National
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഹരിത ട്രിബ്യൂണലിന്റെ വിധി. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാനും ട്രിബ്യൂണല്‍ ചെര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ തീരുമാനിച്ചു.
മാധവ് ഗാഡ്ഗില്‍ സമിതി ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന ഗോവ ഫൗണ്ടേഷന്റെ ഹരജി തള്ളണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ഫൗണ്ടേഷന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജോജി സ്‌കറിയ വാദിച്ചു. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന് ഉപദേശക സ്വാഭാവമാണ് ഉള്ളതെന്നും ഉപദേശക സ്വഭാവമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്നും കേരളം വാദിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഹരിത ട്രിബ്യൂണല്‍ തള്ളുകയായിരുന്നു.