Connect with us

Ongoing News

നന്മയുടെ പാരിതോഷികം

Published

|

Last Updated

ഒരു വാക്ക് മതി വിഷമ സന്ധിയിലകപ്പെട്ട സഹോദരന് ജീവിതം കരകയറാന്‍. തിരുറസൂല്‍ മൊഴിഞ്ഞു. നല്ലൊരു വാക്ക് അതിന് സ്വദഖയുടെ ഗുണമുണ്ട്. സഹോദരന്റെ മുഖത്ത് നോക്കി നല്ലൊരു വാക്ക് പോലും പറയാന്‍ പക്ഷെ നേരമില്ലാതായിരിക്കുന്നു. ഭാര്യയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാന്‍… മക്കളോട് ചങ്ങാത്തം കൂടാന്‍… അയല്‍ വാസികള്‍ക്ക് സാന്ത്വനം പകരാന്‍… മാതാപിതാക്കള്‍ക്ക് തണലേകാന്‍… കഴിഞ്ഞെങ്കില്‍ ജീവിതം അര്‍ഥവത്താകും.

മതം നല്‍കുന്ന സന്ദേശം മാനവികതയുടെതാണ്. പെരുമാറ്റവും സമ്പര്‍ക്കവും സ്‌നേഹാര്‍ദ്രമാകുമ്പോള്‍ മനുഷ്യത്വം താനെ ഉയിരെടുക്കും. സദ്പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുമ്പോള്‍ അനുകമ്പയും അലിവും മനസ്സില്‍ ഉറവയെടുക്കും. താനെന്ന സ്വാര്‍ഥതക്കപ്പുറം സമൂഹമെന്ന പരിഗണന രൂപപ്പെടും
നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്. സഹോദരനെ പീഡിപ്പിക്കുകയോ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യരുത്. തന്റെ സഹോദരനെ ഒരാള്‍ തുണച്ചാല്‍ അല്ലാഹു അവനെ സംരക്ഷിക്കും. സ്വസഹോദരന്റെ പ്രയാസത്തിന് പരിഹാരം കണ്ടാല്‍ അല്ലാഹു അന്ത്യ നാളില്‍ സഹായിച്ചവന് പ്രത്യേക പരിഗണന നല്‍കും. സഹോദരന്റെ ദോഷം മറച്ചുവെച്ചാല്‍ പുനരുഥാന നാളില്‍ അവന്റെ ദോഷവും അല്ലാഹു ഗോപ്യമാക്കും (ബുഖാരി, മുസ്‌ലിം ). പരസ്പര ബാധ്യതയെ കുറിച്ചാണ് ഈ ഹദീസ് തര്യപ്പെടുത്തുന്നത്.
നന്മ നിറഞ്ഞതും നിസ്വാര്‍ഥവുമായ സാഹോദര്യ ബന്ധമാണ് വളര്‍ത്തിയെടുക്കേണ്ടത്. സ്‌നേഹം സങ്കുചിത താത്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന പ്രവണതയെ അറുത്ത് കളയണം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചായിരിക്കണം മറ്റൊരാള്‍ക്ക് ഉപകാരവും സഹായവും നല്‍കേണ്ടത്. പ്രത്യുപകാരം പ്രതീക്ഷിച്ചുള്ള സഹായ സഹകരണം ഫലസിദ്ധി നേടുകയില്ല.. നബി (സ്വ) അരുളി. ഒരാള്‍ പ്രത്യുപകാരം ആഗ്രഹിച്ച് സഹോദരനുവേണ്ടി ശിപാര്‍ശ ചെയ്യുകയും അതിന്റെ പേരില്‍ പാരിതോഷികം സ്വീകരിക്കുകയും ചെയ്താല്‍ മഹാപാപങ്ങളിലേക്കുള്ള കവാടമാണ് അയാള്‍ തുറക്കുന്നത് (അബൂദാവൂദ്).
കാരുണ്യത്തിനായി യാചിക്കുന്ന മുഖങ്ങളിലേക്ക് അലിവിന്റെയും വാത്‌സല്യത്തിന്റെയും കൈകള്‍ നീട്ടാന്‍ കഴിഞ്ഞാല്‍ ജീവിതം ശോഭനമാകും. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ എല്ലാറ്റിനും മേലെയായവന്‍ നമുക്കും കരുണ ചൊരിയുമെന്നാണ് മതാധ്യാപനം.
