Connect with us

Gulf

നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് അമീന്‍ ഹാജി വിട നല്‍കി

Published

|

Last Updated

അല്‍ ഐന്‍: നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി അമീന്‍ ഹാജി നാട്ടിലെത്തി. 22-ാം വയസിലാണ് തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഉസ്മാന്‍ അമീന്‍ (അമീന്‍ ഹാജി, 61) ഗള്‍ഫിലെത്തുന്നത്.
1974ല്‍ ട്രെയിന്‍ മാര്‍ഗം ബോംബെയിലെത്തി. അക്ബര്‍ എന്ന കപ്പലില്‍ ദുബൈ സീപോര്‍ട്ടില്‍ വന്നിറങ്ങി. സ്വകാര്യ വിസയില്‍ ജോലി തേടി എത്തിയ ഹാജി ദുബൈയിലും അബുദാബിയിലും ഒരു വര്‍ഷം ജോലി ചെയ്തു. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയില്‍ (അഡ്‌നോക്) ജോലിയില്‍ പ്രവേശിച്ചു. മൂന്നു മാസത്തോളം ഫില്ലറായി ജോലി ചെയ്തു. തുടര്‍ന്ന് സീനിയര്‍ ഫില്ലറായും അസിസ്റ്റന്റ് സൂപ്പര്‍വൈസറായും പ്രവര്‍ത്തിച്ചു. അതിനിടെ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടരപ്പതിറ്റാണ്ടിലേറെ സൂപ്രണ്ട് ജോലി ചെയ്താണ് അമീന്‍ ഹാജി അഡ്‌നോക്കില്‍ നിന്നും വിരമിക്കുന്നത്.
1975ല്‍ തുടങ്ങിയ അഡ്‌നോക് ജീവിതത്തില്‍ ആദ്യമായി അല്‍ ഐന്‍ സരൂജ് പെട്രോള്‍ സ്‌റ്റേഷനിലാണ് ജോലി ചെയ്തത്. പിന്നീട് പല സ്റ്റേഷനുകളിലായി മൂന്ന് പതിറ്റാണ്ടിലേറെ കഴിച്ചു കൂട്ടി. ഇക്കാലയളവില്‍ പിന്നിട്ട ഒരുപാടു കാര്യങ്ങള്‍ അമീന്‍ ഹാജിക്കു പറയാനുണ്ട്.
ആദ്യകാലങ്ങളില്‍ കുറഞ്ഞ തൊഴിലാളികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മലയാളികളായിരുന്നു കൂടതലും. ഇടക്കാലത്ത് യമനില്‍ സംഭവിച്ച ഡാം തകര്‍ച്ചയും മറ്റുമായി അവിടെ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികള്‍ ജോലി തേടി അഡ്‌നോക്കിലെത്തി. ഇന്ന് വിവിധ രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ ഒന്നായി അഡ്‌നോക് മാറി.
എഴുപതുകളുടെ അവസാനത്തില്‍ വളരെ വിരളമായിരുന്നു എണ്ണ വിതരണ കേന്ദ്രങ്ങള്‍. വാഹനങ്ങളും ഗതാഗത സൗകര്യങ്ങളും നന്നേ കുറവായിരുന്നു.
അബുദാബിയില്‍ കടകമ്പോളങ്ങളും മാര്‍ക്കറ്റുകളും വിരലിലെണ്ണാവുന്നവ. പഴയ റോഡുകളും മണ്ണിന്‍ പാതകളും ഒട്ടക സവാരിയും ഒരുകാലഘട്ടത്തിന്റെ പ്രതാപമായിരുന്നു. നവീകരിച്ച റോഡുകളും വാഹന വ്യൂവഹും വന്‍കിട കെട്ടിടങ്ങളും ഈ നാടിന്റെ നാഴികക്കല്ലുകളാണെന്ന് അമീന്‍ ഹാജി പറയുന്നു.
പ്രാദേശിക കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായ അമീന്‍ ഹാജി തിരുവനന്തപുരം പെരുമാതുറ കൂട്ടായ്മയുടെ രൂപവത്കരണം മുതല്‍ യു എ ഇ സെന്‍ട്രല്‍ കമ്മിറ്റിയുടെയും അല്‍ ഐന്‍ കമ്മിറ്റിയുടെയും അക്‌സയുടെയും ട്രഷറര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. പെരുമാതുറ കൊടുത്തിട്ട വീട്ടില്‍ പരേതനായ മുഹമ്മദ് ഉസ്മാന്‍-റഹ്മാ ബീവി ദമ്പതികളുടെ മകനാണ്.
മക്കള്‍: അശ്കര്‍ അമീന്‍, നസീറ അമീന്‍.