Wayanad
വന്യമൃഗ ശല്യം രൂക്ഷമാകുന്നു; എലിഫെന്റ് സ്‌ക്വാഡ് പ്രഖ്യാപനം നടപ്പായില്ല
കല്‍പ്പറ്റ: വന്യമൃഗ ശല്യം മൂലം ജനജീവിതം ദുസ്സഹമായിട്ടം നടപടികളില്ല. സര്‍ക്കാരിന്റെ എലിഫന്റ് സ്‌ക്വാഡ് പ്രഖ്യാപനം പാഴ്‌വാക്കായി. കാട്ടാനശല്ല്യം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ രണ്ട് എലിഫന്റ് സ്‌ക്വാഡുകള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.
എന്നാല്‍ പിന്നീട് നടപടി ഉണ്ടായിട്ടില്ല. ജില്ലയില്‍ കൂടുതല്‍ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ അനുവദിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
വനം വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും വന്യമൃഗശല്ല്യം നേരിടുന്നതിന് തടസമാണ്. 4.96 സ്‌ക്വയര്‍ കിലോമീറ്റര്‍ വനമാണ് ഒരുഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ നോക്കേണ്ടത്. ഇത് പ്രായോഗികമല്ലെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും പരിധി കുറച്ചിട്ടില്ല. മൂന്ന് സ്‌ക്വയര്‍ കിലോമീറ്ററായി കുറയ്ക്കണമെന്നാണ് ആവശ്യം. വന്യമൃഗശല്ല്യം നേരിടുന്നതിനുള്ള ദ്രുതകര്‍മ്മസേനയുടെ(റാപ്പിഡ് റെസ്‌പോണ്‍സ് ടീം)പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.
കൃഷി നാശത്തിനൊപ്പം മനുഷ്യജീവനും വന്യമൃഗങ്ങള്‍ ഭീഷണി ഉയര്‍ത്തുകയാണ്. വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നും മതിയായ സഹായം ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രതിദിനം വന്യമൃഗങ്ങളുണ്ടാക്കുന്നത്. കൃഷിനാശത്തിന് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുക നാമമാത്രമാണ്.
പകല്‍പോലും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ വന്‍കൃഷി നാശമാണ് വരുത്തുന്നത്. വനപ്രദേശങ്ങള്‍ വിട്ട് വന്യമൃഗങ്ങള്‍ നഗരങ്ങളില്‍ എത്തുകയാണ്. ദേശീയപാതവരെ മുറിച്ചുകടന്നാണ് ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും എത്തുന്നത്. നാട്ടിലിറങ്ങുന്ന കാട്ടാനകളുള്‍പ്പെടെയുള്ള മൃഗങ്ങളെ തുരത്താനാവാതെ കര്‍ഷകര്‍ വലയുകയാണ്. മൃഗങ്ങള്‍ വനത്തിനുള്ളില്‍നിന്നും പുറത്തുകടക്കാതിരിക്കാന്‍ വനാതിര്‍ത്തികളില്‍ മതിയായ കിടങ്ങുകളോ വൈദ്യുതവേലികളോ ഇല്ല. ഉള്ളവ തകര്‍ന്നുകിടക്കുകയാണ്. മൃഗങ്ങളെ വനത്തിനുള്ളില്‍ നിലനിര്‍ത്തേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കടുവയും പുലിയുംവരെ നാട്ടിലിറങ്ങി ഭീതി വിതയ്ക്കുകയും വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയുമാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.
സമരവുമായി ജനങ്ങള്‍ രംഗത്തിറങ്ങുമ്പോള്‍ മാത്രമാണ് അധികൃതര്‍ അനങ്ങുന്നത്. ജനരോഷം തണുക്കുന്നതോടെ ഇവര്‍ പിന്മാറുകയാണ്.
കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനര്‍കൃഷിക്ക് ധനസഹായവും നല്‍കണം. വനാതിര്‍ത്തികളില്‍ കമ്പിവലയും ട്രഞ്ചും നിര്‍മിച്ച് വനവും നാടും തമ്മില്‍ വേര്‍തിരിക്കണം. വന്യമൃഗങ്ങള്‍ വനത്തിന് പുറത്ത് കടക്കാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.