Kerala
സോളാര്‍ തട്ടിപ്പ്: ശാലുമേനോനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലുമേനോനെ ഇന്ന് കോടതിയില്‍ ഹാജറാക്കും. തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പരാതിക്കാരന്‍ റാസിഖലി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ശാലുവിനെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ചങ്ങനാശ്ശേരിയിലെ വസതിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ശാലുവിനെ തിരുവനന്തപുരത്ത് എ ഡി ജി പി ഹേമചന്ദ്രന്റെ ഓഫീസിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ശാലു മേനോനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ബന്ധമാണ് ശാലുവിനെ അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുകയും ചെയ്തു. ഇതിനിടെയാണ് പി ഡി ജോസഫ് തൃശൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്. ഈ ഹരജി പരിഗണിച്ചുകൊണ്ട് ജഡ്ജി കെ പി അനില്‍ കുമാര്‍ ശാലുവിനെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.