National
ഭക്ഷണത്തിന് ഒരു രൂപ മതി; വിവാദ പരാമര്‍ശവുമായി ഫാറൂഖ് അബ്ദുള്ള
ന്യൂദല്‍ഹി:വിശക്കുന്നവന് ഒരു രൂപ മതി വയറു നിറക്കാനെന്ന പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല രംഗത്ത് വന്നത് വിവാദമായി.
“നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു രൂപക്കും വിശപ്പുമാറ്റാം, നൂറുരൂപക്കും ആവാം. അത് നിങ്ങള്‍ എന്തു കഴിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുവഴി അവര്‍ക്ക് നല്ല ഭക്ഷണവും മെച്ചപ്പെട്ട ആരോഗ്യവും കിട്ടും. ദാരിദ്ര്യമില്ലാതാക്കുക വഴി ഇന്ത്യക്ക് പുരോഗതിയുണ്ടാകും” ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
അതേസമയം, ദല്‍ഹിയില്‍ അഞ്ചു രൂപക്ക് ഉച്ചഭക്ഷണം ലഭിക്കുമെന്നും മുംബൈയിലെ സ്ഥിതിയെ കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദ് പറഞ്ഞു.
മുംബൈയില്‍ വെറും 12 രൂപക്ക് ഭക്ഷണം ലഭിക്കുമെന്ന കോണ്‍ഗ്രസ് വക്താവ് രാജ് ബാബറിന്റെപരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് നഗരങ്ങളിലെ ഭക്ഷണചെലവിനെ കുറിച്ച് ദേശീയ നേതാക്കള്‍ പ്രസ്താവനകള്‍ നടത്തിയത്. രാജ് ബാബറിന്റെപ്രസ്താവനനെ എതിര്‍ത്ത ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി പാര്‍ലമെന്റ് കാന്റീനില്‍ മാത്രമാണ് 12 രൂപ ഭക്ഷണം ലഭിക്കുകയെന്ന് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് പാവങ്ങളെ പരിഹസിക്കുകയാണ് ശിവസേന കുറ്റപ്പെടുത്തി. ബാബറിന്റെ പരാമര്‍ശത്തിനെതിരെ മുംബൈയിലും പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം, നഗരങ്ങളില്‍ 33 രൂപയില്‍ കൂടുതലും ഗ്രാമങ്ങളില്‍ 27 രൂപയില്‍ കുടുതലും ഭക്ഷണത്തിന് ചെലവാക്കുന്നവരെ ദാരിദ്രരായി കണക്കാക്കാന്‍ കഴിയില്ലെന്ന ആസൂത്രണകമ്മീഷന്‍ റിപ്പോര്‍ട്ട് ശരിയല്ലെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ കമ്മീഷന്‍ പുതിയ മാനദണ്ഡങ്ങള്‍ അവലംബിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.