Connect with us

International

അഫ്ഗാനിലെ നാറ്റോ വിതരണ കേന്ദ്രത്തില്‍ സ്‌ഫോടനം; 11 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നാറ്റോയുടെ വിതരണ കേന്ദ്രത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അക്രമികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലെ പടിഞ്ഞാറന്‍ ഭാഗത്ത് രണ്ട് മാസത്തിനിടെയുണ്ടാകുന്ന ഏഴാമത്തെ ആക്രമണമാണിത്.
സംഭവത്തില്‍ സ്വദേശികളായ രണ്ട് ഡ്രൈവര്‍മാര്‍, നാല് നേപ്പാളി ഗാര്‍ഡുമാര്‍, ഒരു അഫ്ഗാന്‍ ഗാര്‍ഡ് ,നാല് അക്രമികള്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിതരണ കേന്ദ്രത്തിന്റെ വളപ്പില്‍ സ്‌ഫോടക വസ്തുക്കളുമായെത്തിയ ട്രക്ക് പൊട്ടിത്തെറിച്ചതാണ് ആദ്യ സംഭവം.
പുലര്‍ച്ചെ 4.30ഓടെ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് അഫ്ഗാന്‍ ഡ്രൈവര്‍മാരും ഒരു അക്രമിയും കൊല്ലപ്പെട്ടു. ആയുധങ്ങളുമായെത്തിയ ചാവേറുകള്‍ നടത്തിയ ആക്രമണത്തിലാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടതെന്ന് കാബൂളിലെ പോലീസ് തലവന്‍ ജന. മുഹമ്മദ് അയ്യുബ് സാലംഗി മാധ്യമങ്ങളോട് പറഞ്ഞു. അക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന വെടിവെപ്പിലാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്.
പുല്‍ ഇ ചര്‍ക്കി വിന്‍സിറ്റിയിലെ പ്രധാന റോഡില്‍ അമേരിക്കന്‍ സൈന്യം തമ്പടിച്ചിരുന്നിടത്താണ് ആക്രമണം നടന്നത്. സ്‌ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ തകരുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.
നാറ്റോ സേനക്ക് അവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാന കെട്ടിട സമുച്ചയത്തിലാണ് ആക്രമണം. ജൂണ്‍ 25ന് കാബൂളിലെ പ്രസിഡന്റ് കൊട്ടാരത്തിന് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ എട്ട് അക്രമികളും മൂന്ന് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 18ന് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest