Connect with us

Malappuram

റെയില്‍വേ ട്രാക്കില്‍ നിന്ന് പോലീസിന് ലഭിച്ച 35 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം തിരിച്ചുനല്‍കി

Published

|

Last Updated

പരപ്പനങ്ങാടി: റെയില്‍വേ ട്രാക്കില്‍ നിന്ന് പോലീസിന് ലഭിച്ച മുപ്പത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബേഗ് ഉടമക്ക് തിരിച്ച് നല്‍കി. ഇന്നലെ ഉച്ചക്ക് 2.30ഓടെ എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് ഒന്നര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് വീണത്. പരപ്പനങ്ങാടി ടോള്‍ ബൂത്തിനരികെ വീണ ബാഗാണ് ബൂത്ത് കാവലിനുള്ള പി സുരേഷ് എന്ന പോലീസുകാരന്‍ കണ്ടെത്തിയത്. ഉടനെ സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് സ്വദേശി മുഹമ്മദ്കുഞ്ഞി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗിന്റെ അവകാശിയായി എത്തി. തൃശൂരില്‍ നിന്നും ആഭരണങ്ങള്‍ നിര്‍മിച്ച് കോഴിക്കോട്ടെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനിലെ തിരക്ക് മൂലം കൈയില്‍ നിന്നും ആഭരണങ്ങള്‍ അടങ്ങിയ ബേഗ് താഴെ വീഴുകയായിരുന്നു. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താനും സാധിച്ചില്ല. പിന്നീട് ഫറോക്കില്‍ ഇറങ്ങിയ മുഹമ്മദ്കുഞ്ഞി പരപ്പനങ്ങാടിയില്‍ എത്തുകയും സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലാണെന്ന് അറിഞ്ഞ് അവിടെ എത്തി രേഖകള്‍ കാണിച്ച് ആഭരണങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 35 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണാഭരണങ്ങള്‍.

 

 

Latest