National
മോഡിയെ സൂപ്പര്‍മാനാക്കിയത് തെറ്റ്; ടൈംസ് ഓഫ് ഇന്ത്യ തിരുത്തി
ബാംഗ്ലൂര്‍: ഉത്തരാഖണ്ഡ് പ്രളയവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രിയെ “സൂപ്പര്‍മാനായി” ചിത്രീകരിച്ചു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പിന്‍വലിച്ചു ടൈം ഓഫ് ഇന്ത്യ ദിനപ്പത്രം തിരുത്ത് പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് പത്രത്തിന്റെ തിരുത്ത്. മോഡിയുമായോ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായോ സംസാരിക്കാതെ പടച്ചുണ്ടാക്കിയ ഒരു റിപ്പോര്‍ട്ടായിരുന്നുവതെന്ന് വിശദീകരണത്തില്‍ പത്രം തന്നെ സമ്മതിക്കുന്നു.
ജൂണ്‍ 23നാണ് വിവാദമായ റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. ഉത്തരാഖണ്ഡില്‍ എത്തിയ മോഡി രണ്ടു ദിവസം കൊണ്ട് 15,000 ഗൂജറാത്തികളെ രക്ഷിച്ചെന്നായിരുന്നു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി 80 ഇന്നോവ കാറുകളും ചാര്‍ട്ട് ചെയ്ത നാലുവിമാനങ്ങളും നിരവധി ആഢംബര ബസ്സുകളും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മോഡിയുടെ അവകാശവാദത്തെ പരിഹസിച്ചു രംഗത്തുവന്നിരുന്നു.
എന്നാല്‍ മോഡിയെ താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ റിപ്പോര്‍ട്ടെന്നാണ് ബി ജെ പി വാദം. നൂറുകണക്കിന് കാര്‍ട്ടൂണുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും പൂര്‍ത്തിയാക്കിയതിനുശേഷമാണ് ടൈംസ് ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പാര്‍ട്ടിയുടെ ആരോപണം.