Ongoing News
വിശ്വാസിയുടെ കടത്തുവഞ്ചി
ഒരു മലഞ്ചെരുവില്‍ നബി (സ) ഇരിക്കുകയായിരുന്നു. പിറകില്‍ ഇബ്‌നു അബ്ബാസ്(റ)വുമുണ്ട്. നബി (സ) തദവസരം അദ്ദേഹത്തോട് പറഞ്ഞു: മോനേ, അല്ലാഹുവിനെ സ്മരിക്കുക. അവന്‍ നിന്നെ പരിപാലിക്കും. അല്ലാഹുവിനെ ഓര്‍ക്കുക. അവന്‍ നിന്നെ എല്ലായിടത്തും കാണും. നിന്റെ ഐശ്വര്യത്തില്‍ അല്ലാഹുവിന്റെ അവകാശങ്ങള്‍ കണ്ടറിയുക. ആപത്തില്‍ നിന്നെയവന്‍ കണ്ടറിഞ്ഞു സംരക്ഷിക്കും. നിനക്ക് ആവശ്യമുള്ളതെല്ലാം അല്ലാഹുവിനോട് ചോദിക്കുക. നിനക്ക് സഹായമാണ് വേണ്ടതെങ്കില്‍ അവന്‍ നിന്നെ സഹായിക്കും. അവനു മാത്രമേ നിന്നെ സഹായിക്കാന്‍ കഴിയൂ. കാരണം നിനക്ക് ഉപകാരം ചെയ്യാന്‍ ജനങ്ങള്‍ സംഘടിച്ചു വന്നാലും അവര്‍ക്കതിന് സാധിക്കില്ല. അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ അവര്‍ക്കു നിന്റെ മേല്‍ ഒരു സ്വാധീനവുമില്ലല്ലോ. ഇനി നിന്നെ ഉപദ്രവിക്കാനാണ് അവര്‍ തയ്യാറാകുന്നതെങ്കില്‍ പോലും അല്ലാഹു നിനക്കൊരു പോറല്‍ പോലും വരരുതെന്ന് ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കും നിന്നെ ഉപദ്രവിക്കാന്‍ കഴിയില്ല.
“ആകാശഭൂമികളുടെ സ്രഷ്ടാവും അന്നദാതാവുമായ അല്ലാഹുവിനെയല്ലാതെ മറ്റാരെ എങ്കിലും ഞാന്‍ രക്ഷകനായി വരിക്കണോ? മുസ്‌ലിം പറയുന്നു. ഇല്ല അല്ലാഹുവല്ലാതെ ഒരു രക്ഷകനും ഇല്ല. അവനുമാത്രം വിധേയനായിരിക്കുന്നതില്‍ മുമ്പിലെത്താന്‍ ആജ്ഞാപിക്കപ്പെട്ടവനാകുന്നു. ഞാനൊരു മുസ്‌ലിമാകുന്നു. (അല്‍ അന്‍ആം). അല്ലാഹുവിലുള്ള വിശ്വാസമാണ് ഒരു മുസ്‌ലിമിനു പരമ പ്രധാനം. ഭൗതികമെന്ന മഹാ സമുദ്രത്തിലൂടെ തുഴഞ്ഞു നീങ്ങി പരലോക മോക്ഷത്തിലേക്ക് എത്തിക്കുന്ന കടത്തുവഞ്ചിയാണ് വിശ്വാസം. വിശ്വാസം സുദൃഢമായ ഹൃദയം സദാ ഇലാഹീസ്‌നേഹത്തിന്റെ അനുഭൂതിദായകമായിരിക്കും. കാറ്റടിച്ചാലും കൊടുങ്കാറ്റടിച്ചാലും ആടിയുലയാത്ത വിശ്വാസം നെഞ്ചേറ്റിയ മുസ്‌ലിമിനു വിപല്‍സന്ധികളില്‍ നിര്‍ഭയം കരക്കണയാന്‍ കഴിയും. അചഞ്ചലമായ വിശ്വാസം പകര്‍ന്നു നല്‍കുന്നത് സുദൃഢമായ ഇലാഹീസ്‌നേഹമാണ്. സ്വന്തം ജീവിതത്തെ അല്ലാഹുവിനായി സമര്‍പ്പിക്കാന്‍ കഴിയുന്നതാണ് യഥാര്‍ഥ സനേഹം.
