Connect with us

Ongoing News

അച്ഛന്റെ ചുടുകണ്ണീര്‍...

Published

|

Last Updated

mohan lal byline

1അംഗവൈകല്യങ്ങളില്ലാതെ ബുദ്ധി വൈകല്യങ്ങളേശാതെ ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുക എന്നതാണ് ഈ പ്രബഞ്ച സംവിധാനത്തിലെ ഏറ്റവും വിസ്മയകരമായ സംഭവം. അമ്മയ്ക്കും അച്ഛനുമൊപ്പം സമസ്ത പ്രപഞ്ചവും അവന്/അവള്‍ക്ക് വേണ്ടി മനസ്സ് തപിച്ചു പ്രാര്‍ഥിച്ചിരുന്നു. പത്ത് മാസം പറിന്ന കുഞ്ഞിന്റെ ശരീരത്തില്‍ ഒരു അപ്പൂപ്പന്‍ താടി വന്നിരുന്നാല്‍ മതി, അമ്മയ്ക്ക് നോവാന്‍. എത്ര പ്രായമായാലും എത്ര ദൂരെയായിരുന്നാലും മക്കള്‍ക്കുണ്ടാവുന്ന ചെറുനോവുകള്‍ പോലും അമ്മമാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇതിന് തെളിവുകള്‍ തേടി ശാസ്ത്രത്തിലേക്കൊന്നും പോകേണ്ട. എനിക്കനുഭവമുണ്ട്. ലോകത്ത് എവിടെയായിരുന്നാലും ഒരു ദിവസത്തെ ജോലി കഴിഞ്ഞാല്‍ ഞാന്‍ മുടങ്ങാതെ അമ്മയെ വിളിക്കാറുണ്ട്. എനിക്കൊരു ചെറിയ തലവേദനയുണ്ടെങ്കില്‍ പോലും ഞാന്‍ പറയാതെ തന്നെ അമ്മയത് കണ്ടുപിടിക്കാറുണ്ട്. നിനക്കെന്തെങ്കിലും വയ്യായ്കയുണ്ടോ എന്ന ചോദ്യം മാത്രം മതി മരുന്നായി. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഭൂമിയിലെ ഏറ്റവും ആഴമേറിയ ബന്ധം.

ഇത്രയും കുറിച്ചത് രണ്ട് പേരുകള്‍ തമ്മില്‍ വെച്ചുകൊണ്ടാണ്. ഏപ്രില്‍ 23ന് ആറാം വയസ്സില്‍ കോഴിക്കോട്ട് അച്ഛന്റെയും അമ്മയുടെയും പീഡനത്താല്‍ കൊല്ലപ്പെട്ട അദിതി എസ് നമ്പൂതിരിയും അച്ഛന്റെയും അമ്മയുടെയും പീഡനത്താല്‍ കൊടുംക്രൂരതയേറ്റ് കുമളിയിലെ ആശുപത്രിയില്‍ മരണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന അഞ്ച് വയസ്സുകാരന്‍ ഷെഫീഖും. 

adhithi-featuredരണ്ട് പേരും ഭൂമിയില്‍ പിച്ചവെച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ഇവിടത്തെ മനുഷ്യരുടെ വിചിത്രമായ പെരുമാറ്റങ്ങളും നിയമക്രമങ്ങളും കുടിലതകളുമൊന്നും ഇരുവര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ ഇതെല്ലാം അറിയുന്നവരായിരുന്നു അവരുടെ മാതാപിതാക്കള്‍. സ്വയം വരുത്തിവെച്ച ജീവിത പ്രശ്‌നങ്ങളാല്‍ കലികൊണ്ട അവര്‍ അത് തീര്‍ത്തത് കഷ്ടിച്ച് വാക്കുകള്‍ കൂട്ടിച്ചൊല്ലിത്തുടങ്ങിയിരുന്ന ഈ കുട്ടികളുടെ മേലായിരുന്നു. അവര്‍ ചെയ്ത കാര്യങ്ങള്‍ ഞാന്‍ എടുത്തെഴുതുന്നില്ല. അതിനുള്ള ശേഷി എനിക്കില്ല. ഓര്‍ക്കുമ്പോള്‍ പോലും നെഞ്ച് നോവുന്നു. ഞാനും ഒരച്ഛനാണ്.

മനുഷ്യനെന്ന നിലയിലും അച്ഛനെന്ന നിലയിലും നിന്ന് ആലോചിച്ച് നോക്കിയിട്ടും എങ്ങിനെയാണ് ഇത്തരം ക്രൂരത കാട്ടാന്‍ കഴിയുക എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്ത് തരം മാനസികാവസ്ഥയായിരിക്കും ഈ മനുഷ്യരുടേത്? ഞാന്‍ ഇവരെ മനുഷ്യര്‍ എന്ന് തന്നെ വിളിക്കുന്നു. കാരണം മൃഗങ്ങള്‍ ഇങ്ങനെ ചെയ്യുന്നതായി ഇതുവരെ കേട്ടിട്ടില്ല. ഒരു പ്രായം കഴിഞ്ഞാല്‍ അവ കുഞ്ഞുങ്ങളെ സ്വതന്ത്രരാക്കും. അത്രയേ ഉള്ളൂ. ഇങ്ങിനെ ഒപ്പം കൊണ്ടുനടന്ന് ഇഞ്ചിഞ്ചായി കൊല്ലില്ല.

