International
സ്‌നോഡന് റഷ്യ അഭയം നല്‍കും
മോസ്‌കോ: അമേരിക്ക നടത്തുന്ന ചാരവൃത്തി ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ച മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് റഷ്യ അഭയം നല്‍കും. ഇതോടെ കഴിഞ്ഞ മാസം 23 മുതല്‍ മോസ്‌കോ വിമാനത്താവളത്തില്‍ കഴിഞ്ഞിരുന്ന സ്‌നോഡന് വിമാനത്താവളത്തിന് പുറത്തിറങ്ങാനുള്ള അനുമതിയും ലഭിച്ചു. റഷ്യന്‍ ഫഡറല്‍ മൈഗ്രേഷന്‍ സര്‍വീസാണ് ഇക്കാര്യത്തില്‍ അനുമതി നല്‍കിയത്.
ഹോങ്കോങില്‍ നിന്നാണ് സ്‌നോഡന്‍ റഷ്യയിലെത്തിയത്. സ്‌നോഡനെ കണ്ടെത്താന്‍ അമേരിക്ക വിവിധ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. സ്‌നോഡന്‍ റഷ്യയില്‍ ഇറങ്ങിയ ദിവസം മുതല്‍ ഈ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മില്‍ വാഗ്വാദങ്ങള്‍ നടന്നു. ഇതിനിടെയാണ് ഔദ്യോഗികമായി സ്‌നോഡന് അഭയം നല്‍കാന്‍ റഷ്യ തീരുമാനിച്ചത്.
ഇന്ത്യയോടടക്കം സ്‌നോഡന്‍ അഭയം തേടിയിരുന്നെങ്കിലും ഇന്ത്യയടക്കം പല രാജ്യങ്ങളും അഭയം നിഷേധിക്കുകയായിരുന്നു.