Gulf
ഏഷ്യന്‍ വംശജര്‍ യു കെയിലേക്കുള്ള ഇടത്താവളമായി യു എ ഇയെ കാണുന്നുവെന്ന്
ദുബൈ: യു കെയിലേക്ക് കുടിയേറാനുള്ള ഇടത്താവളമായി ഏഷ്യന്‍ വംശജര്‍ യു എ ഇയെ കാണുന്നതായി ഇ 2 ഡബ്ലിയു. യു കെയിലേക്ക് കുടിയേറുന്നവരുടെ നിയമ വശങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഈസ്റ്റ് ടു വെസ്റ്റ് (ഇ 2 ഡബ്ലിയു).
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ യു കെയില്‍ ദീര്‍ഘകാല താമസത്തിനായി യു എ ഇയില്‍ നിന്നും അപേക്ഷിച്ചവരില്‍ 32 ശതമാനവും ഏഷ്യന്‍ വംശജരായിരുന്നുവെന്ന് ദുബൈയിലും ലണ്ടനിലും ഓഫീസുള്ള സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജോണ്‍ കോണ്‍വെല്‍ മെന്‍സിസ് വെളിപ്പെടുത്തി. ഈ മനോഭാവം കൂടുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2008ല്‍ 757 പേരാണ് ദീര്‍ഘകാല താമസത്തിന് യു കെയിലേക്ക് അപേക്ഷിച്ചത്. എന്നാല്‍ 2012ല്‍ ഇത് 1071 ആയി വര്‍ധിച്ചു. യു കെയിലേക്ക് കുടിയേറാന്‍ തയ്യാറായി കമ്പനിയെ സമീപിക്കുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയിലും അബുദാബിയിലും പ്രവര്‍ത്തിക്കുന്ന വിദഗ്ദരായ പ്രൊഫഷനലുകളാണ് ഇവര്‍.
അടുത്ത കാലത്താണ് ലണ്ടണ്‍ ഹെഡ് ഓഫീസിന് കീഴില്‍ യു എ ഇയില്‍ ഓഫീസുകള്‍ ആരംഭിച്ചത്. യു എ ഇ പോലുള്ള ഗള്‍ഫ് നാടുകളില്‍ വിദേശികളെ പ്രത്യേകിച്ചും ഏഷ്യന്‍ വംശജരെ സ്ഥിരതാമസത്തിന് അനുവദിക്കാത്തതും യു കെയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.