Ongoing News
മലാലയിലൂടെ വായിച്ചെടുക്കേണ്ടത്
ഒരു പുസ്തകവും ഒരു പേനയും ഒരു അധ്യാപകനും ഉണ്ടെങ്കില്‍ വിപ്ലവം സൃഷ്ടിക്കാനും ജീവിതത്തില്‍ മാറ്റം വരുത്താനും കഴിയും. അഫ്ഗാനിസ്ഥാനിലെ സ്വാത് ഗ്രാമത്തില്‍ ജനിച്ച മലാല യൂസുഫ് സായി ഈ പ്രഖ്യാപനം നടത്തിയത് യു എന്‍ ആസ്ഥാനത്തണ്. ബാന്‍ കി മൂണിന്റെ അധ്യക്ഷതയില്‍ അവളിത് ലോകത്തോടു പറഞ്ഞ സമയമാണ് ഏറെ പ്രസക്തം. പരിശുദ്ധ റമസാനിലെ പ്രഥമ വെള്ളിയാഴ്ച. ലോകം ആ പതിനാറുകാരിയുടെ ശബ്ദം സാകൂതം ശ്രവിച്ചു. വിദ്യയുടെ ലോകത്തേക്കുള്ള കവാടം മതത്തിന്റെ പേരില്‍ അവള്‍ക്ക് ചിലര്‍ തടഞ്ഞപ്പോള്‍ അവള്‍ പ്രതികരിച്ചത് അറിവുകൊണ്ടായിരുന്നു. അക്ഷരങ്ങളോട് സമൂഹത്തില്‍ ചിലര്‍ വെച്ചു പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിനെതിരെ അവള്‍ ശബ്ദം ഉയര്‍ത്തി. അതിന്റെ പ്രത്യാഘാതം മലാലക്ക് തോക്കിന്‍ കുഴലിലൂടെയാണ് അനുഭവിക്കേണ്ടി വന്നത്. പക്ഷെ, അറിവ് ആയുധമാക്കിയ ആ പെണ്‍കുട്ടി അജ്ഞതയുടെ ശത്രുക്കള്‍ക്കു മേല്‍ അതിജീവനം സാധിച്ചെടുത്തു.
ഇതിനവള്‍ക്ക് ധൈര്യം പകര്‍ന്നത് പരിശുദ്ധ മതത്തിന്റെ ബാലാധ്യാപനങ്ങളാണ്. വിജ്ഞാനമാണ് ജീവിതത്തിന്റെ കാതലെന്ന ഖുര്‍ആനിക പാഠമാണ്.
റമസാനിലെ പ്രഥമ വെള്ളിയാഴ്ച മലാല അക്ഷരത്തെ കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ അത് ശ്രവിച്ച ഹൃദയങ്ങളിലേക്ക് അരിച്ചെത്തിയത് വായനയുടെ യുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ഹിറാ ഗുഹയും അവിടെ ധ്യാനനിരതനായിക്കഴിഞ്ഞ പുണ്യ റസൂലുമാണ്.
ഹിറാ ഗഹ്വരത്തിന്റെ പ്രകാശപ്പൊരുളായി, ദിവ്യ വിളംബരമായി ലഭിച്ച പ്രഥമ സന്ദേശം അറിവിനെ കുറിച്ചായിരുന്നു, വായനയെ സംബന്ധിച്ചായിരുന്നു. ആ പ്രഥമ പ്രോക്തത്തില്‍ അടങ്ങിയ മൂന്ന് കാര്യങ്ങളാണ് മലാല യൂസുഫ് യു എന്‍ ആസ്ഥാനത്തു വെച്ച് പ്രഖ്യാപിച്ചത്.
