Kerala
സോളാര്‍: ജോപ്പനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ജോപ്പനെ പത്തനംതിട്ട സബ് ജയിലിലേക്ക് കൊണ്ടുപോയി. മജിസ്‌ട്രേറ്റിന്റെ വാര്യാകത്തുള്ള വസതിയിലാണ് ജോപ്പനെ ശനിയാഴ്ച രാവിലെ ജോപ്പനെ ഹാജരാക്കിയത്. പത്തനതിട്ട കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസില്‍ നിന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ജോപ്പന്‍ തയ്യാറായില്ല.
ഇന്നലെയാണ് ജോപ്പന്‍ അറസ്റ്റിലായത്. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ടെനിജോപ്പനെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി ടെനി ജോപ്പന്‍ എഴുന്നൂറ് തവണയിലധികം ഫോണില്‍ ബന്ധപ്പെട്ടതായി നേരത്തെ തെളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ജോപ്പനെ ചോദ്യം ചെയ്തത്.
സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു എന്ന കാര്യം പുറത്തായതോടെയാണ് ജോപ്പനെ മുഖ്യമന്ത്രി പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെയും പി എ ജിക്കുമോനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.