begger with childഒരു സുഹൃത്ത് വേദനകരമായ ഒരു സംഭവം ഒരിക്കല്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണ്. കുഞ്ഞിനെ നോക്കാന്‍ ഒരു സ്ത്രീയെ ഏല്‍പ്പിച്ചിട്ടുണ്ട്. ഒരു ദിവസം അവര്‍ നേരത്തെ വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍ ദൂരെ ഭിക്ഷാടകരായ ഒരു സ്ത്രീയുടെ കൈയില്‍ ഒരു കുഞ്ഞ്. ശബ്ദത്തില്‍ വല്ലാത്ത ഒരു പരിചിതത്വം. നോക്കിയപ്പോള്‍ അവരുടെ കുട്ടിയാണ്. സംഭവിച്ചത് ഇതാണ്. അച്ഛനും അമ്മയും ജോലിക്ക് പോയാല്‍ വേലക്കാരി കുഞ്ഞിനെ എടുത്ത് ഭിക്ഷക്കാരിക്ക് കൊടുക്കും. ഒരു പകലിന് 200 രൂപ കൂലി!

ഇത് ഒരു ഉദാഹരണം മാത്രം. ഇതിലും ക്രൂരമായ ആയിരക്കണക്കിന് ജീവിതങ്ങളില്‍ ഈ ചെറിയ കേരളത്തില്‍ മാത്രം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. പട്ടിണിക്കിടപ്പെടുന്നു. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് കഴിച്ച മാമ്പഴത്തിന്റെ അംശം മാത്രമായിരുന്നു അദിതി എസ് നമ്പൂതിരിയുടെ ആമാശത്തില്‍ ഉണ്ടായിരുന്നത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്ന എന്ന പത്രവാര്‍ത്ത വായിച്ച് എനിക്ക് തല കറങ്ങിപ്പോയി.

ആരാണിവയ്ക്ക് ഉത്തരവാദി? ക്രൂരത ചെയ്യുന്ന അച്ഛന്മാര്‍ മാത്രമാണോ? ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് ചുറ്റും ജീവിക്കുന്ന നമ്മളും ഒരേ പോലെ ഉത്തരവാദികളാണ്. ആവശ്യത്തിനും അനാവശ്യത്തിനും അന്യന്റെ ജീവിതത്തിലേക്കും സ്വകാര്യതകളിലേക്കും ഒളിഞ്ഞുനോക്കുന്ന മലയാളി ജീവന് വേണ്ടിയുള്ള കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേള്‍ക്കുന്നില്ല. പൊള്ളിയ ഉടലുമായി നടക്കുന്ന കുഞ്ഞ് ശരീരം കാണുന്നില്ല. അടി കൊടുക്കേണ്ടവന് അടി കൊടുക്കാന്‍ നാം തയ്യാറാകുന്നില്ല. പ്രതികരിക്കാത്ത മനുഷ്യന്‍ ഷണ്ഡനാണ്.

ഈ കുറിപ്പ് അവസാനിക്കുമ്പോള കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്റെ കഥയും ചിത്രവും മനസ്സില്‍ വരുന്നു. കേരളം കംസന്റെ (കംസന്‍മാരുടെ) നാടാവുകയാണോ. ഒരു കംസന് അന്തകനാവാന്‍ ഒരു കൃഷ്ണന്‍ വന്നു. ഒരായിരം കംസന്‍മാര്‍ വന്നാലോ? ഓരോരുത്തരും കൃഷ്ണനാകുകയേ വഴിയുള്ളൂ.

മഹാബലിയുടെ നാടിനെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ ഒന്ന് അവിടെ “ബാല മരണങ്ങള്‍ കേള്‍പ്പാനില്ല” എന്നായിരുന്നു. അതേ നാട്ടിലാണ് ഇന്ന് ബാല കൊലപാതകങ്ങള്‍ നിത്യവും നടക്കുന്നത്. ഭൂമിയുടെ പച്ചപ്പുകളിലേക്ക് കണ്ണ് തുറക്കും മുമ്പ് തന്നെ കൂടൊഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ വിലാപവും ശാപവുമാണ് കേരളത്തിന്റെ ഇന്നത്തെ എല്ലാ കലഹങ്ങള്‍ക്കും കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ നിങ്ങള്‍ അന്തവിശ്വാസി എന്ന് വിളിച്ചോളൂ. കുഞ്ഞുങ്ങളുടെ കരച്ചില്‍ ചെവിയില്‍ വന്നലയക്കുമ്പോള്‍ നിങ്ങളുടെ പരിഹാസം ഞാന്‍ കേള്‍ക്കുന്നില്ല. കുഞ്ഞുങ്ങള്‍ക്കായി എപ്പോഴും നെഞ്ചില്‍ ഒരു പനിനീര്‍പ്പൂ കരുതിയ മനുഷ്യന്‍ പ്രധാനമന്ത്രിയായ നാടാണ് നമ്മുടേത്. അവിടെത്തന്നെയാണ് കുഞ്ഞ് ശരീരത്തില്‍ 22 പരുക്കുകളോടെ അദിതി മരിച്ചുവീഴുന്നതും. ഷഫീഖ് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതും

കേഴുക മാമനാടേ,

ഇത്രയും എഴുതിയത് മോഹന്‍ലാല്‍ എന്ന നടനല്ല. അച്ഛനാണ്. ആവേദനയിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.