Kerala
ഐക്യ ചര്‍ച്ചയെക്കുറിച്ച് അറിയില്ല; പുറത്തു പോയവര്‍ക്ക് തിരിച്ചുവരാം- അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: ആദര്‍ശ പരവും സംഘടനാ പരവുമായ കാരണങ്ങള്‍ കൊണ്ട് പുറത്തുപോയവരെല്ലാം തിരികെവന്ന് മുജാഹിദ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. ഇപ്പോള്‍ മുജാഹിദ് ഐക്യ ചര്‍ച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തെകുറിച്ച് മാധ്യമങ്ങളില്‍ വരുന്ന അറിവ് മാത്രമേ തങ്ങള്‍ക്കുള്ളു. മുജാഹിദുകള്‍ ഐക്യപ്പെടണമെന്നാവശ്യപ്പെട്ട് മടവൂര്‍ വിഭാഗം നേതാവ് ഹുസൈന്‍ മടവൂര്‍ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുജാഹിദ് പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നവരെ അകറ്റുന്ന നിലപാട് പ്രസ്ഥാനത്തിനില്ലെന്ന് മദനി പറഞ്ഞു. അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടത്തിന് ഭദ്രമായ കൂട്ടായ്മ അനിവാര്യമാണ്. ആദര്‍ശ പരമായ ഐക്യത്തിന് മാധ്യസ്ഥം വഹിക്കുന്നവരെ ആദരവോടെ മാത്രമേ കാണാനാകൂ. മുജാഹിദ് പണ്ഡിതസഭയായ കെ ജെ യുവിന്റെ ഏക കണ്ഠമായ തീരുമാനത്തിനനുസരിച്ച് നിരുപാധികം പ്രസ്ഥാനത്തിലേക്ക് കടന്നുവന്നാല്‍ മുജാഹിദ് ഐക്യമായെന്നും അദ്ദേഹം പറഞ്ഞു.