National
തെലുങ്കാന: നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ഇന്ന്
ന്യൂഡല്‍ഹി/ഹൈദരാബാദ്: ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തെലുങ്കാനാ സംസ്ഥാന രൂപവത്കരണം സംബന്ധിച്ച തീരുമാനമുണ്ടായേക്കും. തെലുങ്കാനാ മേഖലയിലെ ജനങ്ങള്‍ പ്രതീക്ഷയോടെയും സീമാന്ധ്ര മേഖലയിലുള്ളവര്‍ ആശങ്കയോടെയുമാണ് ഇന്നത്തെ യോഗത്തെ കാണുന്നത്.
ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം തന്നെ പ്രത്യേക സംസ്ഥാന രൂപവത്കരണത്തിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി, ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹം, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോസ്താ സത്യനാരായണ എന്നിവര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചു. കിരണ്‍ കുമാര്‍ റെഡ്ഢിയും സത്യനാരായണയും രായല സീമയില്‍ നിന്നുള്ള നേതാവാണ്. എന്നാല്‍ തെലുങ്കാനയില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹം പ്രത്യേക സംസ്ഥാനത്തിനായി ശക്തമായി വാദിക്കുന്നയാളാണ്. ഈ അഭിപ്രായ ഭിന്നത തന്നെയാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ കുഴക്കുന്നത്.