Ongoing News
കരഞ്ഞു തേടേണ്ട ഉത്തരം
പരിപൂര്‍ണമായ ജീവിത സൗഖ്യമാണ് മനുഷ്യന്‍ പ്രതീക്ഷിക്കുന്നത്. ആത്മീയവും ശാരീരികവുമായ വികാസവും മോക്ഷവും നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ ദ്വിലോക ജീവിതം ഭാസുരമാക്കാന്‍ കഴിയും. ഭൗതിക ലോകവും പരലോക ജീവിതവും സന്‍മാര്‍ഗ സുരഭിലമാക്കിത്തരേണമേ എന്നാണ് നമ്മുടെ ദൈദനംദിന പ്രാര്‍ഥന. പ്രാര്‍ഥനയാണ് ജീവിതത്തിന്റെ ഇന്ധനം. ഇതിലൂടെ ഓരോ വിശ്വാസിയും കാംക്ഷിക്കുന്നത് ജീവിത വിജയവും അനശ്വരമായ സൗഖ്യവുമാണ്. അല്ലാഹുവിനെ തേടുന്ന ഹൃദയം സദാ പ്രാര്‍ഥനാനിരതമായിരിക്കും.
കരഞ്ഞു കലങ്ങിയ കണ്ണുമായി അല്ലാഹുവിനോട് ആരു പ്രാര്‍ഥിച്ചാലും അവന്‍ ഉത്തരം നല്‍കുമെന്നത് തീര്‍ച്ചയാണ്. രാത്രിയുടെ അര്‍ധയാമത്തില്‍ റബ്ബിനെ തേടുന്ന ഒരു മനസ്സ് കരഞ്ഞു യാചിച്ചാല്‍ ആ കണ്ണുകളെ നരകാഗ്നി സ്പര്‍ശിക്കുകയില്ലെന്ന് പ്രഖ്യാപിച്ചത് മുഹമ്മദുര്‍റസൂല്‍ (സ) യാണ്. പുനരുത്ഥാന നാളില്‍ അതിന്റെ ഉടമക്ക് അര്‍ശിന്റെ തണലേകുമെന്നും പ്രവചനമുണ്ട്. കരയുക എന്നത് വേദനയുടെയും വിഷാദത്തിന്റെയും ഭാഗം മാത്രമല്ല. ആനന്ദത്തിന്റെ അശ്രുക്കളും ആത്മ വിചാരത്തിന്റെ കണ്ണീര്‍ കണങ്ങളുമുണ്ട്. അതിനൊപ്പം തന്നെ റബ്ബിനെയും വരാനിരിക്കുന്ന ലോകത്തെയും ഓര്‍ത്ത് തപിക്കുന്ന ഹൃദയത്തിന്റെ ചുടുനിശ്വാസം കണ്ണീര്‍പെയ്ത്തായി തീരുന്നതുമുണ്ട്.
പാപമോചനത്തിന്റെ ദിനങ്ങളിലാണ് നാമുള്ളത്. ധര്‍മവിചാരങ്ങള്‍ വിനഷ്ടമാകുകയും പാപത്തിന്റെ കയത്തില്‍ ആഴ്ന്നിറങ്ങുകയും ചെയ്ത അഭിശപ്ത ഹൃദയങ്ങള്‍ക്ക് ഈ നാളുകള്‍ മാനസാന്തരത്തിന്റെ അസുലഭ ദിനങ്ങളാണ്. ഏത് പാപവും ദോഷവും ഈ അനുഗൃഹീത സുദിനങ്ങളില്‍ നാഥന്‍ പൊറുത്തു നല്‍കും. അല്ലാഹുവേ എന്റെ ദോഷം പൊറുക്കണേ ലോക രക്ഷിതാവേ എന്നാണ് റമസാന്റെ മധ്യത്തിലെത്തിയ നാം പ്രാര്‍ഥിക്കേണ്ടത്.
തപിക്കുന്ന ഹൃദയത്തോടെ കണ്ഠമിടറി നയനങ്ങള്‍ നിറതടങ്ങളാക്കി മനസ്സുരുകി പ്രാര്‍ഥിക്കുമ്പോഴാണ് നാം റബ്ബിലേക്കടുക്കുന്നത്. കരഞ്ഞു പ്രാര്‍ഥിക്കുക എന്നത് മഹാസിദ്ധി തന്നെയാണ്. സര്‍വവും അല്ലാഹുവില്‍ സമര്‍പ്പിച്ച് വിലപിക്കുക തന്നെ വേണം. പാപം പൊറുക്കാന്‍ ഇതനിവാര്യമാണ്. ഉപരിപ്ലവ വചനങ്ങളില്‍ നാവിനെ മെരുക്കി ഹൃദയത്തെ അലസമാക്കുന്ന ഒരാളുടെയും പ്രാര്‍ഥന അല്ലാഹു മുഖവിലക്കെടുക്കുകയില്ല എന്ന ചിന്തയും പ്രാര്‍ഥനയുടെ പ്രാരംഭത്തില്‍ അനിവാര്യമാണ്. പുണ്യ റസൂല്‍ (സ) കരഞ്ഞു പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അറിവനുഭവങ്ങളാണ് തിരുറസൂലിനെ കരയിപ്പിച്ചതെന്നു അവിടുന്നു തന്നെ പറഞ്ഞു തന്നിട്ടുണ്ട്. നിങ്ങള്‍ കുറച്ചു ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുക. പരിശുദ്ധ ഖുര്‍ആനും ആണയിടുന്നു. ആത്മാവിനെയും സൃഷ്ടികര്‍ത്താവിനെയും ഹൃദയം കൊണ്ടറിയണം. അപ്പോള്‍ തിരിച്ചറിവിന്റെയും അവബോധത്തിന്റെയും കണ്ണീര്‍ കണങ്ങള്‍ താനെ ഉതിര്‍ന്നുവീഴും. ഇത്തരം കരച്ചില്‍ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. “ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ ധാരാളം കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്‌തേനേ” എന്നാണ് നബി (സ) മൊഴിഞ്ഞത്.
പരദേശിയുടെ അഗാധമായ ആത്മനൊമ്പരമായിരിക്കണം നമുക്കുണ്ടാകേണ്ടത്.
കം ഖാതാഹെ
കം സോതേ ഹെ
ബഹുത് സ്‌യാദാ
ഹം രോതേഹെ
(ഞങ്ങള്‍ കുറച്ചു മാത്രം ഭക്ഷിക്കുകയും കുറച്ചു മാത്രം ഉറങ്ങുകയും ധാരാളം കരയുകയും ചെയ്യുന്നു)
കവിയുടെ ആത്മഗതമാണ് നമുക്കും വേണ്ടത്. പാപമോചനത്തന്റെ നാളുകള്‍ ആത്മനൊമ്പരത്തിന്റെ ദിവസങ്ങളാക്കി മാറ്റാന്‍ നമുക്കാകണം.