Connect with us

National

'നഗ്നമായ വര്‍ഗീയതയേക്കാള്‍ നല്ലത് ബുര്‍ഖക്കുള്ളിലെ മതേതരത്വം'

Published

|

Last Updated

ajay-maken-295

അജയ് മാക്കന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ “മതേതരത്വത്തിന്റെ ബുര്‍ഖ” പ്രയോഗത്തിനു മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. വര്‍ഗീയതയുടെ നഗ്‌നതയേക്കാള്‍ നല്ലതാണ് മതേതരത്വത്തിന്റെ ബുര്‍ഖയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു.

വര്‍ഗീയത ഭിന്നിപ്പിക്കുമ്പോള്‍ മതേതരത്വം യോജിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വന്തം സംസ്ഥാനത്തിന്റെ പുരോഗതി മോഡി ആദ്യം മെച്ചപ്പെടുത്തട്ടെ. എന്നിട്ടാകാം രാജ്യത്തിന്റെ പുരോഗതിയെന്നും മാക്കന്‍ പരിഹസിച്ചു. സംസ്ഥാനത്തിന്റെ കായിക വികസനത്തിന് മോഡി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒന്നും ചെയ്തില്ല. ഒളിമ്പിക്‌സിലെ രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് പറയുമ്പോള്‍ കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഗുജറാത്ത് വട്ടപ്പൂജ്യമായിരുന്നെന്ന് ഓര്‍ക്കണമെന്നും മുന്‍ കായിക മന്ത്രി കൂടിയായ മാക്കന്‍ ചൂണ്ടിക്കാട്ടി.
മോഡി പറഞ്ഞ കാര്യങ്ങള്‍ ഏകപക്ഷീയമാണ്. യു പി എ ഭരണത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നില്ലെന്ന മോഡിയുടെ പരാമര്‍ശത്തിനും മാക്കന്‍ ശക്തമായ മറുപടി നല്‍കി. ഗുജറാത്തില്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പകുതിക്ക് വെച്ച് നിര്‍ത്തുന്നവരുടെ എണ്ണം ദേശീയ ശരാശരിക്കും മുകളിലാണെന്ന് മാക്കന്‍ ചൂണ്ടിക്കാട്ടി. 13 ശതമാനം മാത്രമേ വിദ്യാഭ്യാസത്തിന് വേണ്ടി സംസ്ഥാനം ചെലവഴിച്ചിട്ടുള്ളൂ. ദേശീയ ശരാശരിയില്‍ 14ാമതാണ് ഗുജറാത്ത്. ലിംഗസമത്വത്തിലും സാക്ഷരതയിലും സംസ്ഥാനം ദേശീയ ശരാശരിയേക്കാളും പിന്നിലാണെന്നും മാക്കന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രിയുമായ മനീഷ് തിവാരി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്, കേന്ദ്ര സഹ മന്ത്രി ശശി തരൂര്‍ എന്നിവരും മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തി.
മതേതരത്വത്തിന്റെ ബുര്‍ഖ അണിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസെന്നും പ്രതിസന്ധികളില്‍ നിലവറയില്‍ പോയി ഒളിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നുമാണ് കഴിഞ്ഞ ദിവസം മോഡി പറഞ്ഞത്. പൂനെയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു മോഡിയുടെ പരമാര്‍ശം.
മോഡിയുടെ “നായ്ക്കുട്ടി” പ്രയോഗം വരുത്തിവെച്ച വിവാദത്തിനു പിന്നാലെയാണ് പുതിയ വിവാദവും വാഗ്വാദവും ആരംഭിച്ചിരിക്കുന്നത്. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തില്‍ ദു:ഖം തോന്നുന്നുവോ എന്ന റോയിട്ടര്‍ ലേഖകന്റെ ചോദ്യത്തിന് മോഡി പറഞ്ഞ മറുപടിയായിരുന്നു “നായ്ക്കുട്ടി” പ്രയോഗത്തിലൂടെ വിവാദമായത്. “വാഹനമോടിക്കുമ്പോള്‍ നായ്ക്കുട്ടി ചക്രത്തിനടിയില്‍പ്പെട്ടാലും നാം വേദനിക്കാറുണ്ട്. മുഖ്യമന്ത്രിയായാലും അല്ലെങ്കിലും ഞാനൊരു മനുഷ്യനാണ്. തെറ്റായ കാര്യങ്ങള്‍ എവിടെ സംഭവിച്ചാലും വേദന തോന്നാറുണ്ട്” എന്നാണ് മോഡി പറഞ്ഞത്. “നായ്ക്കുട്ടി” പ്രസ്താവനയെ അപലപിച്ച് വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest