Connect with us

Palakkad

ഗോത്രവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ ആറ് മാസത്തിലൊരിക്കല്‍ സിറ്റിംഗ് നടത്തും

Published

|

Last Updated

പാലക്കാട്: ആറ് മാസത്തിലൊരിക്കല്‍ പട്ടിക ജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ സിറ്റിങ് നടത്തുമെന്ന ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് പി എന്‍ വിജയകുമാര്‍ പറഞ്ഞു.
മരണപ്പെട്ട കുട്ടികളുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
പ്രകൃതിക്ഷോഭം, രോഗം എന്നിവയില്‍ ഉപയോഗിക്കാനായി കണ്ടിജന്റ് ഫണ്ട് അനുവദിക്കാന്‍ പ്ലാനിങ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് കമ്മീഷന്‍ ഇന്ന് ഊരുകള്‍ സന്ദര്‍ശിക്കും.
കമ്മീഷന്‍ സിറ്റിങിനോടനുബന്ധിച്ച് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ഗൈനക്കോളജി, ശിശുരോഗം, ജനറല്‍ മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ആദിവാസികളെ പരിശോധിച്ചു.
വിദഗ്ധ ചികിത്സക്കും രോഗനിര്‍ണയത്തിനുമായി രക്തസാമ്പിളുകള്‍ ശേഖരിച്ചു. ശിശുരോഗ വി‘ഭാഗത്തില്‍ 55 കുട്ടികള്‍, ഗൈനക്കോളിജിയില്‍ 15, ജനറല്‍ മെഡിസിന്‍ 110 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കി. 99 പേരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു.
പ്രിന്‍സിപ്പല്‍ ഡോ ബി അനുകുമാര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കെ ബാലഗോപാല്‍, ശിശുരോഗ വിഭാഗം ഡോ. ജാനകി മേനോന്‍, ഗൈനക്കോളജിസ്റ്റ് ഡോ രാധ, ഡോക്ടര്‍മാരായ സജ്‌ന, ജോണി, കാവ്യ, ജിജോ എന്നിവര്‍ രോഗികളെ പരിശോധിച്ചു.
കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു.
ഊരുകള്‍ക്ക് അനുയോജ്യമായ മൃഗപരിപാലന രീതികളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റിട്ട. വെറ്ററിനറി ഡയറക്ടര്‍ ഡോ കെ ആര്‍ രാജന്റെ നേതൃത്വത്തിലുളള സംഘം ഊരു മൂപ്പന്മാരില്‍ നിന്നും അഭിപ്രായം തേടി.
അട്ടപ്പാടി മേഖലയിലുളള ബി എല്‍ കാര്‍ഡുകള്‍ എ എ വൈ കാര്‍ഡുകളാക്കി മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയതായി റേഷനിങ് ഇന്‍സ്‌പെക്ടര്‍ വി എന്‍ മനോജ് കമ്മീഷനെ അറിയിച്ചു. ഹോമിയോ കിടത്തി ചികിത്സ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഹോമിയോ ഡി എം ഒ കെ ബാബുരാജ് കമ്മീഷന് മുന്നില്‍ നിര്‍ദ്ദേശം വച്ചു.
എസ് സി/എസ് ടി ഗോത്രവര്‍ഗ കമ്മീഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കമ്മീഷന്‍ 110 പുതിയ പരാതികള്‍ സ്വീകരിച്ചു. കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അഗളി ഡി വൈ എസ് പി ആര്‍ സലീം പങ്കെടുത്തു.

---- facebook comment plugin here -----

Latest