Kerala
പോഷകാഹാരക്കുറവ് മൂലം ആദിവാസിക്കോളനിയില്‍ വീണ്ടും ശിശു മരണം
നിലമ്പൂര്‍: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് നിലമ്പൂര്‍ വെറ്റിലക്കൊല്ലി ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. മിനി-ഗോപി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 12-ാം വയസിലായിരുന്നു മിനിയുടെ വിവാഹം. ഇപ്പോള്‍ 18 വയസ് മാത്രമുളള ഇവരുടെ നാലാം പ്രസവമായിരുന്നു ഇത്. മുമ്പുണ്ടായ മുന്ന് ഗര്‍ഭങ്ങളും അലസിപ്പോവുകയായിരുന്നു. എട്ടാം മാസമായിരുന്നു പ്രസവം. മാസം തികയാതെ പ്രസവിച്ചതും കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നതായി ഡിഎംഒ പറഞ്ഞു.
ഗര്‍ഭിണിയായ മിനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം നടത്തിയിരുന്നെങ്കിലും വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കൃത്യമായി കോളനിയിലെത്തി ഇവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കാറുണ്ടായിരുന്നുവെന്നും ഡിഎംഒ പറഞ്ഞു.
അട്ടപ്പാടി ആദിവാസി കോളനിയില്‍ പോഷകാഹാരക്കുറവ് മൂലം നവജാത ശിശുക്കള്‍ മരിക്കുന്നത് തുടര്‍ക്കഥയായതിനു പിന്നാലെയാണ് നിലമ്പൂര്‍ ആദിവാസികോളനിയിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.