Connect with us

Sports

ഓഡി കപ്പ് ബയേണിന്

Published

|

Last Updated

മ്യൂണിക്: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് പ്രീ സീസണ്‍ ഓഡി കപ്പ് ടൂര്‍ണമെന്റില്‍ ജേതാക്കളായി. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ഇതില്‍ ആദ്യം മുന്നിലെത്തിയത് സിറ്റിയാണ്. പുതിയ സ്‌ട്രൈകകര്‍ അല്‍വാരെ നെഗ്രെഡോയിലൂടെ അറുപത്തൊന്നാം മിനുട്ടില്‍ ഇംഗ്ലീഷ് ക്ലബ്ബ് ഗര്‍ജിച്ചു. എന്നാല്‍, നാല് മിനുട്ടിനുള്ളില്‍ തോമസ് മുള്ളറുടെ പെനാല്‍റ്റി ഗോളില്‍ ബയേണ്‍ സമനില നേടി. സൂപ്പര്‍ സബ് മരിയോ മാന്‍ഡുകിച് എഴുപത്തിരണ്ടാം മിനുട്ടില്‍ ഹെഡര്‍ ഗോളില്‍ ബയേണിന് കിരീടമുറപ്പിച്ചു.
ഇരുടീമുകളും കരുത്തുറ്റ നിരയെ തന്നെയാണ് ഇറക്കിയത്. ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ ലൈനപ്പില്‍ ഗോളി മാനുവല്‍ ന്യുവര്‍, ഫിലിപ് ലാം, ഡാന്റെ, മാര്‍ട്ടിനെസ്, അലാബ, തിയാഗോ, ഷൈ്വന്‍സ്റ്റിഗര്‍, ടോണി ക്രൂസ്, ആര്യന്‍ റോബന്‍, ഫ്രാങ്ക് റിബറി, തോമസ് മുള്ളര്‍ എന്നിവരുണ്ടായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കാത്തത് കോസ്റ്റല്‍ പാന്റിലിമൊനാണ്. സബലെറ്റ, മരിയോ കൊംപാനി, ബൊയാറ്റ, ക്ലിചി, ഫെര്‍നാണ്ടീഞ്ഞോ, നസ്‌റി, മില്‍നര്‍, ബാരി, ജോവെറ്റിച്, നെഗ്രെഡോ എന്നിവര്‍ ആദ്യ ലൈനപ്പില്‍.
ബയേണ്‍ നിരയില്‍ റിബറി, മുള്ളര്‍, ഷൈ്വന്‍സ്റ്റിഗര്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇവര്‍ മുഴുവന്‍ സമയവും കളിച്ചു. റോബന് പകരം ഷാകിരിയും തിയാഗോക്ക് പകരം മാന്‍ഡുകിചും എത്തി. സിറ്റിക്കായി ടുറെ, നവാസ്, നെഗ്രെഡോ രണ്ടാം പകുതിയില്‍ ഇറങ്ങി.
പെപ് ഗോര്‍ഡിയോളയുടെ തന്ത്രങ്ങള്‍ പഠിച്ചിറങ്ങിയ ബയേണായിരുന്നു മത്സരം നിയന്ത്രിച്ചത്. ഫ്രാങ്ക് റിബറിയും ടോണി ക്രൂസും സിറ്റി ഗോളിയെ തുടക്കത്തില്‍ തന്നെ പരീക്ഷിച്ചു.
സ്വന്തം പകുതിയില്‍ പിടിച്ചു നില്‍ക്കാന്‍ സിറ്റി വിഷമിക്കുന്ന കാഴ്ചയായിരുന്നു. സെന്റര്‍ ബാക്കുകളായ കൊപാനിക്കും ബൊയാറ്റക്കും അധികം ദൂരെയല്ലാതെ തന്നെ ഗാരെത് ബാരി-ഫെര്‍ണാണ്ടീഞ്ഞോ മീഡിയോസിന് കളിക്കേണ്ട ഗതികേടായിരുന്നു.
സമീര്‍ നസ്‌റി വല്ലപ്പോഴും പന്തെടുത്ത് നെഗ്രെഡോക്ക് ലിങ്ക് ചെയ്യാന്‍ ശ്രമിച്ചു. പന്തെടുത്ത് ധൈര്യത്തോടെ കുതിക്കാന്‍ ശ്രമിച്ച ജോവെറ്റിക്കിനെയും ബയേണ്‍ വരിഞ്ഞുകെട്ടി.
ഒരു മെഷീന്‍ പോലെ തിയാഗോ, ക്രൂസ്, റോബന്‍, റിബറി ഒഴുക്കോടെ നീങ്ങിയത് ബാഴ്‌സയില്‍ ഗോര്‍ഡിയോള അവതരിപ്പിച്ച ടിക്കി ടാക്ക ബയേണ്‍ വശത്താക്കിയതിന് തെളിവായിരുന്നു.

നസ്‌റി-നെഗ്രെഡോ നീക്കമായിരുന്നു ബയേണിന് തലവേദനയായത്. ഇതിലൊന്നാണ് ഗോളായി മാറിയത്. ജാവി മാര്‍ട്ടിനെസിനെ ഓട്ടത്തില്‍ കീഴടക്കിയ നെഗ്രെഡോ ഗോളി ന്യുവറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പന്ത് വലയിലാക്കി.

മാന്‍ഡുകിചിന്റെ ഹെഡര്‍ ബോള്‍ കൈ കൊണ്ട് തൊട്ട സബലെറ്റയാണ് ബയേണിന് പെനാല്‍റ്റിയൊരുക്കിയത്. മുള്ളര്‍ അനായാസം ലക്ഷ്യം കണ്ടു. മുള്ളറുടെ ക്രോസില്‍ നിന്നാണ് മാന്‍ഡുകിചിന്റെ വിജയഗോള്‍.
ബയേണിന്റെ പ്രകടനത്തില്‍ കോച്ച് പെപ് ഗോര്‍ഡിയോള അതീവ തൃപ്തനാണ്. ആദ്യ പകുതി വളരെ മികച്ചതായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി മികച്ച ടീമാണ്. അവര്‍ക്കെതിരെ ഗോള്‍ നേടുക എളുപ്പമല്ല- ഗോര്‍ഡിയോള പറഞ്ഞു. അതു പോലെ, വലിയൊരു സീസണിന് തന്റെ ബയേണ്‍ നിര ഒരുങ്ങിയെന്നും ഗോര്‍ഡിയോള വ്യക്തമാക്കി.

Latest