National
മുസ്‌ലിം നേതാവിനായി ഗുജറാത്തില്‍ ബി ജെ പിയുടെ നെട്ടോട്ടം
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി ജെ പി ന്യൂനപക്ഷ നേതാവിനെ തേടുന്നു. മുസ്‌ലിം സമുദായത്തിനിടയില്‍ വേരുറപ്പിക്കാനും പാര്‍ട്ടി മതേതരമാണെന്ന് വരുത്തിത്തീര്‍ക്കാനും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ മാസം ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ ഖാദര്‍ സലോത്ത് അന്തരിച്ച ഒഴിവിലേക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. ബി ജെ പി ന്യൂനപക്ഷ വിഭാഗം ദേശീയ സെക്രട്ടറി മെഹ്ബുബലി ബാവയെ തിരികെ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്.
സലോത്തിന് മുമ്പ് ഗുജറാത്തിലെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രസിഡന്റായിരുന്നു ബാവ. മോഡിയുടെ സദ്ഭാവനാ മിഷനില്‍ നിര്‍ണായക പങ്കായിരുന്നു ബാവക്ക്. മുസ്‌ലിം നേതാവിനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നത് വഴി മങ്ങിയ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും മോഡിക്കുണ്ട്. ഗുജറാത്തും മോഡിയും മുസ്‌ലിംവിരുദ്ധമല്ലെന്ന സന്ദേശം ദേശീയ തലത്തില്‍ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം.
ദക്ഷിണ ഗുജറാത്തില്‍ നിന്നും സൗരാഷ്ട്രയില്‍ നിന്നും രണ്ട് മുസ്‌ലിം നേതാക്കള്‍ നേതൃത്വത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ജനസമ്മിതി കുറവാണെന്നാണ് വിലയിരുത്തല്‍. രാജ്‌കോട്ടില്‍ നിന്നുള്ള സലോത്തിന് തെക്കന്‍ ഗുജറാത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ചെറുതല്ലാത്ത സ്വാധീനം ചൊലുത്താന്‍ സാധിച്ചിരുന്നു. ഗുജറാത്ത് ന്യൂനപക്ഷ സാമ്പത്തികകാര്യ ബോര്‍ഡിന്റെ ചെയര്‍മാന്‍ ഇംതിയാസ് ഖാന്‍ പഠാനും നേതൃസ്ഥാനത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഗുജറാത്ത് സെല്ലിന്റെ സെക്രട്ടറി ജനറല്‍ കൂടിയാണ് പഠാന്‍.
ആസിഫ് ഖാന്‍, വിരമിച്ച ഐ പി എസ് ഓഫീസര്‍ അല്‍ സഈദ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.2012ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് വന്നതാണ് ഖാന്‍. എന്നാല്‍ ഇവര്‍ക്കത്ര സ്വീകാര്യതയില്ല. 2010 ല്‍ ബി ജെ പി ടിക്കറ്റില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചെങ്കിലും വിജയം കാണാന്‍ സഈദിന് കഴിഞ്ഞിരുന്നില്ല. ജനപിന്തുണ കുറവാണെന്ന പ്രചാരം സഈദിന് തിരിച്ചടിയായേക്കും.