Ongoing News
റമസാനില്‍ ഖുര്‍ആന്‍ എങ്ങനെ ഓതിത്തീര്‍ക്കാം?
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാന്‍. അതുകൊണ്ടു തന്നെ റമസാനില്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. റമസാനില്‍ ഒരു ഖത്തം (ഖുര്‍ആന്‍ മുഴുവനായും പാരായണം ചെയ്യുക) ഓതിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇതിനു സാധിക്കാറില്ല. വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും പാരായണം ചെയ്തു തീര്‍ക്കുകയോ? എനിക്കതിന് സാധിക്കില്ല എന്ന ചിന്തയാണ് പ്രത്യേകിച്ചും പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക്. എന്നാല്‍ റമസാനിലെ 30 ദിവസങ്ങള്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും പാരായണം ചെയ്തു തീര്‍ക്കല്‍ അത്ര വലിയ കാഠിന്യമേറിയ സംഗതിയല്ല. വളരെ ലളിതമായി ഖുര്‍ആന്‍ ഖത്തം പൂര്‍ത്തിയാക്കാന്‍ താഴെ പറയും പ്രകാരം ചെയ്താല്‍ മതി.
ഖുര്‍ആനില്‍ ഏകദേശം 600 പേജുകളാണ് ഉള്ളത്. ഇതിനെ 30 ദിവസത്തേക്ക് ഭാഗിച്ചാല്‍ 20 പേജ് ഒരു ദിവസം കൊണ്ട് ഓതിത്തീര്‍ക്കണം. ഒരു സമയം 20 പേജ് ഓതിത്തീര്‍ക്കാന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. അങ്ങിനെയെങ്കില്‍ ഓരോ വഖ്ത്ത് നിസ്‌കാരത്തിന് ശേഷവും 4 പേജ് വീതം ഓതുക. അഞ്ച് വഖ്ത്ത് കൊണ്ട് 20 പേജ് പൂര്‍ത്തിയാക്കാം. രണ്ട് തവണ ഖത്തം തീര്‍ക്കണമെങ്കില്‍ ഓരോ വഖ്ത്തിനും മുമ്പും പിമ്പും നാല് പേജ് ഓതുക.
ഇപ്പോള്‍ തോന്നുന്നുണ്ടോ എനിക്കും ഖുര്‍ആന്‍ ഖത്തം തീര്‍ക്കാന്‍ സാധിക്കുമെന്ന്? എങ്കില്‍ ആദ്യം ദൃഢ പ്രതിജ്ഞയെടുക്കൂ. തുടര്‍ന്ന് മേല്‍പറഞ്ഞ പ്രകാരം പാരായണം ചെയ്ത് നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ വിജയിക്കും.