International
ഇലക്ടറല്‍ കോളജ് പൂര്‍ത്തിയാകും മുമ്പ് പാക്കിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
**പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ദേശീയ, പ്രവിശ്യാ അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രതീക്ഷിച്ചതിലും ഒരു മാസം നേരത്തെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന പ്രത്യേക യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഫക്രുദ്ദീന്‍ ജി ഇബ്‌റാഹീം തീയതി തീരുമാനം അംഗീകരിച്ചത്.
സെപ്തംബര്‍ എട്ടിന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുന്ന പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രണ്ടാം തവണ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ, പ്രവിശ്യാ അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ആഗസ്റ്റ് 22നാണ് ദേശീയ, പ്രവിശ്യാ അസംബ്ലികളിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് പ്രവിശ്യകളിലെയും പാര്‍ലിമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അതാത് അസംബ്ലികളിലാണ് വോട്ട് രേഖപ്പെടുത്തുക. ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പി എം എല്‍- എന്‍ സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാനുള്ള അംഗബലമുണ്ട്. സര്‍ദാരിയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്തെത്തി.