Connect with us

Gulf

യുവാവിനെ തട്ടിക്കൊണ്ടുപോയി വന്‍ തുക കൈക്കലാക്കി

Published

|

Last Updated

robbery-gun-6അല്‍ ഐന്‍:

യുവാവിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ച് വന്‍ തുക കൈക്കലാക്കി. വളാഞ്ചേരി മീമ്പാറ പരേതനായ പാറപ്പുറത്തേതില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ബദര്‍ അലി (30) യെയാണ് കഴിഞ്ഞ ദിവസം രാത്രി 8.30ന് അല്‍ ഐന്‍ സനാഇയ്യയില്‍ നിന്ന് അറബ് വേഷധാരികളായ മൂന്ന് യൂവാക്കള്‍ തട്ടിക്കൊണ്ടുപോയത്. പതിനായിരം ദിര്‍ഹത്തിലധികം രൂപയും വിലപ്പെട്ട രേഖകളും തട്ടിയെടുത്തവയില്‍പ്പെടും.
അല്‍ ഐന്‍ സനാഇയ്യയില്‍ ഗിഫ്റ്റ് മാര്‍ക്കറ്റിനു പിറകുവശത്തെ കോഴിക്കോട് കാപ്പാട് സ്വദേശി സൈഫുദ്ദീന്റെ കടയിലേക്ക് വാഹനം നിര്‍ത്തി നടന്നുപോകവേയാണ് മൂന്ന് യുവാക്കള്‍ വാഹനത്തില്‍ നിന്നിറങ്ങി യുവാവിനെ വലിച്ചു വാഹനത്തില്‍ കയറ്റിയത്. പിന്നീട് അതിവേഗം വാഹനം ഓടിച്ചുപോവുകയുമായിരുന്നു. വാഹനത്തിനുള്ളില്‍ വെച്ച് ബദറിന്റെ കണ്ണ് മൂടിക്കെട്ടി. കള്ളും ബിയറും തലയിലൂടെ ഒഴിക്കുകയും മുഖത്തടിക്കുകയും കൈ രണ്ടും പിന്നിലേക്ക് പിടിച്ചുകെട്ടുകയും ചെയ്തു.
പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും മറ്റു രേഖകളും അക്രമികള്‍ കൈക്കലാക്കി. ശേഷം ബദറിനെ മരുഭൂമിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മതില്‍ കെട്ടില്‍ കയറ്റി ഇരുത്തി മതിലിനപ്പുറത്തേക്ക് തള്ളിയിട്ട ശേഷം സംഘം കടന്നുകളയുകയായിരുന്നുവെന്നും പറയപ്പെടുന്നു.
പത്ത് വര്‍ഷത്തിലധികമായി ബദര്‍ അലി യു എ ഇയില്‍ ജോലി ചെയ്യുന്നു. അജ്മാനില്‍ ആണ് ജോലി. അഞ്ച് വര്‍ഷത്തോളമായി ഡീസല്‍ ടാങ്കര്‍ ഡ്രൈവറാണ്. സ്വന്തമായി ടാങ്കര്‍ വാങ്ങി നിര്‍മാണ സ്ഥലങ്ങളിലേക്കും മറ്റും ഡീസല്‍ എത്തിച്ചുകൊടുക്കലാണ് തൊഴില്‍. ഡീസല്‍ ടാങ്കര്‍ ഡ്രൈവര്‍മാരുടെ പക്കല്‍ എപ്പോഴും പണം ഉണ്ടാകും എന്ന ധാരണയായിരിക്കാം തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് സുഹൃത്തായ സൈഫുദ്ദീന്‍ പറഞ്ഞു. അല്‍ ഐന്‍ സനാഇയ്യ പോലീസില്‍ പരാതി നല്‍കി. പരിസരവാസികളെല്ലാം സംഭവത്തില്‍ ആശങ്കാകുലരാണ്.

Latest