Connect with us

Articles

സക്കാത്തും സാമ്പത്തിക സമത്വവും

Published

|

Last Updated

ഇന്ന് വെള്ളി, സ്വര്‍ണം എന്നിവയേക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം.. ഇങ്ങനെ പല തരത്തിലും ആളുകള്‍ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്‍കാനുള്ള തുക (ഏകദേശം 24,000 രൂപ) എത്തിക്കഴിഞ്ഞാല്‍ സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്ത് ഉപയോഗിച്ചുപോയില്ലെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള്‍ ഇന്ന് നാട്ടിന്‍പുറത്ത് പോലും സര്‍വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല്‍ സകാത്തില്ല. സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്‍ത്തിയായാല്‍ കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം.

നുഷ്യന്റെ നിലനില്‍പ്പും ജീവിത പുരോഗതിയും സമ്പത്തിനെ ആശ്രയിച്ചു നില്‍ക്കുന്നു. ലോകത്ത് നടക്കുന്ന ഏത് ചലനത്തിനു പിന്നിലും സാമ്പത്തിക താത്പര്യം നമുക്ക് കാണാം. പഠനം, തൊഴില്‍, നിര്‍മാണം, യാത്ര, യുദ്ധം…. എല്ലാം സമ്പത്തിന് വേണ്ടിയാണ്. ലോകത്ത് ഏറ്റവുമധികം ചര്‍ച്ച നടക്കുന്നതും സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയായിരിക്കും. ക്യാപ്പിറ്റലിസം, സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയവയെല്ലാം സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉദയം ചെയ്ത ചിന്താധാരകളും പ്രസ്ഥാനങ്ങളുമാണ്. സോവിയറ്റ് യൂനിയനിലും അമേരിക്ക പോലുള്ള പാശ്ചാത്യ നാടുകളിലും ഇവ പ്രയോഗവത്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലത് പരാജയപ്പെടുകയും മറ്റു ചിലത് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയുമാണ്.