ഉമറുബ്‌നു ഖത്താബ് പറയുന്നു: ഒരിക്കല്‍ റസൂലിന ്(സ്വ) മുന്നില്‍ ഹാജരാക്കപ്പെട്ട തടവുകാരില്‍ ഒരടിമ സ്ത്രീയുടെ പെരുമാറ്റം പ്രവാചകന്റെ കണ്ണ് നിറച്ചു. അക്ഷമയായിരുന്നു അവള്‍. സ്തനങ്ങളില്‍ നിറഞ്ഞ മുലപ്പാല്‍ ഒഴിവാക്കാന്‍ വല്ലാതെ അവള്‍ പൊറുതിമുട്ടുന്നുണ്ടായിരുന്നു. കണ്ണില്‍ അകപ്പെട്ട കുഞ്ഞുങ്ങളെയെല്ലാം അവള്‍ വാരിയെടുത്തു. അവര്‍ക്ക് മുലകൊടുത്തു. ആ മാതൃ വാത്‌സല്യം കണ്ട തിരു റസൂല്‍ (സ്വ) സദസ്യരോട് ചോദിച്ചു. നോക്കൂ!.. ഈ സ്ത്രീക്ക് സ്വന്തം കുഞ്ഞിനെ നരകത്തിലെറിയാന്‍ കഴിയുമോ? ഇല്ല. ഒരിക്കലും സാധിക്കില്ല. അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. ഇതു ശ്രവിച്ച നബി (സ്വ) പറഞ്ഞു. സ്വന്തം കുഞ്ഞിനോട് വാത്‌സല്യം കാട്ടുന്ന പെണ്ണിനേക്കാള്‍ തന്റെ അടിമകളോട് കരുണ കാട്ടുന്നവനാണ് അല്ലാഹു (ബുഖാരി). ക്രൂരനും കഠിനഹൃദയനുമായ മനുഷ്യന്‍ അല്ലാഹുവില്‍ നിന്ന് ബഹുദൂരം അകന്നുപോകുന്നവനാണെന്നും തിരു ദൂതര്‍ വിലയിരുത്തുന്നുണ്ട്.
സര്‍വരോടും തോന്നുന്ന നന്മയാണ് കരുണ. മിത്രങ്ങളോടും സ്വകുടുംബത്തോടും മാത്രം പുലര്‍ത്തുന്ന സ്‌നേഹം കരുണയല്ല. അത് കടപ്പാടാണ്. എല്ലാ മനുഷ്യര്‍ക്കും നന്മ വരണമെന്ന സദ്ചിന്തയും പ്രവൃത്തിയുമാണ് കരുണ. കരുണയുടെ ഹൃദയങ്ങളില്‍ നിന്നാണ് നന്മയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ പ്രകടമാകുക.
നല്ലവനായിരിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രയാസമേറിയ ദൗത്യം. ഈ നന്മയെ പരിപോഷിപ്പിക്കാനാണ് ഇസ്‌ലാം ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും കൂട്ടായ്മ രൂപപ്പെടുത്തിയത്. സംഘടിത നിസ്‌കാരത്തിന്റെ ലക്ഷ്യം തന്നെ ഒത്തൊരുമയും കൂട്ടായ്മയും സൃഷ്ടിച്ചെടുക്കലാണ്. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോകുന്നവന് സദ്ഗുണങ്ങളുടെയും സാമൂഹിക സേവനത്തിന്റെയും വാഹകനാകാന്‍ കഴിയില്ല. സംഘബോധം മനുഷ്യത്വത്തിലേക്കും വീണ്ടുവിചാരങ്ങളിലേക്കും നയിക്കുന്ന ഘടകമാണ്. മിത്രങ്ങളാകാനും ശത്രുത കൈയൊഴിയാനും കൂട്ടായ്മകള്‍ കളമൊരുക്കും. അതിലുപരി സദ് സ്വഭാവികളായ സ്‌നേഹിതന്മാരെ സമ്പാദിക്കാനും അവസരമേകും.
ചങ്ങാത്തം സത്യവിശ്വാസത്തിന്റെയും നന്മകളുടെയും അടിത്തറ പൊളിക്കുന്നതിനോ അപരന്റെ അവകാശങ്ങള്‍ ഹനിക്കുന്നതിനോ ഉപയോഗിക്കരുത്. മികച്ച ചങ്ങാതിയെ തിരു റസൂല്‍ അടയാളപ്പെടുത്തുന്നുണ്ട്.
ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അതിക്രമം കാട്ടാത്തവന്‍… സംസാരിക്കുമ്പോള്‍ കള്ളം പറയാത്തവന്‍… വാഗ്ദാനം പാലിക്കുന്നവന്‍… ഇദ്ദേഹം സല്‍സ്വഭാവിയാണ്. ഭക്തിയുള്ളവനാണ.് അവനെ സ്‌നേഹിതനാക്കാം (മുഹമ്മദ് നബി).
സദ് സ്വഭാവികളായ സ്‌നേഹിതരും ചങ്ങാത്തവുമുണ്ടാകുമ്പോള്‍ വ്യക്തി ജീവിതം സുകൃതങ്ങളുടെ വിളനിലമാകും. അതുകൊണ്ടുതന്നെ നല്ലവരോടൊത്ത് സഹവസിക്കാന്‍ മതം കല്‍പ്പിക്കുന്നു. മികച്ച കൂട്ടുകാരെ തിരഞ്ഞെടുക്കാനും.

 

---- facebook comment plugin here -----

Latest