Editorial
നിതാഖാത് ഇളവ് പ്രയോജനപ്പെടുത്താനാവണം
പതിനായിരക്കണക്കിന് മലയാളികളുള്‍പ്പെടെ ഏഷ്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് സഊദി അറേബ്യയില്‍ തൊഴില്‍, താമസ രേഖകള്‍ നിയമപരമാക്കാനുള്ള സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കയാണ്. നിതാഖാത്ത് നിയമം പ്രാവര്‍ത്തികമാക്കുന്നതിന് രാജ്യം അനുവദിച്ചിരുന്ന ഇളവ് കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടാന്‍ സഊദി രാജാവ് അബ്ദുല്ലയാണ് ഉത്തരവിട്ടിരിക്കുന്നത്. വിവിധ രാഷ്ട്ര ഭരണകൂടങ്ങളില്‍ നിന്നും നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നുമുയര്‍ന്ന ആവശ്യം കണക്കിലെടുത്താണ് വീണ്ടും രാജകീയ ഇടപെടലുണ്ടാകുന്നത്. തൊഴില്‍ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവുമടക്കം രാജ്യത്തെ വിവിധ ഏജന്‍സികള്‍ സമയപരിധി നീട്ടണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ റമസാന്‍ പടിവാതില്‍ക്കലെത്തി നില്‍ക്കേ ലഭിച്ച രാജകാരുണ്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സഊദിയിലെ വിദേശികള്‍.
നിതാഖാത്ത് നിയമം നടപ്പാക്കുന്നതില്‍ മൂന്ന് മാസം ഇളവ് അനുവദിച്ചിരുന്നെങ്കിലും മുപ്പത് ശതമാനത്തില്‍ താഴെ പേരുടെ രേഖകള്‍ ശരിയാക്കല്‍ മാത്രമേ ഇതുവരെ നടന്നുള്ളൂ. അതില്‍ത്തന്നെ മലയാളികള്‍ വളരെ ചുരുക്കം പേരുടെത് മാത്രം. ഫൈനല്‍ എക്‌സിറ്റില്‍ നാടുവിടാന്‍ സാധിച്ചതും ചുരുക്കം പേര്‍ക്കു മാത്രം. പതിനായിരങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാടുകടത്തല്‍ കേന്ദ്രങ്ങളിലെത്തിയത്. വിദേശികളുടെ തിരക്ക് കാരണം ഇവിടം വീര്‍പ്പുമുട്ടുകയായിരുന്നു. അനധികൃതമായി ഒരു വിദേശ തൊഴിലാളിയും ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിയമമായ നിതാഖാത്ത് മാസങ്ങള്‍ക്കു മുമ്പാണ് സഊദി തൊഴില്‍ മന്ത്രാലയം പ്രാവര്‍ത്തികമാക്കിയത്.
ലോകത്ത് എണ്ണ കയറ്റുമതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സഊദി അറേബ്യയില്‍ ആകെ ജനസംഖ്യ 2.90 കോടിയാണെങ്കില്‍ 1.10 കോടി വിദേശികളാണ് ആ രാജ്യത്ത് നിന്ന് ഉപജീവനം തേടുന്നത്. ഇവരില്‍ നിയമാനുസൃത രേഖയുള്ളവര്‍ 90 ലക്ഷവും അനധികൃത താമസക്കാര്‍ ഇരുപത് ലക്ഷവും വരും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ നാല്‍പ്പത് ശതമാനം വരും വിദേശികള്‍. ഈ കണക്ക് തന്നെയാണ് സഊദി ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.
ഗള്‍ഫില്‍ തൊഴില്‍ നിയമം കര്‍ക്കശമാക്കുക വഴി അനേകം പേര്‍ക്ക് തിരിച്ചുപോരേണ്ടിവരുന്ന സാഹചര്യം വന്നുപെട്ടാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക രംഗത്ത് ഇത് കടുത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കുക. സാമ്പത്തിക മുരടിപ്പിന് വഴിവെക്കുമെന്ന് മാത്രമല്ല, പ്രവാസികളുടെ നിക്ഷേപത്തിലും കുറവുണ്ടാകും. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക് കോടികള്‍ തന്നെ ചെലവഴിക്കേണ്ടിയും വരും. ഇക്കാരണങ്ങളാല്‍ തന്നെ പ്രവാസികളെ പോലെ ഭരണകൂടങ്ങളും ആശങ്കയിലായിരുന്നു.
രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാലാണ് സഊദി സര്‍ക്കാര്‍ അനധികൃത താമസക്കാര്‍ക്കെതിരെ വേട്ട തുടങ്ങിയത്. രാജ്യത്ത് തൊഴില്‍രഹിതരുടെ, പ്രത്യേകിച്ച് വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയും മധ്യപൂര്‍വേഷ്യയില്‍ അറബ് വസന്തമെന്ന പേരില്‍ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ഭരണമാറ്റങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്ത അനുഭവങ്ങള്‍ കൂടി മുന്നിലുണ്ടാകുമ്പോള്‍ സക്രിയമായ ഒരു ഭരണകൂടം ഇത്തരം നിയന്ത്രണങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകുന്നത് സ്വാഭാവികം.
നിയമങ്ങള്‍ക്ക് വിധേയരായി ജോലി ചെയ്യുകയെന്നതാണ് പ്രവാസികള്‍ക്ക് മുമ്പാകെയുള്ള വഴി. ഇതിനാല്‍ത്തന്നെ നാല് മാസക്കാലത്തെ ഇളവ് പ്രയോജനപ്പെടുത്താനാണ് പരിശ്രമിക്കേണ്ടത്. രേഖകള്‍ തരപ്പെടുത്താനോ, വിസാ മാറ്റത്തിനോ അവര്‍ക്ക് കഴിയണം. രേഖകളും മറ്റും ശരിയാക്കി നല്‍കുന്നതിന് അതത് രാജ്യങ്ങളിലെ എംബസികളും ജാഗ്രത പുലര്‍ത്തിയാല്‍ മലയാളികളായ പ്രവാസികളുടെ പരിദേവനങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നുറപ്പ്. വിസ നിയമാനുസൃതമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ സഊദി മണലാരണ്യത്തില്‍ ആശങ്കകള്‍ കൂടാതെ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്ക് ജോലി ചെയ്യാനുമാകും.