഗാന്‍ എന്ന രാഷ്ട്രത്തിന്റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്ന ധ്വനി ഉയര്‍ത്തുന്നുണ്ടിത്. രാഷ്ട്രത്തിന്റെ ഒരു എംബസിയെന്ന പ്രതീതിയാണ് ഈ പേര് സൃഷ്ടിക്കുന്നത്. ഇത് താലിബാന്‍ നേതൃത്വം ബോധപൂര്‍വം നല്‍കിയത് തന്നെയാണ്. അവരുടെ ആശയഗതിയില്‍ നിന്ന് തന്നെയാണ് ആ പേര് രൂപപ്പെട്ടിട്ടുള്ളത്. തങ്ങള്‍ അധികാരഭ്രഷ്ടരാക്കപ്പെട്ടതിനെ അഫ്ഗാന്‍ ജനത അംഗീകരിച്ചിട്ടില്ലെന്നതാണ് താലിബാന്റെ വാദം. നിയമവിരുദ്ധമായി അവരോധിക്കപ്പെട്ട ഭരണകൂടമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും അവര്‍ പറയുന്നു. അതുകൊണ്ട് അര്‍ഥസമ്പുഷ്ടം തന്നെയാണ് ഈ പേര്. എന്നിട്ടും വൈറ്റ് ഹൗസ് പറഞ്ഞു: ചര്‍ച്ചക്ക് ആളെ വിടാമെന്ന്. നേരിട്ടുള്ള ചര്‍ച്ചക്ക് സന്നദ്ധമാകുന്നത് തന്നെ വലിയ നയപരമായ വ്യതിചലനം ആണ്. ഔദ്യോഗിക എംബസിക്ക് സമാനമെന്ന് താലിബാന്‍ വിശേഷിപ്പിക്കുന്ന ഓഫീസിലിരുന്നാകുമ്പോള്‍ അതിന് മുഴക്കം കൂടും.
അമേരിക്കക്ക് മുന്നില്‍ മറ്റു വഴികളില്ല. അടുത്ത വര്‍ഷമെങ്കിലും തടിയൂരണമെങ്കില്‍ താലിബാന്‍ കനിയണം. ചര്‍ച്ചക്കും അനുരഞ്ജനത്തിനുമുള്ള ശ്രമം മൂന്ന് വര്‍ഷം മുമ്പ് തന്നെ അമേരിക്ക തുടങ്ങിയിരുന്നുവെന്നതാണ് സത്യം. അന്ന് മൂനിച്ചിനടത്തുള്ള ജര്‍മന്‍ ഗ്രാമത്തില്‍ നടന്ന രഹസ്യ ചര്‍ച്ച ഇന്ന് ലോകത്തെയാകെ അറിയിച്ചു നടത്തുന്നതിലേക്ക് വളര്‍ന്നുവെന്നേയുള്ളൂ. ഇപ്പോള്‍ കര്‍സായിയിയെ മറികടന്നും ചര്‍ച്ചക്ക് അമേരിക്ക തയ്യാറാണ്. പക്ഷേ, അത്തരമൊരു പിണക്കല്‍ തത്കാലം വേണ്ടെന്നുവെച്ചിരിക്കുന്നു. അതിനാല്‍ ദോഹ ഓഫീസിന്റെ പേര് മാറ്റാന്‍ താലിബാന് മേല്‍ സമ്മര്‍ദം ചെലുത്തി; വിജയിച്ചു. അങ്ങനെയെങ്കില്‍ ചര്‍ച്ചയാകാമെന്ന് കര്‍സായി സമ്മതിച്ചിരിക്കുന്നു. സമാവായത്തിന്റെ പാത തന്നെയാണ് കര്‍സായിയും ആഗ്രഹിക്കുന്നത്. അത് പക്ഷേ അദ്ദേഹത്തെ പരിഗണിച്ചു കൊണ്ടാകണമെന്നേ ഉള്ളൂ.
