Ongoing News
സദ് വൃത്തരായ സ്‌നേഹിതര്‍
സദ്ചിന്തയും പ്രവൃത്തിയുമാണ് കരുണ. കരുണയുള്ളവരുടെ ഹൃദയങ്ങളില്‍ നിന്നാണ് നന്മയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ പ്രകടമാകുക.
നല്ലവനായിരിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രയാസമേറിയ ദൗത്യം. ഈ നന്മയെ പരിപോഷിപ്പിക്കാനാണ് ഇസ്‌ലാം ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരു കൂട്ടായ്മ രൂപപ്പെടുത്തിയത്. സംഘടിത നിസ്‌കാരത്തിന്റെ ലക്ഷ്യം തന്നെ ഒത്തൊരുമയും കൂട്ടായ്മയും സൃഷ്ടിച്ചെടുക്കലാണ്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്നവന് സദ്ഗുണങ്ങളുടെയും സാമൂഹിക സേവനത്തിന്റെയും വാഹകനാകാന്‍ കഴിയില്ല. സംഘബോധം മനുഷ്യത്വത്തിലേക്കും വീണ്ടുവിചാരങ്ങളിലേക്കും നയിക്കുന്ന ഘടകമാണ്. മിത്രങ്ങളാകാനും ശത്രുത കൈയൊഴിയാനും കൂട്ടായ്മകള്‍ കളമൊരുക്കും. അതിലുപരി സദ്‌സ്വഭാവികളായ സ്‌നേഹിതന്മാരെ സമ്പാദിക്കാനും അവസരമേകും.
ചങ്ങാത്തം സത്യവിശ്വാസത്തിന്റെയും നന്മകളുടെയും അടിത്തറ പൊളിക്കുന്നതിനോ അപരന്റെ അവകാശങ്ങള്‍ ഹനിക്കുന്നതിനോ ഉപയോഗിക്കരുത്. മികച്ച ചങ്ങാതിയെ തിരുറസൂല്‍ അടയാളപ്പെടുത്തുന്നുണ്ട്.
ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അതിക്രമം കാട്ടാത്തവന്‍, സംസാരിക്കുമ്പോള്‍ കള്ളം പറയാത്തവന്‍, വാഗ്ദാനം പാലിക്കുന്നവന്‍, ഇദ്ദേഹം സല്‍സ്വഭാവിയാണ്, ഭക്തിയുള്ളവനാണ,് അവനെ സ്‌നേഹിതനാക്കാം. (തിരുവചനം)
സത്‌സ്വഭാവികളായ സ്‌നേഹിതരും ചങ്ങാത്തവുമുണ്ടാകുമ്പോള്‍ വ്യക്തിജീവിതം സുകൃതങ്ങളുടെ വിളനിലമാകും. അതുകൊണ്ടുതന്നെ നല്ലവരോടൊത്ത് സഹവസിക്കാന്‍ മതം കല്‍പ്പിക്കുന്നു; മികച്ച കൂട്ടുകാരെ തിരഞ്ഞെടുക്കാനും.
അനസ്(റ) പറയുന്നു. “നബി(സ)യോടൊപ്പം ഇരിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്കു മുന്നിലൂടെ ഒരാള്‍ കടന്നുപോയപ്പോള്‍ കൂട്ടത്തിലൊരാള്‍ നബി(സ)യോട് പറഞ്ഞു. തിരുദൂതരെ, ഞാനയാളെ ഇഷ്ടപ്പെടുന്നു. അക്കാര്യം അദ്ദേഹത്തെ അറിയിച്ചോ എന്ന് റസൂല്‍ ആരാഞ്ഞു. ഇല്ല. തദവസരം തിരുറസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹത്തോട് നേരില്‍ പറയുക. അയാള്‍ സദസ്സില്‍ നിന്നെഴുന്നേറ്റ് പോയി ആ സഹോദരനോട് പറഞ്ഞു. അല്ലാഹുവിനു വേണ്ടി ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു. അപരന്‍ പറഞ്ഞു. അല്ലാഹുവിന് വേണ്ടി താങ്കളെ ഞാനും ഇഷ്ടപ്പെടുന്നു”. (അബൂദാവൂദ്)
മുഹമ്മദ് നബി(സ) പറഞ്ഞു. “നിങ്ങളൊരാളെ പരിചയപ്പെട്ട് പ്രിയപ്പെട്ടവരാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പേരു ചോദിച്ച് പരിചയപ്പെടണം. അയാളുടെ മാതാപിതാക്കളുടെ പേരും കുടുംബ വിവരവും അറിയാന്‍ ശ്രമിക്കണം. സ്‌നേഹവും സാഹോദര്യവും അത് ശക്തിപ്പെടുത്തും”. (തിര്‍മുദി)
അബൂദര്‍റുല്‍ഗിഫാരി(റ) ഒരിക്കല്‍ തിരുദൂതരോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, ഒരു വ്യക്തിയെ ഒരാള്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നു. പക്ഷെ അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിവില്ല. തിരുനബി(സ) മറുപടി പറഞ്ഞത് ഇപ്രകാരമാണ്. അബൂദര്‍റേ, താങ്കള്‍ സ്‌നേഹിക്കുന്നവരോടൊപ്പമായിരിക്കും താങ്കള്‍” (തിര്‍മുദി)