സമ്പാദിക്കാനുള്ള മനുഷ്യന്റെ പ്രകൃതിപരമായ ത്വരയെ പ്രോത്സാഹിപ്പിച്ചു എന്നതാണ് മുതലാളിത്തത്തിന്റെ എടുത്തുപറയാവുന്ന ഒരു ഗുണമേന്മ. എന്നാല്‍, സമ്പാദിക്കുന്നതിനും അത് വിനിമയം ചെയ്യുന്നതിനും ധാര്‍മികമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നതില്‍ മുതലാളിത്ത വ്യവസ്ഥ പരാജയപ്പെട്ടു. ഇതുമൂലം സ്വത്ത് ശേഖരിക്കാന്‍ ഏത് തെറ്റായ മാര്‍ഗവും അവലംബിക്കാമെന്നായി. മദ്യവും മയക്കുമരുന്നും വേശ്യാവൃത്തിയും മാരകായുധങ്ങളും അധിനിവേശവുമെല്ലാം മുതലാളിത്ത രാജ്യങ്ങളുടെ ധനസമ്പാദന മാര്‍ഗങ്ങളായി. ഇതിന്റെ ദുരന്തമാണ് ഇന്ന് ലോകമനുഭവിക്കുന്ന ധര്‍മച്യുതിയും സംഘര്‍ഷങ്ങളുമെല്ലാം. ലോക രാഷ്ട്രങ്ങളില്‍ നടക്കുന്ന ഏത് യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പിന്നില്‍ മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക താത്പര്യം കണ്ടെത്താന്‍ കഴിയും.
മുതലാളിയുടെയും തൊഴിലാളിയുടെയുമിടയിലുള്ള അന്തരം കുറക്കുകയും തൊഴിലാളി വര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു സാമ്പത്തിക തുല്യാവസ്ഥ സൃഷ്ടിച്ചെടുക്കുകയും ചെയ്യാന്‍ രംഗത്തു വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടുത്ത മുതലാളിത്തവിരുദ്ധ മനോഭാവം കാരണം സ്വകാര്യ സ്വത്തവകാശം നിരോധിക്കേണ്ടിവന്നു. സ്വാഭാവികമായും മറ്റൊരാള്‍ക്ക് വേണ്ടിയോ രാഷ്ട്രത്തിന് വേണ്ടിയോ അധ്വാനിക്കാന്‍ മനുഷ്യര്‍ തയ്യാറായില്ല. അല്ലെങ്കില്‍ വേണ്ടത്ര ആത്മാര്‍ഥത കാണിച്ചില്ല. ഒരു നൂറ്റാണ്ട് തികക്കാനാകാതെ 1990കളില്‍ സാമ്പത്തിക തകര്‍ച്ച കാരണം സോവിയറ്റ് യൂനിയന്‍ പിരിച്ചുവിട്ടു. അങ്ങനെ കമ്യൂണിസ്റ്റ് സാമ്പത്തിക സിദ്ധാന്തം കാലഹരണപ്പെട്ടു.
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മിശ്രവ്യവസ്ഥയും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പലിശാധിഷ്ഠിതമായ ഇടപാടുകളിലാണ് ഇതിന്റെ അടിത്തറ പാകിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഏതെങ്കിലുമൊരു പലിശക്കാരന് കടപ്പെട്ടിരിക്കയാണ്. ഐ എം എഫ്, ലോക ബേങ്ക്, എ ഡി ബി ഉള്‍പ്പെടെയുള്ള വിദേശ കുത്തകകള്‍ക്ക് നമ്മുടെ രാജ്യം തന്നെ ഭീമമായ പലിശ കൊടുത്തുകൊണ്ടിരിക്കയാണ്.
ദേശീയ വരുമാനത്തിന്റെ കേവലം നാല് ശതമാനം ഇവിടെയുള്ള ദരിദ്രജനകോടികള്‍ക്കായുള്ള റേഷന്‍ സബ്‌സിഡിക്കായി കേന്ദ്ര സര്‍ക്കാര്‍ മാറ്റി വെക്കുമ്പോള്‍ 24 ശതമാനമാണ് വിദേശ കുത്തകകളുടെ പലിശ വീട്ടാന്‍ മാത്രം നമ്മുടെ രാജ്യം ചെലവഴിക്കുന്നത്. രൂപയുടെ മൂല്യം തകര്‍ന്നു മിഠായി വാങ്ങാന്‍ പോലും നോട്ടുകെട്ടുകള്‍ ഉപയോഗിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഒരു സമഗ്ര ജീവിത പദ്ധതിയായ ഇസ്‌ലാമിന്റെ സാമ്പത്തിക നയനിലപാടുകള്‍ ഇവിടെയാണ് പ്രസക്തമാകുന്നത്. ഭൂമി, മനുഷ്യരുള്‍പ്പെടെയുള്ള ജൈവലോകത്തിന്റെ താത്കാലിക സങ്കേതമാണ്. നിശ്ചിത കാലം വരെ ജീവിക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും അല്ലാഹു ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭവങ്ങളുടെ യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു തന്നെയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതേസമയം താത്കാലികമായി ഇതിന്റെ ഉടമാവകാശം പല അളവില്‍ പലര്‍ക്കും അവന്‍ നല്‍കിയിരിക്കയാണ്.
ധനികനു സമ്പത്ത് നല്‍കിയതും ദരിദ്രനു നല്‍കാതിരുന്നതും ഒരു പരീക്ഷണമാണ്. ധനികന്‍ എല്ലാം മറന്ന് അഹങ്കരിച്ചും പാവപ്പെട്ടവരെ വിസ്മരിച്ചും ജീവിക്കാതെ അല്ലാഹുവിനോട് കൂടുതല്‍ നന്ദി കാണിച്ചും ദരിദ്രന്റെ അവകാശങ്ങള്‍ വകവെച്ചുകൊടുത്തും ജീവിതം നയിക്കണം. ദരിദ്രന്‍ കളവും കവര്‍ച്ചയും നടത്താതെ അല്ലാഹു അനുവദിച്ച മാര്‍ഗത്തിലൂടെ സമ്പത്ത് സ്വരൂപിക്കാന്‍ ശ്രമിക്കുകയും ലഭ്യമായതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുകയും വേണം. എന്നാല്‍ രണ്ട് വിഭാഗത്തിനും സാമ്പത്തിക പ്രതിസന്ധിയില്ലാത്ത സ്വര്‍ഗം സമ്മാനമായി ലഭിക്കും.
ഭൗതിക ലോകത്ത് എല്ലാവരും സമ്പന്നരായാല്‍ ഒരടി മുന്നോട്ടു പോകാന്‍ ഈ ലോകത്തിനാകില്ല. തൊഴിലാളികളില്ലാത്ത ഒരവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ. അപ്പോള്‍ തൊഴിലാളികളും പാവപ്പെട്ടവരും ഉണ്ടാകുമ്പോള്‍ മാത്രമേ പണത്തിനും മുതലാളിക്കും പ്രസക്തിയുള്ളൂ. എന്നാല്‍ ഒരു പ്രത്യേക വിഭാഗം എന്നും മുതലാളിയായി നിലനില്‍ക്കണമെന്നോ തൊഴിലാളികള്‍ എന്നും തൊഴിലാളികളായി തന്നെ തുടരണമെന്നോ അല്ലാഹുവിന് നിര്‍ബന്ധമില്ല. ആര്‍ക്കും സമ്പാദിക്കാം. എത്രയും സമ്പാദിക്കാം. അങ്ങനെ വരുമ്പോള്‍ പണമെറിഞ്ഞ് കൂടുതല്‍ പണക്കാരനാകാന്‍ കഴിയുമ്പോള്‍, പാവപ്പെട്ടവന്‍ പാര്‍ശ്വവത്കരിക്കപ്പെടും. ഇതിനും അല്ലാഹു പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അതാണ് സക്കാത്ത്. തൊഴിലാളികള്‍ക്ക് മാത്രമല്ല, തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്കു കൂടി ധനികന്റെ സമ്പത്തില്‍ അവകാശമുണ്ട്. ഇതുവഴി ദരിദ്രനും ധനികനും തമ്മിലുള്ള അന്തരം കുറക്കാന്‍ സാധിക്കുന്നു.
