Connect with us

Kannur

തെറ്റയിലിനോട് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടും

Published

|

Last Updated

കണ്ണൂര്‍:ലൈംഗിക ആരോപണവിധേയനായ ജോസ് തെറ്റയില്‍ ജനതാദള്‍ എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സാധ്യത. ഇന്ന് രാവിലെ 10ന് എറണാകുളം മാതാ ടൂറിസ്റ്റ് ഹോമില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. യോഗത്തില്‍ തെറ്റയില്‍ പങ്കെടുക്കില്ലെങ്കിലും അദ്ദേഹത്തോട് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെടും.

പാര്‍ട്ടിയിലെ ഭൂരിപക്ഷ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ്. എന്നാല്‍ സംസ്ഥാന ഭാരവാഹികളായ കെ എസ് പ്രദീപ്കുമാര്‍, പി എം ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റയിലിന് അനുകൂലമായ നിലപാടെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് തത്കാലം തെറ്റയില്‍ മാറി നില്‍ക്കുന്നതാണ് ഗുണകരമെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം. യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി ഇന്നലെ ഒരു വിഭാഗം നേതാക്കള്‍ എറണാകുളത്ത് രഹസ്യ യോഗം ചേര്‍ന്നിരുന്നു.
തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പാര്‍ട്ടി ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇതുവരെ ഒരു എം എല്‍ എയും സ്ഥാനം രാജിവെച്ചിരുന്നില്ല എന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ആരോപണവിധേയരായവര്‍ മന്ത്രി സ്ഥാനം മാത്രമാണ് രാജിവെച്ചത്. എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ ഉന്നതമായ പദവിയില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കുന്നതാണ് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് നല്ലതെന്നും നേതാക്കള്‍ പറയുന്നു. ആരോപിക്കപ്പെട്ട കുറ്റം വ്യാജമാണെന്ന് തെളിഞ്ഞാല്‍ വീണ്ടും സ്ഥാനത്തേക്ക് തെറ്റയിലിനെ പരിഗണിക്കാമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
തെറ്റയിലിനെതിരെ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹത്തെ അഭിപ്രായവ്യത്യാസമില്ലാതെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ചത്. എന്നാല്‍ പത്ത് ദിവസം പിന്നിട്ടിട്ടും തെറ്റയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെപോലും ബന്ധപ്പെട്ടിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം എവിടെയാണ് ഉള്ളതെന്ന് പാര്‍ട്ടി നേതാക്കള്‍ക്കുപോലും അറിയില്ല. സംസ്ഥാന പ്രസിഡന്റിനെയെങ്കിലും ബന്ധപ്പെട്ട് തെറ്റയില്‍ കാര്യങ്ങള്‍ വിശദീകരിക്കണമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു. ഈ നടപടിയില്‍ പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.
തെറ്റയിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ജനതാദള്‍ സംസ്ഥാന കമ്മിറ്റി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ആഗസ്റ്റ് മാസം സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ജാഥയും മറ്റൊരു അജന്‍ഡയാണ്. പതിനൊന്ന് ജില്ലാ കമ്മിറ്റികളും ജോസ് തെറ്റയില്‍ പാര്‍ട്ടി ഭാരവാഹിത്വം ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എല്ലാ ജില്ലാ കമ്മിറ്റികളും വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യും.
തെറ്റയിലിനെതിരായി ഉയര്‍ന്ന ആരോപണം പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതായാണ് പാര്‍ട്ടി നേതാക്കളുടെ പൊതുവെയുള്ള അഭിപ്രായം. ഈ സാഹചര്യത്തില്‍ അദ്ദേഹം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഗുണകരമെന്നും നേതാക്കള്‍ പറയുന്നു.

 

Latest