Malappuram
കൊണ്ടോട്ടി മേഖലയില്‍ പ്രകൃതി ദുരന്തത്തിന് സാധ്യത
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ 10,500 അടിയാക്കി നീളം കൂട്ടുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കെ പുതിയ വികസനത്തോടെ കൊണ്ടോട്ടി മേഖല പ്രകൃതി ദുരന്തത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പ്രദേശമായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
6000 അടിയുണ്ടായിരുന്ന റണ്‍ വേ 9000 അടിയാക്കി നീളം കൂട്ടുന്നതിന് കൊണ്ടോട്ടി മേഖലയിലെ 60ല്‍ അധികം കുന്നുകളാണ് ഇടിച്ചു നിരത്തിയത്. ടേബിള്‍ ടോപ് മാതൃകയിലുള്ള റണ്‍വേ 500 ല്‍ അധികം അടി ഉയരത്തില്‍ മണ്ണിട്ട് നികത്തി കാര്‍പെറ്റിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് അഞ്ച് വര്‍ഷത്തിലധികം വേണ്ടിവന്നു.
റണ്‍വേ വികസനത്തിനായി കുന്നുകള്‍ ഒന്നൊന്നായി ഇടിച്ചു നിരത്തിയത് പ്രകൃതി ദുരന്തത്തിന് കാരണമായി. മൊറയൂര്‍ ഉള്‍പ്പടെ പല ഭാഗങ്ങളിലും പാതി ഇടിച്ച് നിരത്തിയ കുന്നുകള്‍ അടര്‍ന്ന് വീണു വീടുകള്‍ തകരുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. മഴക്കാലത്ത് മണ്ണിടിച്ചില്‍ ഭീഷണിയെന്ന പോലെ കുന്നുകള്‍ പോയതോടെ വേനലില്‍ ഈ മേഖലയില്‍ കടുത്തചൂടും അനുഭവപ്പെടുന്നു. ഇതിന് പുറമെ കുടിവെള്ള ക്ഷാമവും രൂക്ഷമാക്കി. പുളിക്കല്‍, നെടിയിരുപ്പ്, പള്ളിക്കല്‍, ചെങ്ങാനി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുന്നിടിക്കല്‍ നടന്നത്. ഇവിടങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം പല വീട്ടുകാരുന്‍ താമസം മാറ്റി. വ്യാപകമായ കുന്നിടിക്കല്‍ കൊണ്ടോട്ടി മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയാക്കിയതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മേഖലയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വേനലില്‍ കടുത്ത ചൂട് അനുഭവപ്പെടുമ്പോള്‍ മഞ്ഞുകാലത്ത് മഞ്ഞും കുളിരും ഇവിടെ അന്യമാക്കപ്പെട്ടിരിക്കയാണ്. ഇനിയും കുന്നുകളിടിക്കപ്പെടുന്നത് പ്രദേശത്ത് ഭൂമി കുലുക്കത്തിന് സാധ്യത ഏറ്റുമെന്നും വിദഗ് ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഒന്നാം ഘട്ട റണ്‍വേ വികസനം പൂര്‍ത്തിയായപ്പോഴേക്കും 16 ജീവനുകളാണ് നഷ്ടമായത്. മണ്ണുമായി എത്തുന്ന ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലാണ് ഇത്രയും പേരുടെ വിലപ്പെട്ട ജീവനെടുത്തത്. ഇതിന് പുറമെ നിരവധി പേര്‍ക്ക് അംഗ വൈകല്യവും കടകള്‍ക്കും വീടുകല്‍ള്‍ക്കും നാശ നഷ്ടങ്ങളും സമ്മാനിച്ചു. ഹൈദരാബാദ് ആസ്ഥാനമായ “ഗായത്രി കണ്‍സ്ട്രക്ഷന്‍ കമ്പനി” യായിരുന്നു റണ്‍ വേ വികസനത്തിന്റെ കാരാറേറ്റെടുത്തിരുന്നത്. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ടിപ്പര്‍ ലോറികളുടെ പാച്ചില്‍ പൊടിജന്യ രോഗങ്ങള്‍ക്കും കാരണം റണ്‍വേക്ക് സമീപമുള്ള പല വീടുകളില്‍ നിന്നും വീട്ടുകാര്‍ ഒഴിഞ്ഞു പോയിരുന്നു.
ഇനിയുമൊരു റണ്‍വേ വികസനമെന്ന് കേള്‍ക്കുമ്പോഴേക്ക് ഈ പ്രദേശത്തെ ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളുടെ നെഞ്ചില്‍ തീയാണ് ഉയരുന്നത്. ജീവിതം ദുസ്സഹമാക്കി ഒരു വികസനം വേണ്ടെന്ന് അവര്‍ ഒറ്റക്കെട്ടായി പറയുന്നു.