ഈ ചര്‍ച്ചയില്‍ എന്ത് ഉരുത്തിരിയുന്നുവെന്നതല്ല. ചര്‍ച്ച തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ കൗതുകമുണര്‍ത്തുന്നത്. ആയിരക്കണക്കിന് സാധാരണ മനുഷ്യരെയും സൈനികരെയും ബലികഴിച്ച് നടത്തിയ അധിനിവേശത്തിന്റെ പരിസമാപ്തി, ആരെയാണോ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചത് അവരുമായി ചര്‍ച്ചയാകാമെന്നതാണെങ്കില്‍ ഒരു ദശകത്തെ ചോരക്കളിയുടെ അര്‍ഥമെന്തായിരുന്നു. ആഭ്യന്തരമായ വിമര്‍ശങ്ങളില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള പാഴ്ശ്രമം മാത്രമായിരുന്നില്ലേ അത്? അധിനിവേശത്തിലേക്ക് എടുത്തു ചാടിയ നാറ്റോ രാജ്യങ്ങളില്‍ ഗൗരവപൂര്‍ണമായ വീണ്ടുവിചാരം ആരംഭിച്ചിരിക്കുന്നു. ഇത് വരുംനാളുകളില്‍ അമേരിക്ക തുറക്കുന്ന യുദ്ധമുന്നണികളിലേക്ക് സഖ്യ ശക്തികളില്‍ നിന്ന് തന്നെ സഹായം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടാക്കും. ഇന്നലെ വരെ “തിന്‍മകളുടെ മൂര്‍ത്തീമദ്ഭാവ”മായിരുന്ന താലിബാന്‍ നയതന്ത്ര ചര്‍ച്ചകളുടെ വെളിച്ചത്തിലേക്ക് ആനയിക്കപ്പെടുമ്പോള്‍ അവര്‍ ചെയ്തുകൂട്ടിയ ക്രൂരതകളെല്ലാം അപ്രസക്തമാകുകയാണ്. താലിബാനെയും അല്‍ഖാഇദയെയും വേര്‍തിരിച്ചു കാണുന്നതില്‍ തുടക്കത്തിലേ സംഭവിച്ച പിഴവ് വളരെ വൈകി തിരിത്തുകയാണ് അമേരിക്ക. അമേരിക്കന്‍ അധിനിവേശം തുടങ്ങുമ്പോള്‍ പ്രദേശികമായ പിന്തുണയുള്ള ഏറെക്കുറെ രാഷ്ട്രീയവത്കരിക്കപ്പെട്ട ഗ്രൂപ്പായിരുന്നു താലിബാന്‍. ഭരണം കൈയാളിയവരാണ് അവര്‍. ഇന്ന് അവര്‍ അന്താരാഷ്ട്രവത്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ തിരുത്തല്‍ വല്ലാതെ വൈകിപ്പോയിരിക്കുന്നു.
ഗതികേടില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെങ്കിലും നയതന്ത്ര നീക്കങ്ങള്‍ അഫ്ഗാനികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. അത് ഇറാന്‍, ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ അയല്‍ക്കാരെ കൂടി ഉള്‍പ്പെടുത്തിയുള്ളതാണെങ്കില്‍ കൂടുതല്‍ ഫലപ്രദമാകും. അല്ലാതെ പിന്‍മാറിയിട്ടും പിന്‍മാറാതെ അവശിഷ്ട സൈന്യത്തെ നിലനിര്‍ത്തിയും ഇന്ത്യയെപ്പോലുള്ള സാമന്തന്‍മാരുടെ സൈനിക രംഗപ്രവേശത്തിന് കളമൊരുക്കിയും കളി തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ അവര്‍ കൂടുതല്‍ വലിയ പാഠങ്ങള്‍ പഠിക്കും. കൂടുതല്‍ നിസ്സഹായരാകും. ഈ വസ്തുതകള്‍ ഇന്ത്യയടക്കമുള്ളവരും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്.

 

musthafaerrekkal@gmail.com

---- facebook comment plugin here -----

Latest