Connect with us

International

സ്‌നോഡെന് റഷ്യയില്‍ അഭയം

Published

|

Last Updated

മോസ്‌കോ: അമേരിക്ക വ്യാപകമായി ഫോണ്‍ ചോര്‍ത്തലുകള്‍ നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ എഡ്വേര്‍ഡ് സ്‌നോഡെന് റഷ്യ താത്കാലിക അഭയം നല്‍കി. ഇതോടെ ഒരു മാസത്തിലേറെ നീണ്ടുനിന്ന സ്‌നോഡെന്റെ വിമാനത്താവള ജീവിതത്തിന് അറുതിയായി. ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്കാണ് റഷ്യ താത്കാലിക അഭയം നല്‍കിയിട്ടുള്ളത്. താത്കാലിക അഭയം ലഭിച്ചതോടെ സ്‌നോഡെന്‍ ഷെര്‍മിത്തിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പോയതായാണ് വിവരം. എന്നാല്‍, ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കാന്‍ സ്‌നോഡെന്റെ അഭിഭാഷകന്‍ തയ്യാറായിട്ടില്ല,
സുരക്ഷിതമായ താവളത്തിലേക്കാണ് സ്‌നോഡെന്‍ പോയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കുച്ചേര്‍ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യയില്‍ പ്രവേശിക്കാനുള്ള രേഖകള്‍ ഷെര്‍മിത്തിയോണ്‍ വിമാനത്താവളത്തിലെ ട്രാന്‍സിസ്റ്റ് ഏരിയയില്‍ ലഭിക്കുകയായിരുന്നു. അഭയാര്‍ഥി പദവിയിലുള്ള രേഖകളാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയിലാണ് സ്‌നോഡെന്‍ പോയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
സ്‌നോഡെന് അഭയം നല്‍കാന്‍ തയ്യാറായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടേതുള്‍പ്പെടെയുള്ള മോസ്‌കോയിലെ ഏതെങ്കിലും എംബസിയിലേക്കല്ല സ്‌നോഡെന്‍ പോയതെന്നാണ് അഭിഭാഷകന്‍ പറയുന്നത്. വിക്കിലീക്‌സിന്റെ അഭിഭാഷകയാ സാറാ ഹാരിസണും സ്‌നോഡെനൊപ്പമുണ്ട്. സ്‌നോഡെനെ സഹായിച്ച റഷ്യന്‍ ജനതയോടും മറ്റെല്ലാവരോടും നന്ദി രേഖപ്പെടുത്തിയ വിക്കിലീക്‌സ്, യുദ്ധത്തില്‍ നമ്മള്‍ ജയിക്കുമെന്നും ട്വിറ്ററില്‍ രേഖപ്പെടുത്തി.
സ്‌നോഡെന് അഭയം നല്‍കാന്‍ തയ്യറായതോടെ അമേരിക്കയും റഷ്യയും തമ്മിലുള്ള ശീത സമരം ശക്തമാകുമെന്നുറപ്പാണ്. സ്‌നോഡെനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് നേരത്തെ റഷ്യക്ക് മേല്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്‌നോഡെനേക്കാള്‍ വലുത് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡമിര്‍ പുടിന് പറയേണ്ടിയും വന്നിരുന്നു.
യു എസ് ദേശീയ സുരക്ഷാ ഏജന്‍സി സ്വദേശികളുടേതുള്‍പ്പെടെ വ്യാപകമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പ്രിസം പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് എഡ്വേര്‍ഡ് സ്‌നോഡെന് രാജ്യം വിടേണ്ടി വന്നത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സ്‌നോഡെന് മേല്‍ യു എസ് ചുമത്തിയത്. അഭയം നല്‍കാതിരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മേല്‍ അമേരിക്ക വ്യാപകമായി സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. ഹോംഗ്‌കോംഗില്‍ നിന്ന് ജൂണ്‍ 23നാണ് സ്‌നോഡെന്‍ മോസ്‌കോയിലെത്തിയത്.