അറിവിലൂടെയാണ് സാമൂഹിക സഹവര്‍തിത്വവും ജനായത്ത ബോധവും വളര്‍ന്നു വികസിക്കുന്നത്. ഏതൊരു പ്രത്യയ ശാസ്ത്രത്തിനും മതത്തിനും ജീവല്‍ പ്രദാനം അറിവാണ്. ഈ അറിവിനെ തേടുന്ന വായനാ വഴിയെ കുറിച്ചാണ് പുണ്യ റസൂലിന് ലഭിച്ച പ്രഥമ ദിവ്യ സന്ദേശം എന്നു കൂടി നാം ഓര്‍ക്കണം, ഈയൊരു ചരിത്ര സത്യം മുന്നിലുണ്ടാകുമ്പോള്‍ പിന്നെങ്ങനെ സ്ത്രീത്വത്തിനു പഠനം നിഷേധിക്കപ്പെടണം. കലാലയ കവാടങ്ങള്‍ അവള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെടണം.?
അറിവിനെ ആയുധമാക്കാനാണ് ഇസ്‌ലാം മതം പറയുന്നത്. വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണ് ദീനിന്റെ സ്തംഭവുമാണെന്നാണ് പ്രവാചകര്‍ പഠിപ്പിച്ചു തന്നത്. അവബോധമില്ലാത്ത അറിവ് കൊണ്ട് വ്യാകുല ചിത്തരായ ഒരു ജനതയിലേക്കാണ് അവബോധമുള്ള അറിവ് കൊണ്ട് പുണ്യ റസൂല്‍ പ്രബോധനം ചെയ്തത്.
അവിടുന്ന് സ്ത്രീ പുരുഷ ഭേധമന്യേ വിജ്ഞാനം കരഗതമാക്കണമെന്ന് പ്രഖ്യാപിച്ചു. മദ്യത്തിലും മദിരാക്ഷിയിലും മദോന്‍മത്ത ജീവിതം നയിച്ചിരുന്ന സമുഹത്തില്‍ അറിവ് കൊണ്ട് ജീവിതാവബോധം വളര്‍ത്തിയത് പുണ്യ റസൂലായിരുന്നു. വിവേകവും വിചാരവുമുള്ള ധൈഷണിക വിജ്ഞാനമായിരുന്നു റസൂല്‍ (സ) പകര്‍ന്നു കൊടുത്തത്. സ്ത്രീത്വം അറിവ് നേടുന്നത് വിലക്കിയിരുന്ന അന്ധകാര വ്യവസ്ഥിതിക്കെതിരെയാണ് റസൂല്‍ ശബ്ദിച്ചത്. സ്ത്രീത്വം പവിത്രമാണെന്നും അവളുടെ മടിത്തട്ടിലാണ് പ്രഥമ വിദ്യാലയമെന്നും സ്ത്രീയുടെ പാദത്തിനു കീഴെയാണ് സ്വര്‍ഗമെന്നും പ്രഖ്യാപിച്ച് സ്ത്രീയെ മുഖ്യധാരയിലേക്ക് വഴി നടത്തിച്ചത് പ്രവാചക ശ്രേഷ്ഠര്‍ മുഹമ്മദ് റസൂലായിരുന്നു.
ആ തിരു ജീവിതത്തിന്റെ ദാര്‍ശനിക ഭൂമിയിലൂടെ സഞ്ചരിച്ചവളാണ് മലാല യൂസുഫും സാത്വിലെ ജനങ്ങളും. പിന്നെന്തു കൊണ്ട് പെണ്‍കുട്ടികള്‍ക്ക് വിജ്ഞാനം നിഷേധിക്കപ്പെടണം.
പരിശുദ്ധ റമസാനില്‍ മലാലയുടെ സ്വരം ലോകം ശ്രവിച്ചത് ഖുര്‍ആനിക സാരത്തോടൊപ്പം തന്നെയാണ്. വായനയുടെ മാസമാണ് റമസാന്‍. അക്ഷരത്തിന്റെ അക്ഷയ ഖനിയായ പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം. വായനയുടെയും പേനയുടെയും പുസ്തകത്തിന്റെയും അമൂല്യ സന്ദേശവും പ്രാധാന്യവുമാണ് ഹിറാ ഗുഹയിലൂടെ ലോകം ശ്രവിച്ചത്. ആ സന്ദേശം സ്വാത് താഴ്‌വരക്കും ബാധമാണ്.