സകാത്തിന്റെ മുതലുകള്‍
എല്ലാ തരം സമ്പത്തിലും ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നില്ല. നബി(സ) പറയുന്നു: “”ഒരു വിശ്വാസിക്ക് തന്റെ കുതിരകളിലോ അടിമകളിലോ സകാത്തില്ല.””(ബുഖാരി). തിരുനബിയുടെ കാലത്തെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തായിരുന്നു കുതിരകളും അടിമകളും. (അടിമ സമ്പ്രദായത്തെ ഇസ്‌ലാം ഘട്ടം ഘട്ടമായി നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു). ഇവയില്‍ സകാത്തില്ല എന്ന് വ്യക്തമാക്കിയതിലൂടെ എല്ലാ സമ്പത്തിനും സകാത്ത് വാങ്ങുക എന്നതല്ല, ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും മറിച്ച് പാവപ്പെട്ടവന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചില പ്രത്യേക മുതലുകള്‍ക്കാണ് സകാത്ത് ഈടാക്കുന്നതെന്നും സ്പഷ്ടമായി. നാല് തരം സമ്പത്തുകളില്‍ മാത്രമാണ് ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നത്.
1. വിലയായി സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നവ (വെള്ളി, സ്വര്‍ണം, കറന്‍സി)
2. കച്ചവടച്ചരക്കുകള്‍
3. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായവ.
4. കന്നുകാലികള്‍
കറന്‍സിയുടെ സകാത്ത്
എങ്ങനെ?
സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നല്‍കാന്‍ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന്‍ കാരണം, സ്വര്‍ണവും വെള്ളിയും ആഗോളതലത്തില്‍ പ്രാചീന കാലം മുതല്‍ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ഇത് പണക്കാരുടെ കൈയില്‍ മാത്രം കെട്ടിക്കിടന്നാല്‍ പാവപ്പെട്ടവന്‍ പ്രയാസപ്പെടും. നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല്‍ ഇന്ന് പലപ്പോഴും വെള്ളിയും സ്വര്‍ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവ ആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്‍സി നോട്ടുകള്‍ ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന്‍ സാധിക്കും. അതിനാല്‍ കറന്‍സികള്‍ക്കും സകാത്ത് നല്‍കണം.
20 മിസ്‌കാല്‍ (85 ഗ്രാം) സ്വര്‍ണം ഒരാളുടെ അധീനതയില്‍ ഒരു വര്‍ഷം കെട്ടിക്കിടന്നാല്‍ അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍മിച്ചതാണെങ്കില്‍, അത് പതിവില്‍ കവിഞ്ഞതല്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 200 ദിര്‍ഹം (595 ഗ്രാം) വെള്ളിയുണ്ടായാല്‍ അതും സകാത്ത് നിര്‍ബന്ധമാകാന്‍ മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്‍ത്തിയായാല്‍ ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല്‍ സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 24,000 രൂപ) കൈവശം വെക്കുമ്പോഴാണ് കറന്‍സി നോട്ടിന് സകാത്ത് നിര്‍ബന്ധമാകുക.
ഇന്ന് വെള്ളി, സ്വര്‍ണം എന്നിവയേക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം.. ഇങ്ങനെ പല തരത്തിലും ആളുകള്‍ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്‍കാനുള്ള തുകയായ (ഏകദേശം 24,000 രൂപ) എത്തിക്കഴിഞ്ഞാല്‍ സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്ത് ഉപയോഗിച്ചുപോയില്ലെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള്‍ ഇന്ന് നാട്ടിന്‍പുറത്ത് പോലും സര്‍വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല്‍ സകാത്തില്ല. സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്‍ത്തിയായാല്‍ കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം.
കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്‍ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്‍ക്കാന്‍ പ്രയാസമില്ലാത്ത മുതലാളിയാണങ്കില്‍ കൊല്ലം തികഞ്ഞാല്‍ അയാള്‍ തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില്‍ തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്‍കിയാലും മതി.
(നാളെ -റിയല്‍ എസ്റ്റേറ്റ് ബിസ്‌നസ്സുകാരന്റെ സകാത്ത്)

Latest