International
താത്കാലിക അഭയം ആവശ്യപ്പെട്ട് സ്‌നോഡെന്‍ റഷ്യയെ സമീപിക്കുന്നു
മോസ്‌കോ: യു എസ് വ്യാപകമായി നടത്തിയ ഫോണ്‍ ചോര്‍ത്തലുകളെ കുറിച്ച് വെളിപ്പെടുത്തിയ സി ഐ എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡെന്‍ താത്കാലിക അഭയം നല്‍കണമെന്നാവശ്യപ്പെട്ട് റഷ്യക്ക് അപേക്ഷ നല്‍കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഫെഡറല്‍ മൈഗ്രേഷന്‍ സര്‍വീസ് അധികൃതര്‍ സ്ഥിരീകരിച്ചു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഇക്വഡോര്‍, വെനിസ്വേല, നിക്കരാഗ്വേ, വെനിസ്വേല തുടങ്ങിയവ സ്‌നോഡെന് അഭയം നല്‍കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ മോസ്‌കോ വിടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. താത്കാലിക അഭയം നല്‍കണമെന്നാവശ്യപ്പെട്ട് റഷ്യക്ക് അപേക്ഷ നല്‍കാനാണ് സ്‌നോഡെന്‍ തീരുമാനിച്ചത്. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സ്‌നോഡെന്റെ അഭിഭാഷകന്‍ പറഞ്ഞു. അപേക്ഷ റഷ്യ സ്വീകരിക്കുകയാണെങ്കില്‍ റഷ്യയില്‍ താമസിക്കാനുള്ള അവകാശം സ്‌നോഡെന് ലഭ്യമാകും. യു എസ് രാജ്യദ്രോഹ കുറ്റം ചുമത്തിയ സ്‌നോഡെന്‍ മൂന്നാഴ്ചയായി മോസ്‌കോയിലെ ഷെര്‍മിത്തിയോണ്‍ വിമാനത്താവളത്തിലാണുള്ളത്.