Connect with us

Gulf

അഞ്ചില്‍ രണ്ട് ഗര്‍ഭധാരണവും ആഗ്രഹിക്കാതെ സംഭവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്

Published

|

Last Updated

ദുബൈ:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗര്‍ഭങ്ങളില്‍ അഞ്ചില്‍ രണ്ടും ആഗ്രഹിക്കാതെ സംഭവിക്കുന്നതാണെന്ന് പഠനം. ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് യു എന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോക ജനസംഖ്യ 2013ന്റെ മധ്യത്തില്‍ 720 കോടിയായി ഉയര്‍ന്നിരിക്കയാണ്. 2012ലെ ഓരോ ദിവസവും 9,372 കുട്ടികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിച്ചത്.

വികസ്വര രാജ്യങ്ങളിലാണ് ജനപ്പെരുപ്പം കൂടുതല്‍ സംഭവിക്കുന്നത്. വികസ്വര രാജ്യങ്ങളിലും വ്യാവസായിക രാജ്യങ്ങളിലുമെല്ലാം ദമ്പതികള്‍ ആഗ്രഹിക്കാതെ ഗര്‍ഭം സംഭവിക്കുന്നു. വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് യു എന്നിന് വേണ്ടി ഏറെ കൗതുകകരമായ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോക ജനസംഖ്യ 680 കോടിയായിരുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും 1,660 കോടിയായി ജനസംഖ്യ ഉയരുമെന്നും വേള്‍ഡ് വാച്ച് ഇനിസ്റ്റിറ്റിയൂട്ട് പ്രസിഡന്റ് റോബര്‍ട്ട് എന്‍ഗല്‍മാന്‍ വ്യക്തമാക്കി. 8.21 കോടി ജനങ്ങളാണ് 2012ല്‍ ലോക ജനസംഖ്യയിലേക്ക് ചേര്‍ക്കപ്പെട്ടത്. ഇത് 1994 മുതലുള്ള ഓരോ വര്‍ഷത്തേയും ജനസംഖ്യയുടെ പെരുപ്പം കണക്കാക്കിയാല്‍ റെക്കാര്‍ഡാണ്. 21ാം നൂറ്റാണ്ടിന്റെ ഒന്നാം പാദം വരെ ജനസംഖ്യ വര്‍ധിക്കുന്ന സ്ഥിതി തുടരുമെന്നും എന്നാല്‍ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഈ അവസ്ഥക്ക് മാറ്റം സംഭവിക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വികസ്വര രാജ്യങ്ങളിലെ സ്ത്രീകള്‍ യു എന്‍ കണക്ക് കൂട്ടിയതിലും കൂടുതല്‍ കുട്ടികള്‍ക്കാണ് ഈ കാലയളവില്‍ ജന്മം നല്‍കിയത്. നൈജീരിയ, നൈജര്‍, എത്യോപ്യ, കോങ്കോ തുടങ്ങിയ 15 സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ജനപ്പെരുപ്പം കൂടുതല്‍ ദൃശ്യമാവുന്നതും കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളുള്ളതും. പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ജനനനിരക്ക് സംഭവിക്കുന്നത് എന്ത്‌കൊണ്ടാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ കൃത്യമായ ഒരു കാരണം കണ്ടെത്താന്‍ പഠനത്തില്‍ സാധിച്ചിട്ടില്ല. മേഖലയിലെ പല സര്‍ക്കാരുകളും കുടുംബാസൂത്രണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതും പണം മാറ്റിവക്കാത്തതുമാണ് പ്രത്യക്ഷത്തില്‍ കാണുന്ന കാരണം.
22.2 കോടി സ്ത്രീകള്‍ ഉടന്‍ ഒരു ഗര്‍ഭധാരണം ആഗ്രഹിക്കുന്നില്ലെങ്കിലും ഗര്‍ഭം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇതാണ് ലോകത്ത് സംഭവിക്കുന്ന അഞ്ചില്‍ രണ്ട് ഗര്‍ഭം വീതം ആഗ്രഹിക്കാതെ സംഭവിക്കുന്നതാണെന്ന നിഗമനത്തില്‍ എത്താന്‍ ഇടയാക്കുന്നതെന്ന് റോബര്‍ട്ട് എന്‍ഗല്‍മാന്‍ വിശദീകരിച്ചു.
2000-2010 കാലഘട്ടത്തെ അപേക്ഷിച്ച് 2010-2015 കാലത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ വന്ന വര്‍ധനവും ജനസംഖ്യ കൂടുന്നതിന് കാരണമാണെന്ന് യു എന്‍ പഠനം നിരീക്ഷിക്കുന്നു. വരും കാലങ്ങളില്‍ ഇന്നത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം എന്നത് 70ല്‍ നിന്ന് 82ലേക്ക് ഉയരുമെന്നതും ജനപെരുപ്പത്തിന് കാരണമാവും. ജീവിത നിലവാരത്തില്‍ സംഭവിച്ച ഉയര്‍ച്ചയും ആധുനിക മരുന്നുകളുടെ ലഭ്യതയുമാണ് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ ഇടയാക്കുന്നത്.
ഓരോ വര്‍ഷവും ലോക ജനസംഖ്യയില്‍ 1.15 ശതമാനത്തിന്റെ വര്‍ധനവ് സംഭവിക്കുന്നതായാണ് യു എന്‍ ജനസംഖ്യ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോക ജനസംഖ്യയുടെ 60 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. രണ്ടാം സ്ഥാനത്ത് ആഫ്രിക്കയും മൂന്നാമത് യൂറോപ്പുമാണ്. ജനസംഖ്യ വര്‍ധനവിന്റെ 96 ശതമാനവും സംഭവിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും പഠനം എടുത്തു പറയുന്നു. 2100ല്‍ ലോക ജനസംഖ്യ 1,090 കോടിയായി ഉയരും. ഇതേ കാലത്ത് ആഫ്രിക്കയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇപ്പോഴത്തെ ശരാശരിയായ 58ല്‍ നിന്ന് 77 ല്‍ എത്തുമെന്നും പഠനം പ്രവചിക്കുന്നു.

 

Latest