National
ദേശീയ സൈബര്‍ സുരക്ഷാ നയം പുറത്തിറക്കി
ന്യൂഡല്‍ഹി: വിവരങ്ങള്‍ സംരക്ഷിക്കപ്പെടുക, സൈബര്‍ ആക്രമണങ്ങള്‍ തടയുക എന്നിവ ലക്ഷ്യമിട്ട് ദേശീയ സൈബര്‍ സുരക്ഷാ നയം-2013 കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രാഷ്ട്രത്തിന്റെ ഭൂ പരിധിയും സമ്പത്തും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശമാണ് ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
“എന്താണ് സര്‍ക്കാറിന്റെ വീക്ഷണമെന്നതിനെ സംബന്ധിച്ച് പൗരന്മാര്‍ക്ക് വിശാല കാഴ്ചപ്പാട് നല്‍കുന്ന ചട്ടക്കൂടുള്ള രേഖയാണ് നയങ്ങള്‍. എന്നാല്‍ അവയുടെ പ്രയോഗവത്കരണമാണ് ശ്രമകരമെന്ന് നയം പുറത്തിറക്കിക്കൊണ്ട് ഐ ടി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പ്രതിരോധം, ഊര്‍ജം, ആണവ നിലയങ്ങള്‍, ടെലി വിനിമയങ്ങള്‍ തുടങ്ങിയ മേഖലകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് സാമ്പത്തിക അസ്ഥിരതക്ക് കാരണമാകും. രാഷ്ട്രങ്ങള്‍, കോര്‍പറേറ്റ് ഭീമന്‍മാര്‍, തീവ്രവാദികള്‍ തുടങ്ങിയവരില്‍ നിന്ന് ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൈബര്‍ നയം അനിവാര്യമാണ്. പ്രത്യേകിച്ച്, ഇന്റര്‍നെറ്റ് സൗകര്യം ഭൂമിശാസ്ത്രപരമായ അതിരുകളെ ഭേദിക്കുകയും അജ്ഞാത സ്വഭാവം കൈവരിക്കുകയും ചെയ്യുമ്പോള്‍. അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒരേ സമയത്ത് സൈബര്‍ യുദ്ധങ്ങളുണ്ടാകാം. അസ്ഥിരത ഉണ്ടാകുക എന്നാഗ്രഹിക്കുന്ന വ്യക്തികളോ, സമൂഹത്തിലെ ഒരു കൂട്ടമോ, മയക്കുമരുന്ന് ഇടപാടുകരോ തീവ്രവാദികളോ ആയിരിക്കാം ഇതിന് പിന്നിലുണ്ടാകുക. ആഗോള പ്രാധാന്യത്തിലുള്ള നയരൂപവത്കരണമാണ് നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് ഇവയെ ചുരുക്കാനാകില്ല. വിവരങ്ങള്‍ക്കും വിനിമയത്തിനും അതിരുകളില്ലാത്തതിനാല്‍ മൊത്തം ലോകത്തെ ആധാരമാക്കിയുള്ള നയമാണ് ഉണ്ടാകുക. പൗരന്‍മാരെ ശാക്തീകരിക്കാന്‍ എല്ലാ വിധ ആഗോള സഹകരണവും നടത്തുമ്പോഴും രാഷ്ട്ര സംരക്ഷണം ഉറപ്പ് വരുത്തേണ്ടതുണ്ട്. നമ്മുടെ സംവിധാനത്തെ ആര് ആക്രമിക്കുമെന്ന് പറയുക വയ്യ. അതിനാല്‍ നാം തന്നെ അതിനെ സംരക്ഷിക്കേണ്ടതുണ്ട്. സിബല്‍ കൂട്ടിച്ചേര്‍ത്തു. സൈബര്‍ സുരക്ഷാ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഏകീകൃത സംവിധാനത്തിലൂടെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ദേശീയ നോഡല്‍ ഏജന്‍സിയെ സംവിധാനിക്കും. അതിന്റെ പങ്കും ഉത്തരവാദിത്വങ്ങളും കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.