റാബിഅതുല്‍ അദവിയ്യ(റ) പറഞ്ഞു. “അല്ലാഹുവേ, ഞാന്‍ കാംക്ഷിക്കുന്നത് നിന്നെയാണ്. ഞാന്‍ സ്‌നേഹിച്ചത് നിന്നെയാണ്. സ്വര്‍ഗം തേടിയല്ല എന്റെ പലായനം. നിന്നെ തേടിയാണ് എന്റെ സഞ്ചാരം. എനിക്ക് സ്വര്‍ഗം വേണ്ട. നീയാകുന്ന പരമസത്യത്തിന്റെ പ്രകാശപ്പൊരുള്‍ മാത്രം മതി. നീയാണെന്റെ ലക്ഷ്യം . നിന്റെ പൊരുത്തമാണ് എന്റെ തേട്ടം”. നാം പ്രാര്‍ഥിക്കുന്ന വചനമാണിത്. ഒരു വിശ്വാസിയുടെ മനതാരില്‍ കുടികൊള്ളുന്ന സ്‌നേഹവികാരമാണിത്. നിഷ്‌കളങ്കവും നിഷ്‌കപടവുമായ ഇലാഹീ സ്‌നേഹമാണ് നമ്മുടെ ജീവിത്തിന്റെ കാതലെങ്കില്‍ പ്രതികൂലമായ ഏതവസ്ഥയെയും തരണം ചെയ്യാന്‍ നമുക്ക് സാധിക്കും.
സൂഫികളായ ദമ്പതികള്‍ ഒരു കടത്തുവഞ്ചിയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴ കടക്കാന്‍ ശ്രമിക്കുകയാണ്. ശക്തമായ ഒഴുക്കും കാറ്റും കടത്തുവഞ്ചിയെ കടന്നാക്രമിക്കുന്നുണ്ട്. മലവെള്ളപ്പാച്ചിലിന്റെ പ്രകമ്പനത്തില്‍ വഞ്ചി ആടിയുലയുകയാണ്.
“അതിശക്തമായ കുത്തൊഴുക്കില്‍ പെട്ടു ആടിയുലയുന്ന ഈ വഞ്ചിയിലെങ്ങനെയാണ് ഇത്ര ശക്തമായി ഇരിക്കാന്‍ നിനക്കു കഴിയുന്നത്” ? ഭാര്യയോട് ഭര്‍ത്താവ് ചോദിച്ചു. കലങ്ങിച്ചുവന്ന് ഒഴുകുന്ന പുഴയെ നോക്കി ശാന്തമായിരിക്കുന്ന ആ സാത്വിക ഭര്‍ത്താവിന്റെ ചോദ്യത്തിനുത്തരം പറയുന്നതിനു പകരം തന്റെ കൈവശമുണ്ടായിരുന്ന മൂര്‍ച്ചയേറിയ കത്തി ഭര്‍ത്താവിന്റെ കഴുത്തിനോട് ചേര്‍ത്തു പിടിച്ച് ഒരു മറുചോദ്യമാണ് ഉന്നയിച്ചത്. താങ്കള്‍ക്കു പേടിയുണ്ടോ ? ഇല്ല. ശാന്തനായി ഭര്‍ത്താവ് പറഞ്ഞു. എന്താണ് കാരണം. അവര്‍ വീണ്ടും ചോദ്യം ഉന്നയിച്ചു.
തദവസരം ഭര്‍ത്താവ് പറഞ്ഞു. എന്റെ കഴുത്തിനു ചേര്‍ത്തു കത്തി പിടിച്ചിരിക്കുന്നത് എന്നെ അഗാധമായി സ്‌നേഹിക്കുന്ന എന്റെ പ്രാണപ്രേയസിയാണ്. എന്റെ ഭാര്യയാണ്. അതുകൊണ്ട് തന്നെ എനിക്ക് തീരെ ഭയമില്ല.
അന്നേരം ഭാര്യ പറഞ്ഞു: ഇതു തന്നെയാണ് എന്നിലെ പ്രശാന്തതക്കു കാരണവും. എന്നെ സ്‌നേഹിക്കുന്ന ഞാനേറ്റവും വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന എന്റെ രക്ഷിതാവാണ് ഈ മലവെള്ളവും കലിതുള്ളുന്ന പുഴയെയും എനിക്കു നേരെ അഴിച്ചുവിട്ടിരിക്കുന്നത്. ഞാനെന്തിന് ഭയക്കണം.? തുടക്കവും ഒടുക്കവും നന്നായി അറിയുന്നവനാണവന്‍. വിശ്വാസികള്‍ക്ക് പാഠമാകേണ്ട ചരിത്രമാണിത്. കറകളഞ്ഞ ഇലാഹീവിശ്വാസവും സ്‌നേഹവും നെഞ്ചേറ്റിയ വിശ്വാസികള്‍ക്ക് പ്രതിസന്ധികളെ അവഗണിച്ച് മുന്നേറാന്‍ കഴിയും.